തിരുവനന്തപുരം: താത്കാലിക വി സി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും.ബുധനാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നാണ് വിവരം.
നിയമ വിദഗ്‌ദ്ധരുമായുള്ള പ്രാഥമിക ചര്‍ച്ചയ്‌ക്ക് ശേഷമാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുളള തീരുമാനം.സാങ്കേതിക -ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. താത്കാലിക വി സി മാരുടെ കാലാവധി പരമാവധി ആറ് മാസമേ പാടുളളൂവെന്നാണ് വിധി വന്നത്. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം നിയമനമെന്നും ഉത്തരവിലുണ്ട്.ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല വി സി ഡോ സിസ തോമസും സാങ്കേതിക സര്‍വകലാശാല വി സി ഡോ ശിവപ്രസാദും പുറത്തുപോകുന്ന അവസ്ഥയായി.
തിരുവനന്തപുരത്ത് കേരള സര്‍വകലാശാല ആസ്ഥാനത്ത് സെനറ്റ് ഹാളില്‍ ശ്രീപത്മനാഭ സേവാ സമിതി നടത്തിയ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ് എഫ് ഐ നടത്തിയ സമരം സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.പിന്നാലെ ഇടതു സിന്‍ഡിക്കേറ്റിന്റെ പിന്തുണയോടെ രജിസ്ട്രാറും ഭാരതാംബ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെ വി സി ഡോ മോഹന്‍ കുന്നുമ്മലും രജിസ്ട്രാറും തമ്മില്‍ പോര് മുറുകി.രജിസ്ട്രാറെ വി സി സസ്പന്‍ഡ് ചെയ്‌തെങ്കിലും അതംഗീകരിക്കാതെ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍ ഓഫീസിലെത്തി ഫയലുകള്‍ നോക്കുന്നത് ഭരണ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് താല്‍ക്കാലിക വിസി നിയമന പ്രശ്‌നത്തില്‍ കോടതി വിധി ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: