കോട്ടയം: ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിനായി ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഗ്രേഡ് 3 ഓവര്‍സിയര്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശി ജയേഷിനെയാണ് മീനച്ചില്‍ സ്വദേശിയുടെ പരാതിയില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തത്. തന്‌റെ കെട്ടിടത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതായി ഏപ്രില്‍ 9ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ പരാതിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. പരിശോധനയ്‌ക്കു ശേഷം ജയേഷ് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ പണം നല്‍കാഞ്ഞതിനാല്‍ നിസാര കാരണം ചൂണ്ടിക്കാട്ടി അപേക്ഷ തിരിച്ചയച്ചു.അപാകത പരിഹരിച്ച് വീണ്ടും അപേക്ഷിച്ചെങ്കിലും പെര്‍മിറ്റ് വൈകിപ്പിക്കുകയും പരാതിക്കാരനെ കണ്ട് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു. ജയേഷിന്‌റെ സുഹൃത്ത് ദിലീപിന്റെ ഫോണ്‍ നമ്പര്‍ നല്‍കുകയും അതിലേക്ക് 3000 രൂപ ഗൂഗിള്‍ പേ വഴി അയക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സിന്‌റെ നിര്‍ദേശപ്രകാരം പണം അയച്ചുകൊടുത്ത ഉടന്‍ ജയേഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
















