ന്യൂദല്‍ഹി: നൂറ് ജില്ലകളില്‍ കൃഷിയിലും അനുബന്ധ മേഖലകളിലെയും വികസനം വേഗത്തിലാക്കുന്നതിനുള്ള പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജനക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 2025-26 മുതല്‍ ആറ് വര്‍ഷത്തേക്കാണ് നൂറ് ജില്ലകളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുക. ഒരു സംസ്ഥാനത്ത് നിന്ന് ചുരുങ്ങിയത് ഒരു ജില്ലയെങ്കിലും പദ്ധതിയുടെ ഭാഗമാകും. നിതി ആയോഗിന്റെ ആസ്പിരേഷണല്‍ ജില്ലാ പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
കുറഞ്ഞ ഉല്‍പാദനക്ഷമത, കുറഞ്ഞ വിള തീവ്രത, കുറഞ്ഞ വായ്‌പ വിതരണം എന്നീ മൂന്ന് പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കി നൂറ് ജില്ലകള്‍ കണ്ടെത്തും. 11 വകുപ്പുകളിലായി നിലവിലുള്ള 36 പദ്ധതികള്‍, മറ്റ് സംസ്ഥാന പദ്ധതികള്‍, സ്വകാര്യ മേഖലയുമായുള്ള പ്രാദേശിക പങ്കാളിത്തം എന്നിവയുടെ സംയോജനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക.
കാര്‍ഷിക ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, വിള വൈവിധ്യവല്‍ക്കരണവും സുസ്ഥിര കാര്‍ഷിക രീതികളും സ്വീകരിക്കുന്നത് വര്‍ദ്ധിപ്പിക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ വിളവെടുപ്പിനുശേഷമുള്ള സംഭരണ സംവിധാനങ്ങള്‍ കൂടുതല്‍ സ്ഥാപിക്കുക, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ദീര്‍ഘകാല, ഹ്രസ്വകാല വായ്‌പകളുടെ ലഭ്യത സുഗമമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുത്.
പദ്ധതിയുടെ ഫലപ്രദമായ ആസൂത്രണം, നടപ്പാക്കല്‍, നിരീക്ഷണം എന്നിവയ്‌ക്കായി ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കും. ജില്ലാ ധന്‍ ധാന്യ സമിതി ജില്ലാ കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തന പദ്ധതി അന്തിമമാക്കും, വിള വൈവിധ്യവല്‍ക്കരണം, ജല- മണ്ണ് ആരോഗ്യ സംരക്ഷണം, കൃഷിയിലും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത, പ്രകൃതിദത്ത, ജൈവകൃഷിയുടെ വ്യാപനം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ജില്ലാ പദ്ധതികള്‍ യോജിപ്പിക്കും.
ഓരോ ധന്‍- ധാന്യ ജില്ലയിലെയും പദ്ധതിയുടെ പുരോഗതി പ്രതിമാസം ഒരു ഡാഷ്‌ബോര്‍ഡ് വഴി 117 പ്രധാന പ്രകടന സൂചകങ്ങളില്‍ നിരീക്ഷിക്കും. ജില്ലാ പദ്ധതികള്‍ നിതി ആയോഗ് അവലോകനം ചെയ്യും. കൂടാതെ ഓരോ ജില്ലയ്‌ക്കും നിയമിച്ച കേന്ദ്ര നോഡല്‍ ഓഫീസര്‍മാരും പദ്ധതി പതിവായി അവലോകനം ചെയ്യും.
















