തിരുവനന്തപുരം:അഭിഭാഷകനാണെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ലെന്നും സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ലെന്നും യെമനില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം. കൂടിക്കാഴ്ചകള്‍ നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങളോടാണ് സാമുവല്‍ ജെറോം പ്രതികരിച്ചത്. പ്രതികരിച്ച് തലാലിനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നില്ലെന്നും സാമുവല്‍ ജെറോം വ്യക്തമാക്കി.
സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്‍ ഫേസ്ബുക്കിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണ്.ഇയാള്‍ ഇതുവരെ ചര്‍ച്ചകള്‍ക്കായി തങ്ങളെ കണ്ടിട്ടില്ലെന്നും തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മെഹ്ദി ആരോപിച്ചു. അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്‍ സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ലെന്നും മഹ്ദി പറഞ്ഞു.പലയിടത്ത് നിന്നും സാമുവല്‍ ജെറോം പണം പിരിക്കുന്നു.
നിമിഷ പ്രിയയുടെ വധ ശിക്ഷ ശരിവച്ച പ്രസിഡന്റിന്റെ ഉത്തരവിന് ശേഷം ജെറോമിനെ സനയില്‍ വച്ച് കണ്ടപ്പോള്‍ സന്തോഷം നിറഞ്ഞ മുഖത്തോടെ തങ്ങളെ അഭിനന്ദിക്കുകയാണ് ഉണ്ടായത്. വാര്‍ത്തകളില്‍ നിന്നറിഞ്ഞത് ദയാ ധനമായി 12000 ഡോളര്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും അത് പിരിക്കുകയാണെന്നുമാണ്. മധ്യസ്ഥത എന്ന പേരില്‍ ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്യുകയാണ് സാമുവല്‍ ജെറോം ചെയ്തത്. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം ഒരിക്കല്‍ പോലും തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റില്‍ പറയുന്നു.
















