Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

വിജയ് സി.എച്ച് by വിജയ് സി.എച്ച്
Jul 13, 2025, 03:52 pm IST
in Varadyam

മൂവായിരം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ശ്രീ ഹനുമാന്‍ കാവ് ക്ഷേത്രം, മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ ഗ്രാമത്തില്‍, തിരൂര്‍-ചമ്രവട്ടം പാതയില്‍ പഞ്ഞന്‍പടിയില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കു മാറി പൊയിലിശ്ശേരിയില്‍ സ്ഥിതിചെയ്യുന്നു.

ശ്രീരാമന്റെ കുലഗുരുവുമായ വസിഷ്ഠര്‍ പ്രതിഷ്ഠിച്ചതാണ് ആലത്തിയൂരിലെ വിഗ്രഹമെന്നാണ് ഐതിഹ്യം. സീതാദേവിയെ അന്വേഷിച്ച് ലങ്കയിലേയ്‌ക്കു പുറപ്പെടുന്നതിനു മുമ്പ് ശ്രീരാമന്‍ അഭിജ്ഞാന വാക്യം ചൊല്ലിക്കൊടുക്കുന്നത്, തല അല്‍പം ഭഗവാന്റെ ഭാഗത്തേക്കു ചെരിച്ച് അഞ്ജലീ ബദ്ധനായി നിന്നു ശ്രദ്ധിക്കുന്ന ഹനുമാന്‍ സ്വാമിയാണ് രാമവിഗ്രഹത്തിനു സമീപമുള്ളത്. സ്വാഭാവികമായും സീതാസമേതനല്ല ഇവിടെ ശ്രീരാമന്‍. മുഖ്യപ്രതിഷ്ഠ രാമനാണെങ്കിലും, അറിയപ്പെടുന്നത് ഹനുമാന്‍ സ്വാമിയുടെ പേരിലാണ്.

പ്രതിഷ്ഠകള്‍ വിഭിന്നം

ശ്രീരാമ-ഹനുമാന്‍ പെരുംതൃക്കോവിലെന്നും അറിയപ്പെടുന്ന ആലത്തിയൂരിലെ പുരാതന ക്ഷേത്രത്തില്‍ ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠ നാലു കൈകളോടുകൂടിയ വിഷ്ണുവിന്റെ രൂപത്തിലാണെങ്കില്‍, ഹനുമാന്‍ പ്രതിഷ്ഠയും മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമാണ്. ഒരു കയ്യില്‍ ദണ്ഡ് പിടിച്ചു രാമവചനങ്ങള്‍ സസൂക്ഷ്മം ശ്രവിക്കുന്ന ഹനുമാനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാവണന്‍ അശോകവനികയില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന സീതയെ കാണാനായി ഹനുമാനെ അയക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ രാമന്‍ നടത്തിയതും, നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും ആലത്തിയൂര്‍ അമ്പല പരിസരത്തു വച്ചാണെന്നാണ് പുരാണം.

ഉദ്ദിഷ്ട കാര്യസിദ്ധിയ്‌ക്ക്

ആലത്തിയൂരിലെ ക്ഷേത്രം ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഏറ്റവും ഉത്തമമെന്നാണ് ഭക്തരുടെ വിശ്വാസം. രാമ കാര്യ സാധ്യാര്‍ഥം ലങ്കയിലേക്കു തനിയെ പുറപ്പെടുന്ന വായുപുത്രന് അടയാള വാക്യവും അംഗുലീയവും നല്‍കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠാസങ്കല്‍പം. ദൃഢനിശ്ചയവും ഉറച്ചതീരുമാനവുമുണ്ടെങ്കില്‍ എത്ര ദുര്‍ഘടമായ ദൗത്യത്തിലും വിജയം സുനിശ്ചിതമെന്നൊരു സന്ദേശം ഇവിടെ പ്രതിധ്വനിക്കുന്നു. വിഘ്‌നങ്ങള്‍ പലതും തരണം ചെയ്തു നേടാനുള്ള വിജയത്തിന് ത്രിമൂര്‍ത്തികളായ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരുള്‍പ്പെടെയുള്ള മുപ്പത്തിമുക്കോടി ദേവന്മാരുടെയും അനുഗ്രഹം ആഞ്ജനേയന് ഉണ്ടായിരുന്നു. ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ഇങ്ങോട്ടുള്ള ഭക്തജന പ്രവാഹം ഒരിക്കലും നിലയ്‌ക്കുന്നില്ല. ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രശസ്തരില്‍ ജെ. ജയലളിതയും, കെ. കരുണാകരനും ഉള്‍പ്പെടുന്നു.

