കാഞ്ഞങ്ങാട്: സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പുല്ലുവില കല്‍പിച്ച് ജില്ലാ ഭരണകൂടവും സര്‍ക്കാരും. കാസര്‍കോട്, കാഞ്ഞങ്ങാട് സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ വരെ അരികിലേക്ക് കടല്‍ ഇരച്ച് കയറുമ്പോഴും കുലുക്കമില്ലാതെ അധികൃതര്‍. നിവേദനം നല്‍കിയും റോഡില്‍ കുത്തിയിരുന്നു സമരം നടത്തിയും അധികൃതരെ കണ്ടും ഫലം കാണാത്ത ആശങ്കയില്‍ നാട്ടുകാര്‍. പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്താനെത്തുന്ന തൃക്കണ്ണാട് തീരവും ഇല്ലാതായി. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ പള്ളിവേട്ട മണ്ഡപവും അപകടത്തിലാണ്. ഞായറാഴ്ച തൃക്കണ്ണാട് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള കൊടുങ്ങല്ലൂര്‍ ഭഗവതി മണ്ഡപത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ചുമരുകള്‍ കടലേറ്റത്തില്‍ തകര്‍ന്നത്.
മണ്ഡപത്തിനകത്തും ഭാഗിക കേടുപാടുകള്‍ സംഭവിച്ചു. ദേവിയുടെ കരിങ്കല്‍ പ്രതിഷ്ഠ മാറ്റേണ്ടി വന്നു. കൊടുങ്ങല്ലൂര്‍ മണ്ഡപത്തിനും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ഇടയില്‍ റോഡില്‍ നിന്ന് 5 മീറ്റര്‍ അകലെ വരെ കടല്‍ കയറി. 3 മീറ്റര്‍ വരെ ഉയരത്തില്‍ കയറിയാണ് കടല്‍ കൊടുങ്ങല്ലൂര്‍ മണ്ഡപത്തിന്റെ അടിത്തട്ട് തുരന്നത്.സമീപത്ത് കുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ 2 വര്‍ഷം മുന്‍പ് ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ ഒരു മുറി കൂടി തകര്‍ന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പടിഞ്ഞാറുള്ള ഹൈമാസ്റ്റ് ലൈറ്റ് വീഴാറായ നിലയിലാണ്. ആഴ്ചകള്‍ക്കു മുന്‍പേ പഞ്ചായത്ത് അംഗങ്ങളായ ഷൈനിമോളും വിനയന്‍ കോട്ടിക്കുളവും മുന്നറിയിപ്പ് നല്‍കിയിട്ടും അപകട സാധ്യതയുള്ള ഹൈമാസ്റ്റ് ലൈറ്റ് മാറ്റിയിട്ടില്ല.
കൊടുങ്ങല്ലൂര്‍ മണ്ഡപത്തിനുണ്ടായ തകര്‍ച്ച പ്രതിരോധിക്കാന്‍ 60 മീറ്റര്‍സ്ഥലത്തു കരിങ്കല്ല് പാകാന്‍ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അധികൃതര്‍ തയാറാക്കി നല്‍കി ഒരാഴ്ച പിന്നിട്ടെങ്കിലും തുടര്‍ നടപടികളില്ല. കരാറുകാരെ കിട്ടുന്നില്ലെന്നാണു പറയുന്നത്. കടലേറ്റം കാരണം തകര്‍ച്ചയുടെ വക്കിലായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ പള്ളിവേട്ട മണ്ഡപം സംരക്ഷിക്കാനും ഇവിടെ 60 മീറ്റര്‍ നീളത്തില്‍ ജിയോബാഗ് ഭിത്തിസ്ഥാപിക്കാനുള്ള പദ്ധതി നല്‍കി 3 മാസം കഴിഞ്ഞിട്ടും അനുമതി കിട്ടിയില്ല. അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന പാത ഉപരോധവും പ്രതിഷേധവും നടന്നിരുന്നു.
















