തിരുവനന്തപുരം: വിതുരയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്.
17 മിനിറ്റ് വാഹനം തടഞ്ഞെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. വിതുര മണലി സ്വദേശി ബിനു ആണ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് മരിച്ചത്
അത്യാഹിത വിഭാഗത്തില്‍ വന്ന രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ അനുവദിക്കാതെ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു.മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉളളവരുടെ ഡൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തു. ഹോസ്പിറ്റല്‍ ആക്ട് കണക്കിലെടുത്ത് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
പ്രാഥമിക ചികിത്സയ്‌ക്കുശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കവെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഉണ്ടായത്. ആംബുലന്‍സിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെയാണ് പ്രതിഷേധം.
രോഗിയെ കയറ്റാന്‍ സമ്മതിക്കാതെ 20 മിനിട്ടോളം ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പ്രതിഷേധമുയര്‍ത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധം കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിന് പിന്നാലെ രോഗി മരിച്ചു.
