സങ്കല്‍പ സമുദ്രം ചാടല്‍

പെരുംതൃക്കോവിലിന്റെ തെക്കുഭാഗത്തെ മുറ്റത്തു നിര്‍മിച്ചിട്ടുള്ള മണല്‍ നിറച്ച കളവും, അതിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ പതിച്ച നീളമുള്ള കരിങ്കല്‍ കട്ടയും പ്രധാന ആകര്‍ഷണമാണ്. കരിങ്കല്‍കട്ടയെ സമുദ്രമായി സങ്കല്‍പിച്ച്, അത് സ്പര്‍ശിക്കാതെ, പടിഞ്ഞാറു ഭാഗത്തു നിന്നോടിവന്നു, ശിലാഖണ്ഡത്തിന് മുകളിലൂടെ പൂഴിയിലേയ്‌ക്കു ഉശിരോടെ ചാടണം. ഹനുമാന്‍ ഭാരത ഭൂഖണ്ഡത്തില്‍ നിന്ന് ഒറ്റക്കുതിപ്പിന് സമുദ്രം ചാടിക്കടന്നു സീതാന്വേഷണത്തിനായി ലങ്കയിലേക്ക് പോയതിന്റെ സ്മരണാര്‍ത്ഥമാണ് കൗതുകമേറിയ ഈ കീഴ്വഴക്കം. സമുദ്രതരണം ഫലപ്രദമായ ഒരു പ്രതീകമായി മാറുകയാണിവിടെ! ഉദ്ദേശ്യശുദ്ധിയും ആത്മസമര്‍പ്പണവും, ഒപ്പം ഭക്തിയുമുണ്ടെങ്കില്‍ ഉന്നം പിഴക്കില്ലെന്നും, ജീവിത വിജയം നേടാമെന്നുമുള്ളതിന്റെ പ്രായോഗിക പരിശീലനമാണ് പ്രതീകാത്മകമായ ഈ സമുദ്രലംഘനം. ധനം, ദീര്‍ഘായുസ്സ്, ആരോഗ്യം, ഭാഗ്യം എന്നിവ ഇതിലൂടെ ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഇക്കാരണത്താല്‍ ആലത്തിയൂരെത്തുന്നവരെല്ലാം ഈ ചടങ്ങു മുടങ്ങാതെ ചെയ്യുന്നു. ഭക്തിയുടെ പരിവേഷമുള്ള സങ്കല്‍പ സമുദ്രം ചാടുന്നത് കുട്ടികളില്‍ വലിയ ആവേശമാണു ജനിപ്പിക്കുന്നത്. ഇതൊരു കുസൃതി വിളയാട്ടമല്ലല്ലൊ, സീതാദേവിയെത്തേടി ലങ്കയിലെത്താന്‍ ഹനുമാന്‍ ചാടിയത് അനുസ്മരിപ്പിക്കുന്നതാണല്ലൊ ആലത്തിയൂരിലെ ഈ കുതിച്ചുചാട്ടം! സമുദ്രം തരണം ചെയ്തു ഹനുമാന്‍ ഭഗവത് കാര്യം നിര്‍വഹിച്ചതുപോലെ, ഏതു വലിയ പ്രശ്‌നവും പരിഹരിച്ചു ജീവിതം സുഖകരമാക്കാന്‍ സാധിക്കുമെന്നാണു വിശ്വാസം.

പേടിസ്വപ്‌നം കാണരുതേ…

‘ആലത്തിയൂര്‍ ഹനുമാനേ, പേടിസ്വപ്‌നം കാണരുതേ, പേടിസ്വപ്‌നം കണ്ടാലോ, വാലുകൊണ്ട് തട്ടി ഉണര്‍ത്തേണമേ…,’ ഇതൊരു പ്രാര്‍ത്ഥനാ മന്ത്രമാണ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പേ ഈ മന്ത്രം ഉരുവിട്ടാല്‍ പേടിസ്വപ്‌നവും അലട്ടുന്ന മറ്റു ചിന്തകളും മനസിനെ കീഴ്‌പെടുത്തില്ലെന്നാണ് വിശ്വാസം. ശ്വാസംമുട്ടലില്‍ നിന്നാശ്വാസം ഉണ്ടാകുമെന്നും കരുതുന്നു. ഇക്കാരണങ്ങളാല്‍ ഹൈന്ദവ ഗൃഹങ്ങളിലെ മുതിര്‍ന്നവരും കുട്ടികളും നിദ്രയിലേക്കാണ്ടുപോകും വരെ ലളിതമായ ഈ ഹനുമാന്‍ മന്ത്രം ഉരുവിടാറുണ്ട്. ഹനുമാനെക്കുറിച്ചുള്ള ചിന്തകളില്‍ മാനസിക സംഘര്‍ഷങ്ങളും വിഷാദരോഗവും അതിവേഗം വിട്ടുപോകുമെന്നത് ഭക്തരുടെ അനുഭവമാണ്.

‘മനോജവം മാരുതതുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി
ബുദ്ധിര്‍ബലം യശോ ധൈര്യം
നിര്‍ഭയത്വമാരോഗതാ
ആജാഡ്യം വാക് പടുത്വം ച
ഹനുമത് സ്മരണാത് ഭവേത്,’ എന്നാണല്ലൊ ഹനുമാന്‍ സ്‌തോത്രത്തിലെ വരികള്‍. അതേ, മനോജവം മാരുതതുല്യ വേഗം! കാറ്റിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വായുപുത്രന്‍ ഹനുമാന്‍, കരുത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായി കണക്കാക്കപ്പെടുന്ന ഹനുമാന്‍! പറ്റുമ്പോഴൊക്കെ ആലത്തിയൂര്‍ സന്ദര്‍ശിച്ചു ഹനുമാന്‍ സ്വാമിയെ വണങ്ങി മനശുദ്ധി സൂക്ഷിക്കാനും ‘പേടിസ്വപ്‌നം കാണരുതേ…’ എന്നു തുടങ്ങുന്ന ചെറുമന്ത്രം വലിയ പ്രചോദനമായിത്തീരുന്നു. റെയില്‍വേ സ്റ്റഷനും, ധാരാളം ബസ് റൂട്ടുകളും ബന്ധപ്പെട്ടുകിടക്കുന്ന തിരൂരില്‍നിന്ന് ഒമ്പതു കിലോമീറ്റര്‍ തെക്കുഭാഗത്താണ് ഹനുമാന്‍കാവ്. കുറ്റിപ്പുറത്തു നിന്നു തിരുന്നാവായ വഴിയും, ചമ്രവട്ടം വഴിയും റോഡു മാര്‍ഗം ആലത്തിയൂരെത്താം.

അവിലും വെറ്റിലമാലയും

കുഴച്ച അവിലാണു ഹനുമാന്‍ ക്ഷേത്രത്തില്‍ ഏറ്റവും പ്രിയപ്പെട്ട നിവേദ്യമായി സമര്‍പ്പിക്കുന്നത്. ലങ്കാധിപതി രാവണന്‍ സീതയെ അപഹരിച്ചു കൊണ്ടുപോയതിനെ തുടര്‍ന്നു അന്വേഷണത്തിനായി വായുപുത്രനെ നിയോഗിക്കുന്ന സന്ദര്‍ഭത്തില്‍ ഹനുമാന് ഭക്ഷണമായി ഒരു പൊതി അവില്‍ നല്‍കിയെന്നാണു വിശ്വാസം. അതിന്റെ സ്മരണയിലാണു ഹനുമാന്‍ കാവില്‍ ഇഷ്ട നിവേദ്യമായി ഭക്തജനങ്ങള്‍ അവില്‍ സമര്‍പ്പിക്കുന്നത്. കാഴ്ചദ്രവ്യമായി അവില്‍ കൊണ്ടുപോകുന്ന പതിവുമുണ്ട്. ശ്രീകൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്കു പോയ കുചേലന്‍ കാഴ്ചദ്രവ്യമായി കൊണ്ടുപോയിരുന്നത് അവിലായിരുന്നു. വെറ്റിലമാലയും വടമാലയും ഹനുമാന് സമര്‍പ്പിക്കുന്നത് ആഗ്രഹപൂര്‍ത്തീകരണത്തിനു സഹായിക്കുമെന്ന വിശ്വാസവുമുണ്ട്. അശോകവനത്തില്‍ ദുഃഖിതയായി കണ്ട സീതാദേവിയോട്, രാമദേവനും സൈന്യവും ഉടനെയെത്തി ദേവിയെ മോചിപ്പിക്കുമെന്ന സന്ദേശം ഹനുമാന്‍ നല്‍കിയപ്പോള്‍, സമീപത്തു പടര്‍ന്നു നിന്നിരുന്ന വെറ്റില വള്ളിയില്‍ നിന്നു ഇലകള്‍ നുള്ളിയെടുത്തു, വായുപുത്രന്റെ ശിരസില്‍ വച്ചു ഹനുമാന്‍ ചിരഞ്ജീവിയായിത്തീരുമെന്നു ജനകപുത്രി അനുഗ്രഹിക്കുന്നുണ്ട്. ആലത്തിയൂരില്‍ വെറ്റില മറ്റൊരു വിശിഷ്ട വഴിപാടായി മാറാതിരിക്കുന്നതെങ്ങനെ! കൂടാതെ, ബന്ധങ്ങളില്‍നിന്നും ബന്ധനങ്ങളില്‍നിന്നുമുള്ള മോചനത്തിനും, ദുഖത്തില്‍നിന്നും ഭയത്തില്‍നിന്നുമുള്ള രക്ഷയ്‌ക്കു വേണ്ടിയും പ്രത്യേക വഴിപാടുകള്‍ ഇവിടെ നടത്തിവരുന്നു. ശ്രീരാമനുള്ള ഇഷ്ടനിവേദ്യം പഞ്ചസാര പായസമാണ്.

പാതി ഹനുമാന്‍

ക്ഷേത്രം അറിയപ്പെടുന്നത് ഹനുമാന്‍ സ്വാമിയുടെ നാമത്തിലാണെങ്കിലും വായുപുത്രന് ഇവിടെ പൂജ നടത്താറില്ല. എന്നാല്‍, രാമനുള്ള എല്ലാ സമര്‍പ്പണങ്ങളുടെയും പകുതി ഹനുമാനുള്ളതാണ്. അതിനാലാണ് വഴിപാടുകള്‍ക്ക് കൗണ്ടറില്‍ നിന്നു രണ്ടു രശീതികള്‍ ലഭിക്കുന്നത്. പൂജയ്‌ക്കു പകരം ഹനുമാന് നിവേദ്യ സമര്‍പണമാണല്ലൊ. അവിലും കദളിപ്പഴവുമായി ധാരാളം ഭക്തര്‍ ഇവിടെ ദിവസവുമെത്തുന്നു. കുട്ടികളിലുണ്ടാവുന്ന ശ്വാസതടസ്സം മാറുന്നതിന് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു ഹനുമാന് പാളയും കയറും നിവേദ്യമായി നല്‍കിയാല്‍ മതിയെന്നും വിശ്വാസമുണ്ട്. ശത്രുദോഷം മാറുവാനും, ശനി അപഹാരം വിട്ടുപോകാനും വിവാഹം, ജോലി, വ്യാപാരം, വിദ്യാഭ്യാസം എന്നിവയിലുള്ള തടസ്സങ്ങള്‍ നീങ്ങാനും ഹനുമാന് ഗദ സമര്‍പ്പിക്കുന്നു.

ഉപക്ഷേത്രങ്ങള്‍

രണ്ടര ഏക്കറോളം വിശാലമായ സ്ഥലത്താണ് ഹനുമാന്‍ കാവ് സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണു, ലക്ഷ്മണന്‍, ഗണപതി, അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ഭഗവതി, നാഗദൈവങ്ങള്‍ എന്നീ പ്രതിഷ്ഠകള്‍ക്കു ഉപക്ഷേത്രങ്ങളുണ്ട്. നാലമ്പലത്തിനുപുറത്തു പ്രദക്ഷിണ വഴിക്കുള്ളില്‍ തെക്കുകിഴക്കു ദിശയിലാണ് മഹാവിഷ്ണുവിന്റെ ക്ഷേത്രം. ഈ ക്ഷേത്രത്തിനു കുറച്ചകലെയായി ലക്ഷ്മണ ക്ഷേത്രവുമുണ്ട്. സീതയെത്തേടി പോകുന്ന ഹനുമാനും ശ്രീരാമനും സ്വകാര്യ സംഭാഷണത്തിനുവഴിയൊരുക്കി, ലക്ഷ്മണന്‍ മാറിനിന്നതിനെ അനുസ്മരിച്ചു അല്പം അകലെയാണ് ലക്ഷ്മണക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. നാലമ്പലത്തിനകത്ത് കന്നിമൂലയില്‍ തന്നെ ഗണപതിയുടെയും അയ്യപ്പസ്വാമിയുടെയും ഉപക്ഷേത്രങ്ങളാണ്. വായു കോണില്‍ ദുര്‍ഗാദേവിയുടെ സാന്നിധ്യവുമുണ്ട്. ഹനുമാന്‍ സ്വാമിയുടെ ശ്രീകോവിലിനു തൊട്ടുമുമ്പിലുള്ള ചുമരില്‍ ആലേഖനം ചെയ്ത ഭദ്രകാളി രൂപത്തിന് പ്രത്യേക ചൈതന്യമുണ്ടെന്നാണു വിശ്വാസം.

ആല്‍+അത്തി+ഊര്‍

ക്ഷേത്രത്തിന്റെ മതില്‍കെട്ടിനു പുറത്ത് വടക്കുഭാഗത്താണു വിശാലമായ ക്ഷേത്രക്കുളം. കടവിനു സമീപത്തുള്ള ആല്‍മരവും ചുറ്റുപാടും വളര്‍ന്നു നില്‍ക്കുന്ന ചെറിയ അത്തിമരങ്ങളുമാണ് ആലത്തിയൂരിനെ അന്വര്‍ത്ഥമാക്കുന്നത്. ‘ആലത്തിയൂര്‍’ എന്ന സ്ഥലപ്പേരിനെ ആല്‍+അത്തി+ഊര്‍ എന്ന് പിരിച്ചെഴുതാം. ഈ പ്രദേശത്ത് പണ്ടുകാലത്ത് ഒരാലും ഒരത്തിയും പരസ്പരം കെട്ടിപ്പിണഞ്ഞു വളര്‍ന്നു നിന്നിരുന്നുവെന്നു പഴമക്കാര്‍ പറയുന്നു. അതില്‍നിന്നു ജന്മം കൊണ്ടതാണ് ആലത്തിയൂര്‍ എന്ന പേരെന്നാണ് വായ്‌മൊഴി. കുളക്കരയില്‍ ഇന്നു കാണുന്ന ആലും അത്തിമരങ്ങളും പദോല്‍പത്തി സൂചിപ്പിക്കുന്ന വൃദ്ധമരങ്ങളുടെ ഇളംതലമുറക്കാരാണത്രെ!

സമീപ ക്ഷേത്രങ്ങള്‍

തിരൂര്‍-ചമ്രവട്ടം പാതയുടെ കിഴക്കു ഭാഗത്താണു ഹനുമാന്‍ കാവെങ്കില്‍, റോഡിന്റെ ഏകദേശം അതേസ്ഥലത്തു നിന്നു രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറുള്ള വെള്ളാമശ്ശേരിയിലാണു പേരുകേട്ട ഗരുഡന്‍ കാവ് ക്ഷേത്രം. ആയിരത്തിഎണ്ണൂറു വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം ഭാരതത്തില്‍ ഗരുഡനു അര്‍പ്പണം ചെയ്ത ഏക ആരാധനാലയമാണ്! തൊട്ടടുത്തു തന്നെ തൃപ്രങ്ങോട് ശിവക്ഷേത്രവും, അല്‍പം അകലെ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രവുമുണ്ട്. തൃക്കണ്ടിയൂര്‍ ശിവക്ഷേത്രവും, ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രവും ആറു കിലോമീറ്റര്‍ അകലത്തില്‍, യഥാക്രമം വടക്കും തെക്കുമായി നിലകൊള്ളുന്നു.

Tags: DevotionalSpecialAlambam Alathiyoor Hanuman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.