ന്യൂഡല്‍ഹി : സമാജ്‌വാദി പാര്‍ട്ടി (എസ്പി) ലോക്‌സഭാംഗം ഡിംപിള്‍ യാദവ് മസ്ജിദിനുള്ളിൽ പ്രവേശിച്ചതിനെതിരെ ഇസ്ലാം പണ്ഡിതർ രംഗത്ത് . രാഷ്‌ട്രീയ യോഗത്തില്‍ പങ്കെടുക്കാനായാണ് ഡിമ്പിൾ യാദവ് മസ്ജിദിനുള്ളിൽ കയറിയത് . അഖിലേന്ത്യാ മുസ്ലിം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി ഡിമ്പിളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി . ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ പ്രവേശിച്ചതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
“ഡിംപിള്‍ യാദവ് തന്റെ വസ്ത്രധാരണത്തെക്കുറിച്ചും പള്ളിയുടെ പവിത്രതയെക്കുറിച്ചും ശ്രദ്ധാലുവായിരിക്കണമായിരുന്നു. ദുപ്പട്ടയില്ലാതെ പള്ളിയിൽ കയറി മുസ്ലീങ്ങളുടെ മതവികാരങ്ങളെ അപമാനിച്ചു ” മൗലാന റസ്വി പറഞ്ഞു.പള്ളി രാഷ്‌ട്രീയത്തിനല്ല, ആരാധനയ്‌ക്കുള്ള പുണ്യസ്ഥലമാണെന്നും ഡിംപിള്‍ യാദവും എസ്പി നേതൃത്വവും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തെ “ലജ്ജാകരം” എന്ന് വിശേഷിപ്പിച്ച മൗലാന റസ്വി, യോഗം സംഘടിപ്പിച്ച എസ്പി എംപി മൊഹിബുള്ള നദ്‌വിയെയും കുറ്റപ്പെടുത്തി. “ഒരു പള്ളിയെ ഇത്തരത്തിൽ അപമാനിച്ചതിന് മൊഹിബുള്ള സമൂഹത്തോട് മാപ്പ് പറയണം “ എന്നും മൗലാന റസ്വി പറഞ്ഞു. സ്വാമി പ്രസാദ് മൗര്യയെയും മൗലാന റസ്വി വിമർശിച്ചു.
‘ അദ്ദേഹം സനാതന ധർമ്മത്തെ നിരന്തരം അനാദരിക്കുന്നയാളാണ് . അദ്ദേഹം എസ്പിയിലായിരുന്നപ്പോൾ ഒരിക്കൽ രാമചരിതമാനസത്തിന്റെ ഒരു പകർപ്പ് കത്തിച്ചിരുന്നു. “ഞങ്ങളടക്കം പലരും അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു, പക്ഷേ അഖിലേഷ് യാദവ് അത് നിരസിച്ചു,” റാസ്വി പറഞ്ഞു.മറ്റ് മതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ സ്വാമി പ്രസാദ് മൗര്യ ആവർത്തിച്ച് നടത്തുന്നുണ്ടെന്നും രാഷ്‌ട്രീയ ചർച്ചകളിലെ അദ്ദേഹത്തിന്റെ സാന്നിധ്യം സാമുദായിക ഐക്യത്തിന് അപകടകരമാണെന്നും റാസ്വി പറഞ്ഞു.
















