തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിവേണമെന്ന് ഡിജിപി. അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ചട്ടവിരുദ്ധ ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ട്രാക്ടര്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്. ചട്ടം ലംഘിച്ച് യാത്ര നടത്തിയ എഡിജിപിക്കെതിരെ നടപടി ഉണ്ടായില്ല. ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് ചരക്കുനീക്കത്തിന് മാത്രം ഉപയോഗിക്കുന്ന ട്രാക്ടറില്‍ 12-ാം തീയതി വൈകിട്ടാണ് എഡി ജി പി അജിത്കുമാര്‍ സഹായികളുമായിസന്നിധാനത്തേക്ക് പോയത്. ദര്‍ശനത്തിന് ശേഷം 13 ാം തീയതി അതേ ട്രാക്ടറില്‍ തിരികെ പമ്പയില്‍ മടങ്ങിയെത്തി. അപകടം ഉണ്ടാക്കുംവിധം യാത്ര നടത്തിയതിന്റെ ഉത്തരവാദിത്വവും ട്രാക്ടര്‍ ഡ്രൈവര്‍ക്കാണെന്നാണ് പൊലീസ് ഭാഷ്യം.
















