ടെഹ്റാൻ : ആണവ പദ്ധതിയെക്കുറിച്ച് ഇറാൻ വീണ്ടും നിലപാട് വ്യക്തമാക്കി. കഴിഞ്ഞ മാസം യുഎസ് ആക്രമണങ്ങൾക്ക് ശേഷം ആണവ സ്ഥാപനങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ആണവ പദ്ധതി ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ യുറേനിയം സമ്പുഷ്ടീകരണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണെന്ന് അബ്ബാസ് അരഗ്ചി ഫോക്സ് ന്യൂസിനോട് പറഞ്ഞു. നമ്മുടെ സ്വന്തം ശാസ്ത്രജ്ഞരുടെ നേട്ടമായതിനാൽ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തിന്റെ അഭിമാനമാണിതെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുമായി ഇസ്താംബൂളിൽ ചർച്ച നടത്താൻ ഒരുങ്ങുന്നതിനിടെയാണ് അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവന. കൂടാതെ ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണെന്ന് തെളിയിക്കാൻ ഞങ്ങൾ തയ്യാറാണ് എന്ന് യുഎസുമായുള്ള ചർച്ചകളെക്കുറിച്ച് അരാഗ്ചി പറഞ്ഞു.
അതേസമയം ഇറാൻ 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടമാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ നില 90 ശതമാനത്തിലെത്തിയിരുന്നെങ്കിൽ ഇറാന് ഒരു ആണവ ബോംബ് നിർമ്മിക്കാൻ കഴിയുമായിരുന്നു.
















