കൊല്ലം : വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറത്തിറങ്ങി.എസ് സുജയെ സസ്‌പെന്‍ഡ് ചെയ്തുളള ഉത്തരവ് സ്‌കൂള്‍ മാനേജരാണ് ഇറക്കിയത്.
വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്‌ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു.അപകടത്തില്‍ ഉപവിദ്യാഭ്യാസ ഡയറക്ടര്‍, സ്‌കൂള്‍ മാനേജ്‌മെന്റ്, പ്രധാനാധ്യാപിക എന്നിവരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നല്‍കിയത്.
സ്‌കൂളില്‍ അപകടാവസ്ഥയില്‍ സൈക്കിള്‍ ഷെഡിന് മുകളിലായി വൈദ്യുതി കമ്പികള്‍ താഴ്ന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.സ്‌കൂള്‍ അധികൃതര്‍ പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്നും സ്‌കൂളില്‍ പരിശോധനയ്‌ക്ക് പോയ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അനധികൃത നിര്‍മ്മാണമായിട്ടും തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ പ്രധാനാധ്യാപികയും ശ്രമിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
















