കൊച്ചി: വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ ഒന്നിലധികം പേര്‍ക്ക് പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ യുവതി കൊച്ചിയില്‍ പിടിയില്‍. മലബാര്‍ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് എല്‍എല്‍പി കമ്പനി ഉടമയെന്ന് അവകാശപ്പെടുന്ന സാന്ദ്രയെയാണ് (24) തൃക്കാക്കര പോലീസ് പിടികൂടിയത്. ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്‌ക്കെടുത്ത ശേഷം പണയത്തിനു നല്‍കാമെന്ന് പരസ്യം നല്‍കുകയാണ് സംഘം ചെയ്യുന്നത്. പരസ്യം കണ്ട് എത്തുന്നവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി പണയ കരാറുണ്ടാക്കും. ഇത്തരത്തില്‍ കാക്കനാട്ടെ ഒരു ഫ്‌ളാറ്റ് മൂന്നുപേര്‍ക്ക് പണയംവച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് സാന്ദ്രയെ അറസ്റ്റു ചെയ്തത്.
കേസില്‍ തട്ടിപ്പു സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ മിന്റു കെ.മാണി നേരത്തേ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ആശയ്‌ക്കായി പോലീസ് തെരച്ചിലിലാണ്. ഇവര്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
















