കൊല്ലം: ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.സഹോദരന്‍ വിനോദ് ചിതയ്‌ക്ക് തീ കൊളുത്തി. കേരളപുരത്തെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നു.
അതിനിടെ, വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും മര്‍ദ്ദനമേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായത്. വിദേശത്തുള്ള ഭര്‍ത്താവ് നിതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം.സര്‍ക്കാരും കോണ്‍സുലേറ്റും അതിനായി ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാല്‍ ഷാര്‍ജയില്‍ നിയമ സാധുത ഇല്ല.
തിരുവനന്തപുരം ആര്‍ ഡി യുടെ പ്രത്യേക നിര്‍ദേശമനുസരിച്ച് തഹസില്‍ദാര്‍ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചു.
ജൂലായ് 8ന് രാത്രിയിലാണ് വിപഞ്ചികയെയും മകള്‍ ഒന്നരവയസുള്ള വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. വൈഭവിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദുബായില്‍ തന്നെ സംസ്‌കരിച്ചു.
















