കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വൈദ്യുതി ലൈന്‍ മാറ്റി.സ്‌കൂളിന്റെ മുകളിലൂടെ പോയിരുന്ന വൈദ്യുത ലൈനാണ് കെഎസ്ഇബി ജീവനക്കാര്‍ മാറ്റിയത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകള്‍ വൈദ്യുത തടസമുണ്ടായതില്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി.
അതേസമയം,മിഥുന്റെ ജീവനെടുത്ത അപകടത്തില്‍ വിദ്യാഭ്യാസ- വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ വീഴ്ച സമ്മതിച്ചു.സ്‌കൂള്‍ അധികൃതര്‍ക്കും കെഎസ്ഇബിക്കും ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിദ്യാഭ്യാസ- വൈദ്യുതി വകുപ്പുകളുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെയുള്ള വൈദ്യുത ലൈനിന് തറയില്‍ നിന്നും, ഇരുമ്പ് ഷീറ്റില്‍ നിന്നും മതിയായ ഉയരം ഉണ്ടായിരുന്നില്ലെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട്. അനാസ്ഥ ഉണ്ടായെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
വൈദ്യുതി ലൈനിന് അടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയതില്‍ സ്‌കൂളധികൃതര്‍ വീഴ്ച വരുത്തി. സൈക്കിള്‍ ഷെഡ്ഡ് നിര്‍മ്മിക്കാന്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് സംശയമാണെന്നും കെഎസ്ഇബി റിപ്പോര്‍ട്ടില്‍ പറയുന്നു.















