സ്വാതന്ത്ര്യം, ബഹുമുഖ സൗകര്യങ്ങള്‍, ലളിതമായ സാങ്കേതിക വിദ്യ എന്നിവ വാഗ്ദാനം ചെയ്യുന്ന ആപ്പ് അധിഷ്ഠിത റൈഡ്-ഹെയ്ലിങ് പ്ലാറ്റ്ഫോമുകളിലേക്ക് (ടാക്‌സി സേവനത്തിനു
ള്ള ആധുനിക സാങ്കേതിക സംവിധാനങ്ങള്‍) ദശലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ സമീപ കാലത്ത് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, വര്‍ദ്ധിച്ചുവരുന്ന കമ്മീഷന്‍ നിരക്കുകള്‍, അവ്യക്തമായ നയങ്ങള്‍, ഏകപക്ഷീയമായ സസ്പെന്‍ഷനുകള്‍, സംരക്ഷണത്തിന്റെ അഭാവം എന്നിവ മൂലം ഈ രംഗത്തെ പലരും നിരാശരാണ്. ഭാരതത്തിലുടനീളം ഓണ്‍ലൈന്‍ ഗതാഗത സേവന രംഗത്തുള്ള മൂന്ന് ദശലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ നേരിടുന്ന ഈ വെല്ലുവിളികള്‍ സമഗ്രവും പ്രായോഗികവുമായ നിയന്ത്രണത്തിന്റെ അടിയന്തര ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നു.
ഇതിന് പരിഹാരമെന്നോണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാര്‍ശനിക നേതൃത്വത്തിലും നിതിന്‍ ഗഡ്കരിയുടെ മാര്‍ഗനിര്‍ദ്ദേശത്തിലും, കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം 1988 ലെ മോട്ടോര്‍ വാഹന നിയമത്തിന് കീഴില്‍, ‘മോട്ടോര്‍ വാഹന അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, 2020’ പുറത്തിറക്കി. റൈഡ്-ഹെയ്ലിങ് വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക് ആക്കം പകരുന്ന അഗ്രഗേറ്റര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനും മേല്‍നോട്ടം വഹിക്കാനും സംസ്ഥാന സര്‍ക്കാരുകളെ അധികാരപ്പെടുത്തുന്ന നിയന്ത്രണ ചട്ടക്കൂട് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സുരക്ഷ, നീതി, ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാരിലും യാത്രക്കാരിലും വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ കണക്കിലെടുത്താണ്, ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം ഇപ്പോള്‍ മോട്ടോര്‍ വാഹന അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, 2025 അവതരിപ്പിച്ചിരിക്കുന്നത് : ഇന്ത്യയുടെ ഡിജിറ്റല്‍ ഗതാഗത ആവാസവ്യവസ്ഥയുടെ ഘടന, സംരക്ഷണം, ശാക്തീകരണം എന്നിവ മുന്‍നിര്‍ത്തിയുള്ള ആധുനികവും സുപ്രധാനവുമായ നയ സമീപനമാണിത്.
1988 ലെ മോട്ടോര്‍ വാഹന നിയമത്തിന്റെ നിയമദത്തമായ അടിത്തറയില്‍ സൃഷ്ടിക്കപ്പെട്ട ഈ മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ, ഓല, ഉബര്‍, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത ഗതാഗത സേവനദാതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. സര്‍വ്വോപരി, ഭരണഘടനാപരമായ ബാധ്യതകളും കോടതി നിര്‍ദ്ദേശങ്ങളും പാലിക്കുന്നതിനും, ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ന്യായമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനും ശ്രമിക്കും.
ഡ്രൈവര്‍മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്നതാണ് 2025 ലെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ശ്രദ്ധേയ വശം. അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാര്‍ കാലാകാലമായി, കുറഞ്ഞ വരുമാനം, ഏകപക്ഷീയമായ പിരിച്ചുവിടല്‍, ഇന്‍ഷുറന്‍സിന്റെ അഭാവം, നിയമപരമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവം എന്നിവ മൂലം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. പുതിയ നിയമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ വ്യവസ്ഥാപരമായ പരിമിതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു.
തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ഉള്‍പ്പടെ, ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ നേരിടുന്ന വരുമാനത്തിലെ ചാഞ്ചാട്ടം ഈ നീക്കത്തിലൂടെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഓരോ അഗ്രഗേറ്ററും കുറഞ്ഞത് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ടേം ഇന്‍ഷുറന്‍സും നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഈ സംരക്ഷണങ്ങള്‍ ഗിഗ് തൊഴിലാളികളെ ഔപചാരിക തൊഴില്‍ഘടനയിലേക്ക് ആനയിക്കുന്നു. ആപ്പ് ഉപയോഗം, അടിയന്തര പ്രതികരണം, റോഡ് സുരക്ഷ, ഗതാഗത നിയമങ്ങള്‍, ലിംഗ സംവേദനക്ഷമത, ദിവ്യാംഗ അവബോധം, ഉപഭോക്തൃ ഇടപെടല്‍, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ കാര്യങ്ങളിലെ 40 മണിക്കൂര്‍ പ്രവേശന പ്രോഗ്രാം ഉള്‍പ്പെടെയുള്ള ആനുകാലിക പരിശീലനവും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. ഗതാഗത മേഖലയിലെ ഭാവി വെല്ലുവിളികള്‍ നേരിടാന്‍ ഇത് അവരെ മികച്ച രീതിയില്‍ സജ്ജരാക്കും.
യാത്രക്കാരെ സംബന്ധിച്ചിടത്തോളം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിവര്‍ത്തനാത്മകമാണ്. യാത്രാ സുരക്ഷ, ഡാറ്റ സ്വകാര്യത, നിരക്കിലെ കൃത്രിമങ്ങള്‍ എന്നിവ സംബന്ധിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ കണക്കിലെടുത്ത്, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ അവശ്യ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍-ആപ്പ് എമര്‍ജന്‍സി ബട്ടണുകള്‍, ജിപിഎസ് അധിഷ്ഠിത നിരീക്ഷണ സംവിധാനം ഇതെല്ലാം യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു.
യാത്രാ നിരക്കുകളുടെയും, സര്‍ജ് നിരക്ക് നിര്‍ണയത്തിന്റെയും (ആവശ്യകത കൂടുമ്പോള്‍ നിരക്കും കൂട്ടുന്ന സംവിധാനം) നിയന്ത്രണമാണ് മറ്റൊരു പ്രധാന നേട്ടം. ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമായ പരിധി നിശ്ചയിക്കുന്നു: സംസ്ഥാന നയത്തിന് അനുസൃതമായി സര്‍ജ് നിരക്കുകള്‍ അടിസ്ഥാന നിരക്കിന്റെ 1.5 മുതല്‍ 2 മടങ്ങ് വരെയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആവശ്യകത ഉയരുന്ന ഘട്ടങ്ങളില്‍ പോലും യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഇതിലൂടെ ഉറപ്പാക്കാം.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്‌ക്ക് പ്രാധാന്യം നല്‍കുന്നു. ഡാറ്റകള്‍ ദുരുപയോഗം ചെയ്യുകയോ ചോര്‍ത്തുകയോ ചെയ്യുന്നില്ലെന്നും രാജ്യത്തിന്റെ പരമാധികാര ഡാറ്റാ നയങ്ങള്‍ക്കനുസൃതമായി നിലനിര്‍ത്തുന്നുവെന്നും പുതിയ മാര്‍ഗ്ഗനിര്‍ദേശം ഉറപ്പുവരുത്തുന്നു.
സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ചയ്‌ക്ക് ഊന്നല്‍ നല്‍കുന്ന പ്രധാനമന്ത്രി മോദിയുടെ ‘വികസിത് ഭാരത്@2047’ എന്ന ദര്‍ശനത്തിനും ദിവ്യാംഗരുടെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്‌ക്കും അനുപൂരകമാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. പ്രാദേശിക ആവശ്യങ്ങളും ആവശ്യകതകളും അടിസ്ഥാനമാക്കി ദിവ്യാംഗ സൗഹൃദ വാഹനങ്ങളുടെ കൃത്യമായ എണ്ണം അതാത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണയിക്കാവുന്നതാണ്,
ഭരണഘടനയുടെ അനുച്ഛേദം 39 മുന്നോട്ടു വയ്‌ക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശക തത്വം, ഗിഗ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ക്ക് മതിയായ ഉപജീവനമാര്‍ഗത്തിനുള്ള അവകാശം ഉറപ്പാക്കാന്‍ സര്‍ക്കാരുകളോട് അനുശാസിക്കുന്നു. കൂടാതെ, ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളായി പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 21 ല്‍ സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷവും അന്തസോടെ സഞ്ചരിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നതായി കോടതികള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.
റൈഡ്-ഹെയ്ലിംഗ് മേഖലയില്‍ ശരിയായ നിയന്ത്രണത്തിന്റെ ആവശ്യകതയെ ഒട്ടേറെ കോടതി വിധികള്‍ സാധൂകരിച്ചിട്ടുണ്ട്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ്്. യൂണിയന്‍ ഓഫ് ഇന്ത്യ (1982), ഓള്‍ഗ ടെല്ലിസ് ്. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (1985) എന്നിവയില്‍, അനുച്ഛേദം 21 ന്റെ അവിഭാജ്യ ഘടകമായി ഉപജീവനത്തിനുള്ള അവകാശത്തെ സുപ്രീം കോടതി ഊന്നിപ്പറഞ്ഞു. ഉബര്‍ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, യൂണിയന്‍ ഓഫ് ഇന്ത്യ (2020) എന്ന കേസില്‍, അഗ്രഗേറ്റര്‍മാരുടെ നിരക്ക് നിര്‍ണ്ണയവും ലൈസന്‍സിങ്ങും നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം ദല്‍ഹി ഹൈക്കോടതി ശരിവച്ചു. പൂര്‍ണ്ണമായും വിപണി നിയന്ത്രിതമായ വിലനിര്‍ണയ മാതൃകകളേക്കാള്‍ മുന്‍തൂക്കം ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.
ഈ വിധിന്യായങ്ങളാണ്, 2025 ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഗിഗ് തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണങ്ങള്‍ക്കുള്ള നിയമപരമായ അടിസ്ഥാനം. യാത്രക്കാരുടെ താത്പര്യവും മോട്ടോര്‍ വാഹന അഗ്രഗേറ്റര്‍മാരുടെ ലാഭക്ഷമതയും സന്തുലിതമാക്കാനുള്ള ശ്രമമാണ് ഇത്. ഒപ്പം അവഗണിക്കപ്പെടുന്ന ഗിഗ് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു.
60 ദിവസത്തിനുള്ളില്‍ എല്ലാത്തരം മോട്ടോര്‍ വാഹനങ്ങള്‍ക്കും ബാധകമായ ഒറ്റ ലൈസന്‍സ് എടുക്കാനുള്ള സൗകര്യം അഗ്രഗേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നു. റൈഡ്-ഹെയ്ലിംഗ് കമ്പനികള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് സൗകര്യത്തിനുള്ള ക്രമീകരണം ഉണ്ടായിരിക്കണമെന്ന ആവശ്യകത ഇത് ഒഴിവാക്കുന്നു. പകരം, ഡ്രൈവിംഗ് പരിശീലന ഗവേഷണ സ്ഥാപനങ്ങള്‍, റീജിയണല്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍, ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കായുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ പ്രയോജനം നേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങള്‍ക്കായി, ജനസംഖ്യയും ഭൂമിശാസ്ത്രവും അടിസ്ഥാനമാക്കി കഉഠഞകള്‍ക്ക് 17.25 കോടി രൂപയും, ഞഉഠഇകള്‍ക്ക് 5.5 കോടി രൂപയും, ഉഠഇകള്‍ക്ക് 2.5 കോടി രൂപവരെ ഗ്രാന്റുകള്‍ നല്‍കി, വിദൂര ദേശങ്ങളില്‍ പോലും ശാസ്ത്രീയ പരിശീലനം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.
ഭാരതത്തിന്റെ ശക്തമായ ഫെഡറല്‍ ഘടനയെയും ഭരണഘടനാ വ്യവസ്ഥകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം, ഗതാഗതം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. അഗ്രഗേറ്റര്‍ ലൈസന്‍സിങ്ങിനും പ്രവര്‍ത്തനത്തിനുമുള്ള നിയമങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഈ ആവശ്യത്തിനായി അത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ലൈസന്‍സിംഗ് ചട്ടക്കൂടുകളോ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തമാക്കുന്നതിനാല്‍ നിയമത്തിലെ 93-ാം വകുപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതാണെങ്കിലും, 2025 ലെ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാദേശിക അനുപൂരകത്വം ഉറപ്പാക്കി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുടരാവുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് മറ്റ് അധികാരങ്ങളും നല്‍കിയിട്ടുണ്ട്: അഗ്രഗേറ്റര്‍മാര്‍ക്ക് ലൈസന്‍സുകള്‍ നല്‍കുക; നിരക്ക് ഘടനകളും സര്‍ജ് നിരക്ക് നിര്‍ണ്ണയവും നിരീക്ഷിക്കുക; ഡ്രൈവറുമായി ബന്ധപ്പെട്ട പരിശീലനവും പരിശോധനകളും നടപ്പിലാക്കുക; അനുവര്‍ത്തന ലംഘനങ്ങള്‍ വരുത്തുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ ചുമത്തുക, സമാന ഗതാഗത മാതൃകകള്‍ക്ക് കീഴില്‍ ഗതാഗതേതര മോട്ടോര്‍സൈക്കിളുകളുടെ ഉപയോഗം അംഗീകരിക്കുക, അഗ്രഗേറ്റര്‍ വാഹന ശ്രേണിയില്‍ വൈദ്യുത വാഹന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, നടപ്പിലാക്കുക.
സഹകരണ ഫെഡറലിസത്തിന്റെ ഭാരത മാതൃകയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഉത്തരവാദിത്ത വിഭജനം.
മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, 2025, ഇന്ത്യയുടെ ഡിജിറ്റല്‍ ഗതാഗത ആവാസവ്യവസ്ഥയെ പരിഷ്‌ക്കരിക്കുന്നതിനുള്ള പുരോഗമനപരവും സമയബന്ധിതവുമായ ചുവടുവയ്‌പ്പിനെ പ്രതിനിധീകരിക്കുന്നു. ഫലപ്രദമായ നിര്‍വ്വഹണം, പൊതു അവബോധം, പ്ലാറ്റ്ഫോം അനുവര്‍ത്തനം എന്നിവയെ ആശ്രയിച്ചായിരിക്കും ഈ സംരംഭത്തിന്റെ വിജയം. സംസ്ഥാനങ്ങള്‍ ഇത് പിന്തുടരുന്ന പക്ഷം, കൂടുതല്‍ സുരക്ഷിതവും ഉത്തരവാദിത്ത പൂര്‍ണ്ണവും സര്‍വ്വാശ്ലേഷിയുമായ നഗര ഗതാഗത രീതിയായി മാറാനുള്ള സാധ്യത റൈഡ്-ഹെയ്ലിംഗ് സേവനങ്ങള്‍ക്കുണ്ട്. ഇത് രാജ്യത്തുടനീളമുള്ള ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ സാഹചര്യം സൃഷ്ടിക്കുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍
സംസ്ഥാനങ്ങള്‍ വിജ്ഞാപനം ചെയ്യുന്ന അടിസ്ഥാന നിരക്കുകള്‍ ആധാരമാക്കി, മണിക്കൂറിനോ ദിവസത്തിനോ എന്ന കണക്കില്‍ ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞ വരുമാനം അഗ്രഗേറ്റര്‍മാര്‍ ഉറപ്പാക്കണം.
വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് അഗ്രഗേറ്ററും ഡ്രൈവറും തമ്മിലുള്ള കണക്കുകള്‍ പരസ്പര കരാറിനനുസൃതമായി ദിവസേനയോ, ആഴ്ചയിലോ, രണ്ടാഴ്ചയിലോ തീര്‍പ്പാക്കണം.
യാത്ര റദ്ദാക്കല്‍, നിരക്കിലെ തര്‍ക്കങ്ങള്‍, സസ്പെന്‍ഷനുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സമയബന്ധിതവും സുതാര്യവുമായ രീതിയില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരു ഔപചാരിക പരാതി പരിഹാര സംവിധാനം
അഗ്രഗേറ്റര്‍മാര്‍ സ്ഥാപിക്കണം.
കിഴിവുകള്‍, നിരക്ക് വിഭജനം, പിഴകള്‍ എന്നിവ സംബന്ധിച്ച ഇനം തിരിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അഗ്രഗേറ്റര്‍മാര്‍ നല്‍കണം.
അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമുകളിലെ എല്ലാ ഡ്രൈവര്‍മാരും നിര്‍ബന്ധിത പോലീസ് പരിശോധന, ആരോഗ്യ പരിശോധനകള്‍, പെരുമാറ്റരീതികളിലെ പരിശീലനം എന്നിവയ്‌ക്ക് വിധേയരാകണം.
എല്ലാ വാഹനങ്ങളിലും ഇന്‍-ആപ്പ് എമര്‍ജന്‍സി ബട്ടണുകള്‍, ജിപിഎസ് അധിഷ്ഠിത നിരീക്ഷണ സംവിധാനം, ട്രിപ്പ്-ഷെയറിങ് സവിശേഷതകള്‍ എന്നിവ ഉണ്ടായിരിക്കണം.
സംസ്ഥാനങ്ങളുടെ മേല്‍നോട്ടത്തില്‍ അഗ്രഗേറ്റര്‍മാര്‍ 24ഃ7 കണ്‍ട്രോള്‍ റൂം, ഹെല്‍പ്പ്ലൈന്‍ സംവിധാനങ്ങള്‍ സ്ഥാപിക്കണം.
അടിസ്ഥാന നിരക്ക്, ഡൈനാമിക് ചാര്‍ജുകള്‍, അഗ്രഗേറ്റര്‍ വിഹിതം, സര്‍ക്കാര്‍ നികുതികള്‍ എന്നിവയുള്‍പ്പെടെ നിരക്ക് സംബന്ധിച്ച വിശദവിവരങ്ങള്‍ പ്ലാറ്റ്ഫോമുകള്‍ സുതാര്യമായി പ്രദര്‍ശിപ്പിക്കണം.
രാജ്യത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന സെര്‍വറുകളില്‍ ഉപയോക്തൃ ഡാറ്റ സംഭരിക്കാനും ഡിജിറ്റല്‍ വ്യക്തിവിവര സംരംക്ഷണ നിയമം ഉള്‍പ്പെടെയുള്ള ഡാറ്റാ സംരംക്ഷണ ചട്ടക്കൂടുകള്‍ പാലിക്കാനും അഗ്രഗേറ്റര്‍മാര്‍ ശ്രദ്ധിക്കണം.
അഗ്രഗേറ്റര്‍മാരുടെ വാഹന ശ്രേണിയുടെ ഒരു ഭാഗം ദിവ്യാംഗ സൗഹൃദമാക്കണം .
തൊഴില്‍ ശക്തിയില്‍ ഡ്രൈവര്‍മാര്‍ എന്ന നിലയില്‍ ദിവ്യാംഗരുടെ ഉചിതമായ പ്രാതിനിധ്യം ഉറപ്പാക്കണം.
അഗ്രഗേറ്റര്‍മാര്‍ അവരുടെ വാഹന നിരയില്‍ വൈദ്യുത വാഹനങ്ങള്‍, ഇതര ഇന്ധന വാഹനങ്ങള്‍, സീറോ എമിഷന്‍ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.
















