ന്യൂദല്‍ഹി: ഇന്ത്യ സ്വതന്ത്രമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഒരു ബാഹ്യശക്തിയുടെയും സ്വാധീനം അതിലില്ലെന്നും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും മറ്റ് രൂപങ്ങളില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഡിഫന്‍സ് എസ്റ്റേറ്റ്‌സ് സര്‍വീസിന്റെ പുതിയ ബാച്ചിലെ ഓഫീസര്‍ ട്രെയിനികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്‌ദേഹം. ‘നമ്മള്‍ നമ്മളുടെ പാഠം പഠിപ്പിച്ചു, അതും നന്നായി പഠിപ്പിച്ചു, ബഹാവല്‍പൂരും മുറിദ്‌കെയും തിരഞ്ഞെടുത്തു, തുടര്‍ന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ചു.’
ബുദ്ധന്‍, മഹാവീര്‍, ഗാന്ധി എന്നിവരുടെ തത്ത്വചിന്തകളില്‍ വേരൂന്നിയ സമാധാനപരവും അഹിംസാത്മകവുമായ ഒരു രാഷ്‌ട്രമാണ് ഇന്ത്യയെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. ‘ജീവികളെപ്പോലും കൊല്ലാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. ആ നിലയ്‌ക്ക് നമുക്ക് എങ്ങനെ മനുഷ്യരെ ലക്ഷ്യമിടാന്‍ കഴിയും? അദേ്ദഹം പറഞ്ഞു.















