പാലക്കാട് : ആലത്തൂരില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പ്രദീപിനെ ആലത്തൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നു.തോണിപ്പാടം വാവുപള്ളിയാപുരം സ്വദേശി പ്രദീപിന്റെ ഭാര്യ നേഖ (24) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്നേ മരിച്ചിരുന്നു. അസ്വാഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.തുടര്‍ന്നാണ് ഭര്‍ത്താവ് പ്രദീപിനെ ആലത്തൂര്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശി മുന്‍ സൈനികന്‍ സുബ്രഹ്മണ്യന്റെ മകളാണ് മരിച്ച നേഖ.
നേഖയെ ഭര്‍ത്താവ് പ്രദീപ് നേരത്തെയും ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി ആരോപിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് നേഖയും പ്രദീപും തമ്മില്‍ വിവാഹം കഴിച്ചത്.
മകളുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടെന്ന് അമ്മ പറഞ്ഞു. കഴിഞ്ഞ രാത്രി ഫോണില്‍ സംസാരിച്ചപ്പോള്‍ നാളെ വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. എന്നാല്‍ രാത്രി 12 മണിയോടെ ഭര്‍ത്താവ് വിളിച്ച് നേഖ മരിച്ചെന്ന് പറഞ്ഞു. ആലത്തൂരിലെ ആശുപത്രിയില്‍ എത്തുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ എല്ലാം അഴിച്ചുമാറ്റിയ നിലയിലായിരുന്നു.
















