ടെഹ്‌റാൻ: ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനെതിരെ ഇസ്രായേൽ വലിയ ആക്രമണം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. നിസ്സാര പരിക്കുകളോടെ അദ്ദേഹം ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.
ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ബന്ധപ്പെട്ട ഫാർസ് ന്യൂസ് ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ബെയ്റൂട്ടിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ഇസ്രായേൽ സൈന്യം ഈ ആക്രമണം നടത്തിയത്. ജൂൺ 16 നാണ് ഈ ആക്രമണം നടന്നതെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് നിസ്സാരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗം ചേർന്നിരുന്ന ടെഹ്‌റാന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കെട്ടിടത്തിൽ ഇസ്രായേലി മിസൈൽ പതിച്ചപ്പോൾ പ്രസിഡന്റ് പെസെഷ്കിയന്റെ കാലിന് പരിക്കേറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രസിഡന്റിനൊപ്പം പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാകിർ ഗാലിബാഫ്, ജുഡീഷ്യറി ചീഫ് മൊഹ്‌സാനി എജെയ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കും പരിക്കുകൾ ഏറ്റതായിട്ടാണ് റിപ്പോർട്ട്.
ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ഇസ്രായേൽ സൈന്യം ഈ ഓപ്പറേഷൻ നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. ആക്രമണത്തിൽ കെട്ടിടത്തിന്റെ പ്രവേശന, എക്സിറ്റ് വഴികൾ ലക്ഷ്യമാക്കി ആറ് മിസൈലുകളാണ് ഇസ്രായേൽ ഉപയോഗിച്ചത്. ഇതുമൂലം രക്ഷപ്പെടാനുള്ള വഴികൾ അടയ്‌ക്കാനും വായുപ്രവാഹം തടസ്സപ്പെടുത്താനും കഴിയും.
കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ ഇറാനിയൻ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. സ്ഫോടനങ്ങളെത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു, എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ അടിയന്തര എക്സിറ്റ് വഴിയിലൂടെ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതമായി രക്ഷപ്പെടാൻ കഴിഞ്ഞുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.
അതേ സമയം ഇസ്രായേലിന് ആക്രമണം നടത്താൻ സഹായിച്ച ഒരു വ്യക്തിയുടെ പങ്കിനെക്കുറിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇസ്രായേൽ തനിക്കെതിരെ കൊലപാതക ശ്രമം ആസൂത്രണം ചെയ്തതായി പ്രസിഡന്റ് പെസെഷ്കിയൻ ഇതിനകം ആരോപിച്ചിരുന്നു.
ഇതിനു പുറമെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ സൈന്യം ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെയും (IRGC) ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ്. കൊല്ലപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരിൽ IRGC കമാൻഡർ ഹുസൈൻ സലാമി, ഇറാനിയൻ സായുധ സേനാ മേധാവി മുഹമ്മദ് ബാഗേരി, IRGC വ്യോമസേനാ കമാൻഡർ അമീർ അലി ഹാജിസാദെ, മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു.
അതേ സമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ശരിയായ അവസരം ലഭിക്കാത്തതിനാൽ ആക്രമണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: