കോതമംഗലം: ഇല്ലാത്ത ജോലി ഒഴിവില്‍ നിയമനം നല്‍കാനെന്ന വ്യാജേന റാങ്ക് ലിസ്റ്റ് ഉണ്ടാക്കാനൊരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ വരുന്ന ആയുര്‍വേദ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കാനെന്ന പേരിലാണ് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് ഉണ്ടാക്കാന്‍ ഹെല്‍ത്ത് മിഷന്‍ ശ്രമിക്കുന്നത്.
ഇതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 250 രൂപ നിരക്കില്‍ ഫീസ് ഇനത്തില്‍ ജില്ലാ കുടുംബാരോഗ്യ പരിപാലന സൊസൈറ്റിയുടെ സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ, കീരമ്പാറ എന്നിവിടങ്ങളിലെ എന്‍എച്ച്എം ഡിസ്പെന്‍സറികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ റാങ്ക് ലിസ്റ്റ് ഉണ്ടാക്കാന്‍ ജില്ലാ അടിസ്ഥാനത്തില്‍ ശ്രമം ആരംഭിച്ചത്. ഇതിനായി അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ അവസാന തീയതിയും പിന്നിട്ട് വിവിധ അപേക്ഷകള്‍ ഫീസ് സഹിതം സ്വീകരിച്ച ശേഷമാണ് എന്‍എച്ച്എം സംസ്ഥാന ഘടകത്തില്‍ നിന്നും ഒഴിവുകളിലേക്ക് ഇടുക്കി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നത്. ഇതോടെ എറണാകുളത്ത് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവ് ഇല്ലാതാകുകയും എന്‍എച്ച്എം നോട്ടിഫിക്കേഷന്‍ കണ്ട് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ പണം നഷ്ടപ്പെട്ട് കബളിപ്പിക്കപ്പെടുകയുമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി 200ലേറെ പേരാണ് നോട്ടിഫിക്കേഷന്‍ കണ്ട് ജോലിക്ക് അപേക്ഷിച്ചത്. തട്ടിപ്പ് പുറത്തായതോടെ വരാന്‍ പോകുന്ന പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കാളിയാകണോ എന്ന സംശയത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
അതേസമയം മുന്‍കൂര്‍ പ്രതീക്ഷയുള്ള ജോലി ഒഴിവുകളിലേക്ക് വേണ്ടിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇനി 2029ലാണ് എറണാകുളം ജില്ലയില്‍ എന്‍എച്ച്എമ്മില്‍ സ്വാഭാവിക ഒഴിവ് വരുന്നത്. ജില്ലാടിസ്ഥാനത്തില്‍ തയാറാക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി കേവലം രണ്ട് വര്‍ഷമാണ്. എറണാകുളം ജില്ലയില്‍ വര്‍ഷങ്ങളായി എന്‍എച്ച്എമ്മിന് ഒരു റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടില്ല.
ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകള്‍ ഒരു ജില്ലക്ക് സ്വന്തമായി ഇല്ലെങ്കില്‍ തൊട്ടടുത്തുള്ള ജില്ലയുടെ ലിസ്റ്റ് പരിഗണിച്ച് നിയമനം നടത്താമെന്നാണ് എന്‍എച്ച്എം ചട്ടം. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്റെ എറണാകുളം ഒഴികെയുള്ള ജില്ലകളിലൊന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് പണം ഈടാക്കാറില്ല. എന്നാല്‍ എറണാകുളം ജില്ലയില്‍ മാത്രം പണം ഈടാക്കിയത് ഉദ്യോഗാര്‍ത്ഥികളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. അതിനിടെയാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത ഒഴിവിലേക്ക് കേവലം രണ്ട് വര്‍ഷം മാത്രം ആയുസ് ഉണ്ടാകുന്ന റാങ്ക് ലിസ്റ്റിന് അധികൃതര്‍ ശ്രമിക്കുന്നത്.
















