ന്യൂദൽഹി : ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ജീവൻ ബലിയർപ്പിച്ച ധീരരായ പുത്രന്മാരിൽ ചന്ദ്രശേഖർ ആസാദിന്റെ പേര് പരമ പ്രധാനമാണ്. രാജ്യം ഇന്ന് അദ്ദേഹത്തിന്റെ ജൻമവാർഷികം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ചന്ദ്രശേഖർ തിവാരി എന്നായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം കാരണം അദ്ദേഹത്തിന് ചന്ദ്രശേഖർ ആസാദ് എന്ന് നാമം ലഭിച്ചു.
എവിടെയാണ് അദ്ദേഹം ജനിച്ചത് ?
1906 ജൂലൈ 23 ന് മധ്യപ്രദേശിലെ ഭാബ്ര ഗ്രാമത്തിലാണ് ചന്ദ്രശേഖർ ആസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബദാർക ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഗ്രാമം വിട്ട് ഭാവ്രയിലേക്ക് പോയ സീതാറാം തിവാരിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കുട്ടിക്കാലം മുതൽ തന്നെ അമ്പെയ്‌ത്തിൽ ചന്ദ്രശേഖർ ഏറെ പ്രാവീണ്യം നേടിയിരുന്നു
ആസാദ് ആയതിന്റെ കഥ
പഞ്ചാബിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നപ്പോൾ ചന്ദ്രശേഖർ ബനാറസിൽ വിദ്യാർത്ഥിയായിരുന്നു. ബ്രിട്ടീഷ് വെടിവയ്‌പിൽ നിരവധി നിരപരാധികളുടെ മരണം ചന്ദ്രശേഖറിന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ മനസിൽ വിപ്ലവത്തിന്റെ ജ്വാലയാണ് ജാലിയൻവാലാബാഗ് ജ്വലിപ്പിച്ചത്. തുടർന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാൻ അദ്ദേഹം തീരുമാനിക്കുകയും മഹാത്മാഗാന്ധിയുടെ പ്രസ്ഥാനത്തിൽ ചേരുകയുമായിരുന്നു.
പിന്നീട് 1921-ൽ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നതിന് ശേഷം ചന്ദ്രശേഖർ അറസ്റ്റിലായി. തുടർന്ന് അദ്ദേഹത്തെ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. ഇതിനിടയിൽ ചന്ദ്രശേഖറിനോട് പേര് ചോദിച്ചപ്പോൾ അദ്ദേഹം തന്റെ പേര് ആസാദ് എന്നാണ് പറഞ്ഞത്. പിതാവിന്റെ പേര് ചോദിച്ചപ്പോൾ അദ്ദേഹം തന്റെ പേര് സ്വതന്ത്രം എന്നും മറുപടി നൽകി.
ചന്ദ്രശേഖറിന്റെ ഈ മറുപടിയിൽ ദേഷ്യപ്പെട്ട ജഡ്ജി ആസാദിനെ 15 ചാട്ടവാറടി നൽകി ശിക്ഷിച്ചു. എന്നാൽ ചന്ദ്രശേഖർ ഈ ശിക്ഷ തെല്ലും ഭയമില്ലാതെ സ്വീകരിച്ചു. ഈ സംഭവത്തിനുശേഷം ആസാദിനെ ചന്ദ്രശേഖറിന്റെ പേരിനൊപ്പം ചേർക്കുകയായിരുന്നു.
















