പത്തനംതിട്ട:പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര നടത്തിയ എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ട്രാക്ടര്‍ യാത്ര വിവാദമായതിനെ തുടര്‍ന്ന് ഹൈക്കോടതിക്ക് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി.
നവഗ്രഹ പ്രതിഷ്ഠയ്‌ക്കായി ശബരിമല നട തുറന്നപ്പോഴാണ് എഡിജിപി ദര്‍ശനത്തിനായി എത്തിയത്.ഈ മാസം 12ന് വൈകുന്നേരം സന്നിധാനത്തേക്ക് പൊലീസിന്റെ ട്രാക്ടറില്‍ പോയ എം.ആര്‍. അജിത്കുമാര്‍ 13ന് രാവിലെ തിരിച്ചിറങ്ങിയതും ട്രാക്ടറില്‍ തന്നെയാണ്.
ഇക്കാര്യത്തില്‍ ദേവസ്വം വിജിലന്‍സിനോട് സ്‌പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ ആളെ കയറ്റാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുളളപ്പോഴാണ് എഡിജിപി അതു ലംഘിച്ച് മലകയറിയത്. ചരക്കുനീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. മുമ്പും ശബരിമലയിലെത്തുമ്പോള്‍ എഡിജിപി സമാനരീതിയില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരം.
















