ന്യൂദല്‍ഹി: നിമിഷപ്രിയ കേസില്‍ സുപ്രീംകോടതിയില്‍ ജൂലായ് 14 തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി വലിയ അവകാശവാദങ്ങളൊന്നും പറഞ്ഞിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ യെമന്‍ സര്‍ക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെന്നും വധശിക്ഷ നീട്ടിവെയ്പിക്കാന്‍ പരമാവധി ശ്രമിയ്‌ക്കുമെന്നും മാത്രമായിരുന്നു പറഞ്ഞത്.
കോടതിയില്‍ വാദം തുടരുന്ന ഈ സമയത്തും നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിക്കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഒടുവില്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞിടത്ത് കാര്യങ്ങള്‍ എത്തി. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിക്കിട്ടി.
വലിയ അവകാശവാദങ്ങള്‍ക്കൊന്നും അറ്റോര്‍ണിജനറല്‍ നിന്നില്ല. ഒപ്പം കേന്ദ്രസര്‍ക്കാരിന് ഈ കേസിലുള്ള പരിമിതികളും ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു വെങ്കടരമണി വാദിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പരിമിതികളെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ ധരിപ്പിച്ചത് ഇങ്ങിനെ: “ഈ കേസില്‍ ഇടപെടാനുള്ള സര്‍ക്കാരിന് പരിമതികള്‍ ഉണ്ട്. യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്രബന്ധമില്ല, അതിനാല്‍ തന്നെ അവിടെ ഇന്ത്യയ്‌ക്ക് ഒരു സ്ഥാനപതി കാര്യാലയവും ഇല്ല. ഇക്കാരണത്താല്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ ഇന്ത്യയ്‌ക്ക് പരിമിതകള്‍ ഉണ്ട്.”- ഇതായിരുന്നു അറ്റോര്‍ണി ജനറല്‍ വെങ്കട്ട് രമണി സുപ്രീംകോടതിയില്‍ പറഞ്ഞത്. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പങ്ക് വിശദീകരിക്കുകയായിരുന്നു അറ്റോര്‍ണി ജനറല്‍.
ആഭ്യന്തരയുദ്ധം കൊണ്ട് കലുഷിതമായ യെമനില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പോലും ബുദ്ധിമുട്ടാണെന്നും നിമിഷ പ്രിയ കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് സന്ദീപ് മേത്ത നയിക്കുന്ന ബെഞ്ചിന് മുന്‍പാകെ വെങ്കട്ട് രമണി ബോധിപ്പിച്ചു. കൊലചെയ്യപ്പെട്ട യെമന്‍ പൗരനായ തലാലിന്റെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ ആവശ്യപ്പെട്ട ബ്ലഡ് മണി നല്‍കി കേസ് അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.പക്ഷെ അത് സ്വീകരിക്കാന്‍ തലാലിന്റെ കുടുംബ തയ്യാറല്ലാത്തതായിരുന്നു നിമിഷപ്രിയയുടെ ജയില്‍മോചനത്തിനുള്ള പ്രധാന തടസ്സം.
കേസില്‍ അടുത്തവാദം ജൂലായ് 18ലേക്ക് സുപ്രീംകോടതി നീട്ടിയതിന്റെ പിന്നിലും വധശിക്ഷ നീട്ടിക്കിട്ടുമെന്ന പ്രതീക്ഷ തന്നെയായിരുന്നു. ഏറെ വിവാദവും മാധ്യമശ്രദ്ധയും നേടിയ ഈ കേസില്‍ കാര്യങ്ങള്‍ അങ്ങേയറ്റം സ്വകാര്യമായി നിലനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: