സോലാപൂര്‍ (മഹാരാഷ്‌ട്ര): സ്ത്രീകളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് . സോലാപൂരില്‍ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന വനിതാ സംരഭകത്വ പ്രസ്ഥാനമായ ഉദ്യോഗ വര്‍ധിനി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നങ്ങളെ നേരിടാനും മറികടക്കാനും സാമ്പത്തികമായി സ്വയംപര്യാപ്തരാകേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ ഓരോ പരിശ്രമവും രാഷ്‌ട്രത്തിനുവേണ്ടിയായിരിക്കണമെന്നത് മനസില്‍ സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി പ്രയോജനം ലഭിച്ചില്ലെങ്കിലും രാഷ്‌ട്രത്തിന് പ്രയോജനം ലഭിക്കണമെന്ന ആശയം എല്ലാവരുടെയും മനസില്‍ ഉറപ്പിക്കണം. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവര്‍ മാതൃകയാണെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
ഒന്നുമില്ലായ്‌മയില്‍ നിന്ന് സ്വാശ്രയത്വത്തിന്റെ ലോകം കെട്ടിപ്പടുത്ത ഉദ്യോഗവര്‍ദ്ധിനിയിലെ കഠിനാധ്വാനികളായ സ്ത്രീകളുടെ വിജയഗാഥകള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. മോഹന്‍ ഭാഗവതിനെ ഉദ്യോഗ വര്‍ദ്ധിനി സ്ഥാപക പ്രസിഡന്റ് ചന്ദ്രിക ചൗഹാന്റെ നേതൃത്വത്തില്‍ സ്വാഗതം ചെയ്തു. ഉദ്യോഗവര്‍ദ്ധിനി നടത്തുന്ന തയ്യല്‍, സേവ പ്രവര്‍ത്തനം, അന്നപൂര്‍ണ്ണ യോജന, കൗണ്‍സിലിംഗ്, തൊഴില്‍ സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് ചന്ദ്രിക ചൗഹാന്‍ വിശദീകരിച്ചു.കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഉദ്യോഗവര്‍ദ്ധിനി പതിനായിരത്തിലധികം സ്ത്രീകളെ സ്വാശ്രയശീലരാക്കുന്ന 350 സംരംഭകരെ സൃഷ്ടിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
















