ജവഹര്‍ നവോദയ വിദ്യാലയങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി സര്‍ക്കാരാണ് ഗ്രാമീണ മേഖലയില്‍ നിന്നുള്ള മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു നവോദയ വിദ്യാലയം എന്ന പദ്ധതി ആവിഷ്‌കരിച്ചത്. പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 14 നവോദയ വിദ്യാലയങ്ങള്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. നവോദയ വിദ്യാലയങ്ങളെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന, ആധുനികമായ ഭൗതിക അടിസ്ഥാന സൗകര്യങ്ങളും മികച്ച പഠനാനുഭവങ്ങളും ലഭ്യമാക്കുന്ന 14500 ലധികം മാതൃകാ വിദ്യാലയങ്ങള്‍ ഭാരതത്തിലെമ്പാടും ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയിട്ടാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, PM SHRI (PM Ministers Schools for Rising India) പദ്ധതി, 2022 സെപ്തം ബര്‍ 7 ന്, നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ചത്.
കേരളത്തില്‍ പി. എം. ശ്രീ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി നടത്തിയ സമരപരമ്പരകളെ തുടര്‍ന്നാണ് പൊതുസമൂഹത്തില്‍ ഈ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി തുടങ്ങിയത്. എന്നാല്‍ ഇപ്പോഴും ഈ പദ്ധതി, കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കാന്‍ പോകുന്ന സമൂലമായ പരിവര്‍ത്തനത്തെക്കുറിച്ചോ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന വ്യത്യസ്തങ്ങളായ പഠന സാധ്യതകളെക്കുറിച്ചോ വസ്തുനിഷ്ഠമായ ചര്‍ച്ചകള്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ അവസരത്തില്‍ ഈ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്.
ഓരോ ബ്ലോക്കില്‍ നിന്നും പരമാവധി രണ്ട് സ്‌കൂളുകളെ (ഒരു എലിമെന്ററി & ഒരു സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി) തിരഞ്ഞെടുത്ത് കൊണ്ട് അവയെ ഗുണപരമായി ശക്തിപ്പെടുത്തി, 2020 ലെ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന വിധത്തില്‍ മാതൃക വിദ്യാലയങ്ങളാക്കി ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. ഭാരതത്തിലെമ്പാടും 14500 ലധികം സ്‌കൂളുകളെ ഇത്തരത്തില്‍ മാതൃകാ വിദ്യാലയങ്ങള്‍ ആക്കി മാറ്റുവാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതിയുടെ ആകെ ചെലവ് 5 വര്‍ഷത്തേക്ക് 27360 കോടി രൂപയാണ്. മൊത്തം കേന്ദ്ര വിഹിതം 18,128 കോടി രൂപയും സംസ്ഥാന വിഹിതം 5 വര്‍ഷത്തേക്ക് 9,232 കോടി രൂപയുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളും (ജമ്മു കശ്മീര്‍ ഒഴികെ) തമ്മില്‍ 60:40 എന്ന അനുപാതത്തിലാണ് ഫണ്ടിംഗ് പാറ്റേണ്‍. അതായത് പദ്ധതി ചെലവിന്റെ 60% കേന്ദ്രസര്‍ക്കാരും ബാക്കി 40% സംസ്ഥാന സര്‍ക്കാരും വഹിക്കണം. വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തിനും 90 (കേന്ദ്രം): 10 (സംസ്ഥാനം) എന്ന അനുപാതത്തിലും നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 100% എന്ന അനുപാതത്തിലുമാണ് പങ്കിടല്‍ പാറ്റേണ്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ കാലാവധി 2022-23 മുതല്‍ 2026-27 വരെയാണ്. അതിനുശേഷം ഈ സ്‌കൂളുകള്‍ നേടിയ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തി തുടരേണ്ടത് സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമായിരിക്കും.
