തൃപ്പൂണിത്തുറ : കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാനൃത്തം ചെയ്ത് മന്ത്രി ജെ. ചിഞ്ചുറാണി . സ്വന്തം ജില്ലയില്‍ ഒരു കുട്ടി ദാരുണമായ സാഹചര്യത്തില്‍ മരിക്കുകയും, കുറ്റം ആ കുട്ടിയിൽ തന്നെ ചാരുകയും ചെയ്ത മന്ത്രിയുടെ നിലപാടും വിവാദമായിരിക്കുകയാണ്. തൃപ്പൂണിത്തുറയില്‍ നടന്ന സിപിഐയുടെ വനിതാ സംഗമവേദിയിലായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ വിവാദപ്രസംഗവും നൃത്തവും.
ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മരിച്ച മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത അവസരത്തിലാണ് കൊല്ലം ജില്ലയില്‍ നിന്നുതന്നെയുള്ള മന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് ആടിപ്പാടിയത്. മറ്റ് വനിതാ നേതാക്കള്‍ക്കൊപ്പം സന്തോഷവതിയായി ഡാൻസ് ചെയ്യുന്ന മന്ത്രിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാട്ട് തീരുന്നതുവരെയും മന്ത്രിയും മറ്റ് നേതാക്കളും സൂംബാനൃത്തം കളിക്കുന്നതായാണ് വീഡിയോയില്‍ കാണാനാകുന്നത് .
ഇതേ പരിപാടിയിലാണ് മന്ത്രി മരിച്ച കുട്ടിക്കെതിരെ വിവാദപ്രസ്താവനകളും നടത്തിയത്.ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്.
കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്. മരണപ്പെട്ട വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.
















