മട്ടാഞ്ചേരി: നാലര നൂറ്റാണ്ടിന്റെ ചരിത്രവുമായി ചുമര്‍ചിത്രകലയുടെ അവിസ്മരണീയ കാഴ്ചയൊരുക്കി മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണ ചുമര്‍ചിത്രം. പുരാണ കഥാവിഷ്‌കാരങ്ങളുടെ നേര്‍ക്കാഴ്ചയാകുന്ന രാമായണ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയവും ചരിത്രവുമായി മാറുകയാണ്. മട്ടാഞ്ചേരി കൊട്ടാരത്തെ യുനെസ്‌കോ പരിഗണന പട്ടികയിലിടം നേടാന്‍ സഹായിച്ചതില്‍ പൗരാണിക ചുമര്‍ ചിത്രരചനകള്‍ക്ക് മുന്തിയ പങ്കാണുള്ളത്. കൊച്ചി രാജാക്കന്മാരുടെ ദേശഭരണകാലത്തെ ഈ ചിത്രകല ഉപാസകര്‍ക്കുള്ള പ്രോത്സാഹനമാണെന്നാണ് വിലയിരുത്തല്‍.
പതിനേഴാം നൂറ്റാണ്ടില്‍ കൊട്ടാരത്തിലെ ദര്‍ബാറിന് സമീപം രാജാധികാര കിരീടധാരണ ഹാളില്‍ വരച്ച ചുമര്‍ചിത്ര രാമായണ കഥാവിഷ്‌കാരം കേരളത്തിലെ സംരക്ഷിത ചിത്രരചനകളിലൊന്നാണ്. ഇലച്ചാര്‍ വര്‍ണങ്ങളാലുള്ള രാമായണ ചിത്രരചനകള്‍ ആയിരം ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. രാമായണ കഥാവിഷ്‌കാരങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്ന ഈ ചുമര്‍ചിത്രങ്ങള്‍ ചരിത്രപരമായും ദൃശ്യവിസ്മയത്താലും ഏറെ പ്രശസ്തമാണ്. കൊട്ടാര ചിത്രം എന്നാണ് കൊച്ചി മട്ടാഞ്ചേരിയിലെ കൊട്ടാരക്കാഴ്ചകളെ വിശേഷിപ്പിക്കുന്നത്. 1557ല്‍ തകര്‍ന്ന കൊട്ടാരം 1650 കളില്‍ ഡച്ചുകാര്‍ പുനര്‍നിര്‍മിച്ച് കൊച്ചി രാജവംശത്തിന് കൈമാറിയെന്നും 1660കളില്‍ പ്രകൃതിദത്ത കൂട്ടുകളുടെ നിറച്ചാര്‍ത്തില്‍ രാജാക്കന്മാര്‍ രചിച്ചതാണിവയെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ദശരഥ മഹാരാജാവ് പുത്രകാമേഷ്ടിക്കായി ദേവതകളോട് പ്രാര്‍ത്ഥിക്കുന്നത് മുതല്‍ രാമലക്ഷ്മണ- ഭരത-ശത്രുഘ്‌ന ജനനം, രാക്ഷസ നിഷ്‌കാസനം, സീതാസ്വയംവരം, വനവാസം, സീതാപഹരണം, ഹനുമാന്‍ കൂടിക്കാഴ്ച, അശോകവാടി, ലങ്കാദഹനം, വിഭീഷണ സംവാദം, രാവണവധം, സീതാസമേത രാമലക്ഷ്മണ അയോദ്ധ്യാ പ്രവേശനം വരെയായി 48 ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങള്‍ക്കും അലംകൃതമായുള്ള അതിര്‍വരമ്പുകളുമുണ്ട്. രാജഭരണ കാലഘട്ടത്തെ ക്ഷേത്ര കലാരചനകളുടെ ശൈലിയിലാണ് ചുമര്‍ ചിത്രം രചിച്ചിരിക്കുന്നത്. 1951 മുതല്‍ കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണ ചുമര്‍ ചിത്രങ്ങള്‍ ഭാരത പൗരാണികതയുടെ ആവിഷ്‌കാരമായി ശ്രദ്ധ നേടുകയാണ്.
എസ്. കൃഷ്ണകുമാര്‍
















