രാജ്യസഭയിലേക്കുള്ള സി.സദാനന്ദന്‍ മാസ്റ്ററുടെ നിയോഗത്തിലൂടെ ഒരു പുതിയ ചരിത്രം രചിക്കപ്പെടുകയാണ്. തന്റെ ഐതിഹാസികമായ സാഹസ ജീവിതത്തിലൂടെ ചരിത്രം കുറിച്ച സാമൂഹ്യ പ്രവര്‍ത്തകനാണ് അദ്ദേഹം. ജന്മഭൂമി സഹ പത്രാധിപര്‍, അധ്യാപക വാര്‍ത്ത പത്രാധിപര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ച അദ്ദേഹം മികച്ച അധ്യാപകനായും സേവനമനുഷ്ഠിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ആ പാദമുദ്രകള്‍ക്ക് അപൂര്‍വ്വതയുമുണ്ട്. അപരന്റെ വാക്കുകളെ സംഗീതമായി സ്വീകരിക്കണമെന്ന മഹദ് വചനത്തെ നെറ്റിയിലൊട്ടിച്ച് അപരന്റെ കഴുത്തറുക്കുന്ന കമ്മ്യൂണിസ്റ്റ് അക്രമത്തെ അപാരമായ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ധീരജീവിതമാണദ്ദേഹത്തിന്റേത്. ഇരുകാലുകളും വെട്ടി നുറുക്കി, തങ്ങളുടെ ദൗത്യം വിജയിച്ചുവെന്ന് അഹങ്കരിച്ച് അലറി വിളിച്ചവരുടെ ദുരാഗ്രഹങ്ങള്‍ തകര്‍ത്തുകൊണ്ട് ജീവിതത്തിലേക്ക് ധീരമായി തിരിച്ചു വന്ന സദാനന്ദന്‍ മാസ്റ്റര്‍ വീണ്ടും കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. വിയോജിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നതാണ് ജനാധിപത്യമെങ്കില്‍ അതിനെ അട്ടിമറിക്കുന്നവരുടെ മുമ്പില്‍ നിവര്‍ന്നു നില്‍ക്കുകയാണ് അദ്ദേഹം.
മനുഷ്യത്വരഹിതമായ കമ്മ്യൂണിസ്റ്റ് ആശയസംഹിതയുടെ പൊള്ളത്തരം തുറന്നു കാണിക്കാന്‍ സദാനന്ദന്‍ മാസ്റ്റര്‍ ഇനി രാജ്യസഭയില്‍ പ്രസംഗിക്കണമെന്നില്ല; എഴുന്നേറ്റുനിന്നാല്‍ മതി. ചുവപ്പ് ഭീകരതയുടെ പൊയ്മുഖങ്ങള്‍ പൊളിച്ചു നീക്കാന്‍ പുസ്തകങ്ങളിലെ ഉദ്ധരണികള്‍ മന:പാഠമാക്കേണ്ടതില്ല; അസാമാന്യമായ ഉള്‍ക്കരുത്തിന്റെ ബലത്തില്‍ ജീവിതം തിരിച്ചുപിടിച്ച ചരിത്രത്തിന്റെ പേരാണല്ലോ സദാനന്ദന്‍ മാസ്റ്റര്‍ എന്നത്. രാജ്യസഭാംഗമായി രാഷ്‌ട്രപതി നിയോഗിച്ചതിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനവാക്കുകളിലുണ്ട് എല്ലാം.
