കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ലഹരി വിമുക്ത ക്യാമ്പസാക്കി മാറ്റുന്നതിനുമായി കാലടി മുഖ്യ കാമ്പസിൽ നടപ്പിലാക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽകി.
ജില്ല പോലീസ് മേധാവിയ്‌ക്കും കാലടി പോലീസ് എസ് എച്ച് ഒയ്‌ക്കുമാണ് സർവ്വകലാശാല രജിസ്ട്രാർ കത്ത് നൽകിയിരിക്കുന്നത്. ജൂലൈ ഒന്നിലെയും എട്ടിലെയും ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുവാനാണ് സർവ്വകലാശാലയ്‌ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വകലാശാലയ്‌ക്കും ഉദ്യോഗസ്ഥർക്കും പോലീസ് സംരക്ഷണം നൽകണമെന്നും രാത്രി 11ന് സർവകലാശാലയുടെ മുഖ്യ കവാടങ്ങളും ഹോസ്റ്റലുകളുടെ കവാടങ്ങളും അടയ്‌ക്കാൻ പോലീസ് ഇടപെടണമെന്നുമാണ് രജിസ്ട്രാർ കത്തിലൂടെ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കാമ്പസിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് സർവകലാശാല പുറത്തിറക്കിയ ഉത്തരവുകളിൽ ചില വിദ്യാർത്ഥികൾ ഉയർത്തിയ എല്ലാ ആശങ്കകളും പരിഹരിക്കപ്പെട്ട ശേഷവും രാത്രികാലങ്ങളിൽ കാമ്പസിന്റെ കവാടങ്ങൾ അടയ്‌ക്കുവാൻ സമ്മതിക്കാതെ കവാടങ്ങൾ തുറന്നിട്ട് വിദ്യാർത്ഥികൾ സമരം തുടരുന്നത് സർവകലാശാലയെയും വിദ്യാർത്ഥികളെയും തകർക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയയ്‌ക്ക് സഹായകരമാകും.
കാമ്പസ് സുരക്ഷയുടെ ഭാഗമായി സിൻഡിക്കേറ്റ് ഒരു ഉപസമിതിയെ നിശ്ചയിക്കുകയും ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12 നിബന്ധനകൾ അടങ്ങുന്ന ഉത്തരവ് ജൂലൈ മാസം ഒന്നിന് നടപ്പിൽ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ സമരം ആരംഭിച്ചപ്പോൾ അധ്യാപക – അനധ്യാപക – വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചകൾ സംഘടിപ്പിച്ച ശേഷം ഉത്തരവിലെ മൂന്ന് ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി പുതിയ ഉത്തരവ് ഇറക്കി. പുതിയ ഉത്തരവ് പ്രകാരം രാത്രി 11ന് സർവകലാശാലയുടെ മുഖ്യ കവാടം അടയ്‌ക്കുന്നതാണ്. ഹോസ്റ്റലിലേയ്‌ക്കുള്ള പ്രവേശനവും 11ന് പൂർണമായി അവസാനിപ്പിക്കണം. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുവാൻ അനുവദിക്കാതെ സർവ്വകലാശാലയുടെ മുഖ്യ കവാടത്തിലും ഹോസ്റ്റൽ കവാടങ്ങളിലും അനാവശ്യമായി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ അച്ചടക്കലംഘനം നടത്തുന്നു. ഈ അച്ചടക്ക ലംഘനങ്ങൾക്ക് പുറത്തുനിന്നുള്ളവരുടെ പിന്തുണയുണ്ട് എന്നാണ് സർവ്വകലാശാല മനസ്സിലാക്കുന്നത്. സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി പേർ കാമ്പസിലെ വിവിധ ഹോസ്റ്റലുകളിൽ അനധികൃത താമസം നടത്തുന്നു എന്നാണ് സർവ്വകലാശാല മനസ്സിലാക്കുന്നത്.
ഒരു വിഭാഗം വിദ്യാർത്ഥികൾ ബാഹ്യശക്തികളുടെ പിന്തുണയോടെ നടത്തി വരുന്ന സമരം അനാവശ്യവും സർവ്വകലാശാലയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതുമാണ്. സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സർവ്വകലാശാലയുടെ നയങ്ങളും ഉത്തരവുകളും പാലിക്കുവാൻ ബാധ്യസ്ഥരാണ്, സർവ്വകലാശാല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: