ഇടുക്കി: പീരുമേട്ടില്‍ വനത്തില്‍ ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസ് നിഗമനം. ശരീരത്തിലെ പരിക്കുകള്‍ കാട്ടാന ആക്രമണത്തിലുണ്ടായതെന്നാണ് കണ്ടെത്തല്‍. വിശദ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്‌ക്കകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും
കാട്ടാന ആക്രമണത്തില്‍ അല്ല മരണം എന്നായിരുന്നു സീതയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. വിശദമായ റിപ്പോര്‍ട്ടും ഫോറന്‍സിക് സര്‍ജന്‍ പൊലീസിന് കൈമാറി. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ കാട്ടാന ആക്രമണമാണ് സീതയുടെ മരണകാരണമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കൊലപാതകത്തിന് കാരണമാകുന്ന പരിക്കുകള്‍ കാട്ടാന ആക്രമണത്തിലും ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ഡോക്ടറുടെയും സീതയുടെ ഭര്‍ത്താവ് ബിനുവിന്റെയും മക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. സ്ഥലത്ത് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കാട്ടാന സാന്നിധ്യം കണ്ടെത്തി.















