ധാക്ക: പ്രശസ്ത സംവിധായകന്‍ സത്യജിത് റേയുടെ ധാക്കയിലുള്ള പൈതൃക വസതി പൊളിച്ചുനീക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഭാരതം. പൈതൃക വസതി പൊളിക്കുന്നതിന് പകരം പുതുക്കിപ്പണിയാനുള്ള സാധ്യത പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭാരത- ബംഗ്ലാദേശ് സാംസ്‌കാരിക സഹകരണത്തിന്റെ ചിഹ്നമായ വസതി സാഹിത്യമ്യൂസിയമായി പുതുക്കിപ്പണിയണമെന്ന് ഭാരതം ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോര്‍ റേ ചൗധരിയുടെ ഉടമസ്ഥതയിലുള്ള മൈമെന്‍സിങ്ങിലെ വസതി പൊളിച്ചുമാറ്റുന്നത് ഖേദകരമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൗധരിയുടെ വീട് മുമ്പ് മൈമെന്‍സിങ് ചില്‍ഡ്രന്‍സ് അക്കാദമിയായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അധികാരികളുടെ അവഗണനയെത്തുടര്‍ന്ന് അത് ജീര്‍ണാവസ്ഥയിലായി. ബംഗ്ലാദേശ് പുരാവസ്തു വകുപ്പിന്റെ കണക്കനുസരിച്ച് ഒരു നൂറ്റാണ്ടിലേറെ മുമ്പ് നിര്‍മിച്ചതാണ് ഈ വീട്. 1947-ലെ വിഭജനത്തിനുശേഷം സ്വത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലായി. നിലവിലുള്ളത് പൊളിച്ച് സെമി- കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുമെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ പറയുന്നത്.
















