ദുബായ് : ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.
അതേസമയം, മകളെ കെട്ടിത്തൂക്കി വിപഞ്ചിക ആത്മഹത്യ ചെയ്തത് വിദേശത്ത് ആയതില്‍ കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.
വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് പീഡനം നേരിട്ടിരുന്നു എന്നാണ് അറിയുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായി. 2022 മുതല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖയും പുറത്തുവന്നു.
വിപഞ്ചികയുടെയും മകളുടെയും സംസ്‌കാരം നാട്ടില്‍ നടത്തണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്. എന്നാല്‍ മകളുടെ സംസ്‌കാരം യു എ ഇയില്‍ നടത്തണമെന്ന ആവശ്യമാണ് പിതാവ് നിധീഷ് മുന്നോട്ട് വച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് മകളുടെ സംസ്‌കാരം യു എ യിലും വിപഞ്ചികയുടെ സംസ്‌കാരം നാട്ടിലും നടത്താന്‍ തീരുമാനിച്ചത്.അച്ഛനെന്ന നിലയില്‍ മകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുളള അവകാശം നിധീഷിനുളളതിനാലും കാര്യങ്ങള്‍ നീണ്ടുപോകരുത് എന്നതിനാലും വിപഞ്ചികയുടെ ബന്ധുക്കള്‍ക്ക് വഴങ്ങേണ്ടി വന്നു.
















