മുംബൈ : ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് പ്രദേശമാകെ പരിഭ്രാന്തി പടർന്നു. പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഞായറാഴ്ച ബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഇമെയിൽ വഴിയാണ് ഈ ഭീഷണി ലഭിച്ചത്.
ഞായറാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് അടച്ചതിനാൽ തിങ്കളാഴ്ച ഇമെയിൽ ലഭിച്ചതിന് ശേഷം വൈകുന്നേരം പോലീസിന് പരാതി നൽകി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഫിറോസ് ടവർ കെട്ടിടത്തിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്, അവ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊട്ടിത്തെറിക്കും എന്നായിരുന്നു സന്ദേശത്തിലുളളത്.
ഈ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് മുംബൈയിലെ രമാഭായ് മാർഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് അന്വേഷണത്തിൽ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. തുടർന്ന് പോലീസ് ബിഎൻഎസിന്റെ 351(1)(b), 353(2), 351(3), 351(4) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇതൊരു വ്യാജ മെയിലാണെന്നും ഇത്തരം മെയിലുകൾ മുമ്പും അയച്ചിട്ടുണ്ടെന്നാണ്.
തിങ്കളാഴ്ച പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിനും സമാനമായ ഭീഷണി ലഭിച്ചിരുന്നു. ഇമെയിൽ അയച്ചയാൾ ആർഡിഎക്സ് ഉപയോഗിച്ച് സുവർണ്ണ ക്ഷേത്രത്തിന്റെ ലങ്കർ ഹാൾ പൊട്ടിത്തെറിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത്.
