UDISE+ കോഡ് ഉള്ള കേന്ദ്ര/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന എലിമെന്ററി സ്‌കൂളുകള്‍, സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയ്‌ക്ക് ഈ പദ്ധതിയ്‌ക്കായി അപേക്ഷിക്കാനാകും. കൃത്യമായ സമയപരിധികളുള്ള മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഈ പദ്ധതിയില്‍ അര്‍ഹരായ സ്‌കൂളുകളെ തിരഞ്ഞെടുക്കുക. സ്വന്തമായി കെട്ടിടം, തടസ്സരഹിതമായ പ്രവേശന മാര്‍ഗം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സംവിധാനം, കുടിവെള്ള സൗകര്യം, പ്രവര്‍ത്തനക്ഷമമായ വൈദ്യുതി വിതരണം, ലൈബ്രറി/സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍, സംസ്ഥാന ശരാശരിയെക്കാള്‍ കൂടിയ വിദ്യാര്‍ത്ഥി പ്രവേശനം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള എല്ലാ സ്‌കൂളുകള്‍ക്കും ഈ പദ്ധതിക്കായി അപേക്ഷിക്കുവാന്‍ സാധിക്കും.
ലക്ഷ്യങ്ങള്‍
തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ഇന്റഗ്രേറ്റഡ് സയന്‍സ് ലാബുകള്‍, വൊക്കേഷണല്‍ ലാബുകള്‍/സ്‌കില്‍ ലാബുകള്‍, അടല്‍ ടിങ്കറിംഗ് ലാബുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ലഭിക്കും. പരിസ്ഥിതി സൗഹൃദ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സോളാര്‍ പാനലുകള്‍, എല്‍ഇഡി ലൈറ്റിംഗ് എന്നിവയിലൂടെ ‘കാര്‍ബണ്‍ ഫുട്ട്പ്രിന്റ്’ കുറയ്‌ക്കല്‍, മാലിന്യ സംസ്‌കരണം, ലഭ്യമായ ഓപ്ഷനുകള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് മാറ്റി സ്ഥാപിക്കല്‍, ജല സംരക്ഷണം, മഴവെള്ള സംഭരണം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കും. പ്രാദേശികമായി ലഭിക്കുന്നതും സുസ്ഥിരവുമായ വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച യൂണിഫോം ധരിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ജൈവ പരിസ്ഥിതി സൗഹൃദ ജീവിതശൈലി സ്വീകരിക്കുക എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഓരോ വിദ്യാര്‍ത്ഥിയുടെയും പഠന ഫലങ്ങള്‍ ട്രാക്ക് ചെയ്യുകയും 21-ാം നൂറ്റാണ്ടിലെ ആശയവിനിമയ വൈദഗ്‌ദ്ധ്യം, സഹകരണം, വിമര്‍ശനാത്മക ചിന്ത എന്നിവയുള്ള മികച്ച വ്യക്തിത്വങ്ങളാക്കി അവരെ വളര്‍ത്തിയെടുക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഓരോ സ്‌കൂളും കൈവരിക്കേണ്ട പ്രാവീണ്യത്തിന്റെ നിലവാരം സൂചിപ്പിക്കുന്ന ഒരു സ്‌കൂള്‍ ഗുണനിലവാര വിലയിരുത്തല്‍ ചട്ടക്കൂട് (SQAF) ഈ പദ്ധതിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി സമഗ്രമായ ICT അധിഷ്ഠിത ട്രാക്കിംഗ്, മോണിറ്ററിംഗ്, വിലയിരുത്തല്‍ സംവിധാനവും ഈ പദ്ധതിയിലുണ്ട്.അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും, ഗ്രേഡ് 3 മുതല്‍ എല്ലാ കുട്ടികളും നേടിയെടുക്കുക,
കുറഞ്ഞത് 5 ക്ലാസ് വരെ മാതൃഭാഷയിലൂടെ പഠിപ്പിക്കുക, സാധ്യമാകുന്നിടത്തോളം, എല്ലാ പഠന സാമഗ്രികളും മാതൃഭാഷയിലാക്കുക, അക്കാദമിക് മേഖലയെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധിപ്പിക്കുന്നതിലൂടെ കുട്ടികളെ അവരുടെ അവകാശങ്ങള്‍, കടമകള്‍, മൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക,
പാഠ്യപദ്ധതിയില്‍ ഭാരതീയ വിജ്ഞാന സംവിധാനങ്ങളുടെയും അപ്രത്യക്ഷമാകുന്ന പ്രാ
ദേശിക പാരമ്പര്യങ്ങളുടെയും സംയോജനം സാധ്യമാക്കുക, വൊക്കേഷണല്‍/നൈപുണ്യം, ഐടി കഴിവുകള്‍, കോഡിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഓരോ കുട്ടിയും കുറഞ്ഞത് ഒരു വൈദഗ്ധ്യമെങ്കിലും നേടുക, വിദ്യാര്‍ത്ഥികള്‍ക്ക് മനഃശാസ്ത്രപരവും കരിയര്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും കൗണ്‍സിലിംഗും. ലഭ്യമാക്കുക എന്നിവയും ഈ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്.
നേട്ടങ്ങള്‍
കേരളം, പി. എം. ശ്രീ പദ്ധതിയുടെ ഭാഗമായാല്‍ നമ്മുടെ സംസ്ഥാനത്തെ 304 സ്‌കൂളുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടും. കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണണത്തിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നും നവോദയ വിദ്യാലയങ്ങളില്‍ നിന്നും വിഭിന്നമായി, കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടു കൂടി, സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ കൂടി മെച്ചപ്പെടുത്തുവാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് സംസ്ഥാന സര്‍ക്കാരിന് കൈവന്നിട്ടുള്ളത്. എന്നാല്‍ അന്ധമായ രാഷ്‌ട്രീയ വിരോധത്തിന്റെ പേരിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടുവര്‍ഷം മുന്നേ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍, ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് കോഴ്‌സുകള്‍ ആരംഭിച്ച കേരളം, പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടു കൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാകില്ല എന്നു വാദിക്കുന്നത് വളരെ ബാലിശമാണ്.
2025 ഏപ്രില്‍ 18ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വര പ്രസാദിന്റെ നേതൃത്വത്തില്‍ എബിവിപി പ്രതിനിധി സംഘം, കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ നേരില്‍ കണ്ട്, കേരളവും പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി ഒപ്പുവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നല്‍കിയതാണ്. ചില ഘടകകക്ഷികള്‍ എതിര്‍ക്കുന്നുണ്ടെന്നും അവരെ വിശ്വാസത്തിലെടുത്തു കൊണ്ട് എത്രയും വേഗം കേരളവും ആ പദ്ധതിയുടെ ഭാഗമാകാന്‍ ശ്രമിക്കുമെന്നാണ് അന്ന് മന്ത്രി മറുപടി നല്‍കിയത്. രണ്ടുമാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ്, ജൂണ്‍ 17ന് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമരം ശക്തമാക്കുമെന്ന് എബിവിപി പ്രഖ്യാപിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെ, പാര്‍ട്ടിക്കാരെ ഇറക്കി എബിവിപി സംസ്ഥാന സെക്രട്ടറിയെ കായികമായി ആക്രമിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതിന് കേരളം സാക്ഷിയാണ്. പിന്നീട് വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗത്തില്‍, മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അവരുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തപ്പോള്‍, കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനുവേണ്ടി ‘പി. എം. ശ്രീ’ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിടാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട ഏക വിദ്യാര്‍ഥി സംഘടന എബിവിപി ആണ്.
കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖല നിലവില്‍ അത്യന്തം സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. കുട്ടികളുടെ ഉച്ചഭക്ഷണം, പ്രധാന അധ്യാപകന്റെ ബാധ്യതയായി മാറുന്ന വാര്‍ത്തകള്‍ നമ്മുടെ മുന്നിലുണ്ട്. എസ്.സി/എസ്.ടി കുട്ടികള്‍ക്ക് ഉള്‍പ്പെടെ സൗജന്യമായി നല്‍കിയിരുന്ന സ്‌കൂള്‍ യൂണിഫോമുകള്‍ കൃത്യമായി വിതരണം ചെയ്യപ്പെടുന്നില്ല. മൂന്നുമാസം കൂടുമ്പോള്‍ നടക്കുന്ന അധ്യാപക പരിശീലനങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഇത്തരം ദുരവസ്ഥകളിലൂടെ കടന്നു പോകുമ്പോഴാണ് അന്ധമായ രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തില്‍ ലഭിക്കേണ്ട പി.എം. ശ്രീ പദ്ധതിയുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത്. അന്ധമായ രാഷ്‌ട്രീയ വൈരം വെടിഞ്ഞ്, കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിക്കുവേണ്ടി പി.എം. ശ്രീ പദ്ധതിയുടെ ഭാഗമാകുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അതിന് ഒരു സമ്മര്‍ദ്ദശക്തിയായി മാറുവാന്‍ രക്ഷകര്‍തൃ സമൂഹവും പൊതുസമൂഹവും മുന്നോട്ടു വരണം.
