‘സി. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം അനീതിക്ക് മുന്നില്‍ തലകുനിക്കാതിരിക്കാനുള്ള ധൈര്യത്തിന്റെ പ്രതിരൂപമാണ്. അക്രമത്തിനും ഭീഷണിക്കും, ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാന്‍ കഴിഞ്ഞില്ല. അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നടത്തിയ ശ്രമങ്ങളും പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തില്‍ അതിയായി അഭിനിവേശമുള്ളയാളാണ്.’കമ്മ്യൂണിസ്റ്റ് അക്രമ രാഷ്ടീയത്തെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ജനാധിപത്യ മനോഭാവത്തെയാണ് സദാനന്ദന്‍ മാസ്റ്റര്‍ പ്രതിനിധീകരിക്കുന്നത്. ഇതാണദ്ദേഹത്തിന്റെ അര്‍ഹതയും സവിശേഷതയും. ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സഭകളെ അക്രമപ്പേക്കൂത്തിന്റെ രംഗവേദികളാക്കുന്നവര്‍ക്ക് അത് തിരിച്ചറിയാനാവില്ല. ഒറ്റച്ചാട്ടത്തിന് സ്പീക്കറുടെ മേശയില്‍ കയറി നിന്ന് പോര് വിളിക്കുന്നതിലുള്ള മിടുക്കല്ല ജനാധിപത്യ വേദികളിലെത്താനുള്ള യോഗ്യത. പേശീബലത്തിന്റെ മാറ്റുരച്ച് പ്രതിയോഗിയെ നിലംപരിശാക്കാനുള്ള പോര്‍ത്തട്ടുകളുമല്ല അത്തരം വേദികള്‍. പരീക്ഷിക്കപ്പെട്ടതില്‍ വെച്ച്ഏറ്റവും യോഗ്യമെന്ന് അംഗീകരിക്കപ്പെട്ട ജനാധിപത്യ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ് അത്തരം സഭകളിലെത്തേണ്ടത്. അതില്ലാത്തവര്‍ക്ക് സദാനന്ദന്‍ മാസ്റ്റര്‍മാരെ തിരിച്ചറിയാനാവില്ല. അവരുടെ ഔന്നത്യമുള്‍ക്കൊള്ളാനുമാവില്ല. രാഷ്‌ട്രപതിയുടെ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്നവരെക്കുറിച്ച് ഇതല്ലാതെ മറ്റെന്ത് പറയാന്‍.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കും ജീവിതം കൊണ്ട് സ്വര്‍ണ്ണക്കരണ്ടി സമ്പാദിച്ചവര്‍ക്കും രാഷ്‌ട്രത്തിന്റെ പരമോന്നത അംഗീകാരം വീതം വെച്ചു കൊടുക്കുന്ന പതിവുകള്‍ റദ്ദ് ചെയ്യപ്പെട്ട ജനാധിപത്യത്തിന്റെ സുന്ദര കാലത്താണ് നാം ജീവിക്കുന്നത്.ആ തെരഞ്ഞെടുപ്പിന്റെ സുതാര്യതയും സത്യസന്ധതയുമാണ് സദാനന്ദന്‍ മാസ്റ്ററുടെ നിയോഗത്തിലും എത്തി നില്‍ക്കുന്നത്. മഹാത്മജിയും അംബേദ്കറും ദീനദയാല്‍ജിയും വിഭാവനം ചെയ്ത ജനാധിപത്യ വ്യവസ്ഥയുടെ മൂല്യവത്തായ പ്രയോഗം രാജ്യത്തിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. ആ മാറ്റത്തിന്റെ പാതയിലാണ് പുതിയ നിയോഗവും സ്ഥാനം പിടിക്കുന്നത്. വ്യാപരിച്ച മേഖലകളിലെല്ലാം നിസ്വാര്‍ത്ഥ മനോഭാവത്തോടെ പ്രവര്‍ത്തിച്ച് വിജയിച്ച സദാനന്ദന്‍ മാസ്റ്റര്‍ക്ക് രാജ്യസഭാംഗമെന്ന നിലയിലും വിജയിക്കാന്‍ കഴിയട്ടെയെന്നാശംസിക്കുന്നു. കേരളത്തിന്റെ സമഗ്ര മാറ്റത്തിന് ഗുണപരമായ പങ്ക് വഹിക്കാന്‍ ഈ പുതിയ നിയോഗം ഉപകാരപ്പെടട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: