ഐക്യരാഷ്‌ട്രസഭ: മാനുഷിക പരിഗണനകൾ മുൻ നിർത്തി ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ഭാരതം ഐക്യ രാഷ്‌ട്രസഭയിൽ ആവശ്യപ്പെട്ടു. ഇടയ്‌ക്കിടെ ഉണ്ടാകുന്ന താൽക്കാലിക യുദ്ധ വിരാമങ്ങൾ പോരെന്ന് യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം സ്ഥാനപതി പാർവതനേനി ഹരീഷ് ഭാരത നിലപാട് പറഞ്ഞു.
ഗാസയിലെ ഇപ്പോഴത്തെ മാനുഷിക പ്രതിസന്ധിയിക്ക് ‘ഇടയ്‌ക്കിടെയുള്ള യുദ്ധ ഇടവേളകൾ’ പ്രദേശത്തെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തി പരിഹരിക്കാൻ ‘പര്യാപ്തമല്ല’ എന്ന് ഹരീഷ് പറഞ്ഞു. ‘പലസ്തീൻ പ്രശ്‌നവും മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് സ്ഥാനപതി ഹരീഷ് ഭാരത നിലപാട് വ്യക്തമാക്കിയത്.
‘ഗാസയിൽ ഇപ്പോഴുള്ള മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം നടക്കുന്നത്. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും രൂക്ഷമായ ക്ഷാമം, മെഡിക്കൽ സേവനങ്ങൾ അപര്യാപ്തമാണ്, വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നില്ല. പ്രതിദിനം ജനങ്ങൾ വലയുകയാണ്. ഈ മാനുഷിക വെല്ലുവിളികൾക്ക് ഇയ്‌ക്കിടെ ഉണ്ടാകുന്ന യുദ്ധ വിരാമങ്ങൾ പോരാ,’ തുറന്ന ചർച്ചയിൽ ഹരീഷ് പറഞ്ഞു.
















