ഭുവനേശ്വര്‍: 15 കാരിയായ അത്ലറ്റിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ഹോക്കി പരിശീലകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ജാജ്പൂരിലെ നേവല്‍ ടാറ്റ ഹോക്കി സ്റ്റേഡിയത്തിലെ പരിശീലകനായിരുന്ന സാര്‍ത്ഥക് മൊഹന്തി, കൂട്ടാളികളായ സന്ദീപ് സ്വെയ്ന്‍, സിദ്ധാര്‍ത്ഥ് റൗട്ട് എന്നിവരാണ് അറസ്റ്റിലായത്.
പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോള്‍ മൊഹന്തിയും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ആറ് മാസമായി ഹോക്കി പരിശീലകരില്‍ ഒരാള്‍ തന്റെ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ 16 ന് ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
















