പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എഴുത്ത് ഒരു നിഷ്‌കാമ കര്‍മ്മമാണ്. ഉപനിഷത്തില്‍ പറയുംപോലെ അതൊരു ആത്മാന്വേഷണ സാഫല്യം കൂടിയാണ്. എഴുതുമ്പോള്‍ അകമേ സംഭവിക്കുന്ന സ്വാസ്ഥ്യത്തെപ്പറ്റി വിഖ്യാത എഴുത്തുകാരനാനായ ജോര്‍ജ് ആന്റേഴ്‌സന്റെ ഒരു നിര്‍വചനമുണ്ട്. ”എഴുത്ത് ഒരേ കാലം ജീവിതത്തിലേക്കും സംസ്‌കാരത്തിലേക്കും തുറന്നുകിടക്കുന്ന ജാലകങ്ങളാണ്. എഴുത്തുകാരന്‍ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ തലമുറകളിലൂടെ ആര്‍ജ്ജിച്ച വേദനയുടെ സത്താപരമായ ശേഷിപ്പുകള്‍ അനുഭവിച്ചറിയാനും എഴുത്തില്‍ അത് കൊണ്ടുവരുവാനും കഴിയും. എഴുത്തുകാരന്‍ സംസ്‌കാരത്തിലേക്ക് നോക്കുമ്പോള്‍ കാലാനുക്രമമായി അകത്തും പുറത്തും രൂപപ്പെട്ട സംസ്‌കാരത്തിന്റെ ബഹുസ്വരതകളെ ആഴത്തിലും പരപ്പിലും സര്‍ഗാത്മകതയുമായി ചേര്‍ത്തുകൊണ്ടുവരാനും കഴിയും. ഇങ്ങനെ ദ്വന്ദവ്യക്തിത്വത്തിലധിഷ്ഠിതമായ സര്‍ഗാത്മക ജീവിതമാണ് ഓരോ എഴുത്തുകാരനെയും കാലത്തിനപ്പുറത്തേക്ക് അടയാളപ്പെടുത്താന്‍ പ്രാപ്തനാക്കുന്നത്”. ആന്റേഴ്‌സന്റെ ഈ നിര്‍വചനം പ്രൊഫ പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ചേരും. വിശ്രമജീവിതം എഴുത്തിനായി മാറ്റിവച്ച അദ്ധ്യാപകനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. അദ്ദേഹത്തിന് എഴുത്ത് ഒരര്‍ത്ഥത്തില്‍ ആനന്ദോപാസനയാണ്. വാല്മീകിയുടേയും വ്യാസന്റേയും ഇതിഹാസകാവ്യങ്ങളെ അടയാളപ്പെടുത്തുന്ന മഹത്തായ രചനകളാണ് ഇദ്ദേഹത്തിന്റേത്. രാമായണ കാവ്യത്തെ അടിസ്ഥാനപ്പെടുത്തി ബഹുസ്വരതയാര്‍ന്ന കഥാപാത്രങ്ങളെ ഓരോരുത്തരെയായി ഇതിഹാസത്തില്‍ നിന്ന് വീണ്ടെടുത്ത് പുനഃരവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ ഓരോ കഥാപാത്രത്തിന്റേയും പേരെടുത്ത് പരാമര്‍ശിക്കുമ്പോള്‍ സഹൃദയന് ഒരു സന്ദേഹമുണ്ടാകും. ഇതിഹാസ കാവ്യങ്ങളില്‍ പരിചയപ്പെട്ട കഥാപാത്രങ്ങള്‍ തന്നെയല്ലേ ഈ ആഖ്യായികകളിലൂടെ രംഗത്ത് വരുന്നതെന്ന് തോന്നാം. എന്നാല്‍ അത്തരമൊരു ആഖ്യായികാ രചനാരീതിയല്ല ഉണ്ണികൃഷ്ണന്‍ പോറ്റി അവലംബിക്കുന്നത്. ഇതിഹാസ കാവ്യത്തെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇതിഹാസകാവ്യകാരന്‍ രേഖപ്പെടുത്താതെവിട്ട ചില അനുഭവമുഹൂര്‍ത്തങ്ങളെ കൂടി സ്പര്‍ശിക്കുന്നു. അത്തരമൊരു നവീനദര്‍ശനം ആഖ്യായികകളില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. അത്തരം സമീപനം മലയാള നോവലില്‍ ഏറെ പുതുമയുള്ള ഒന്നാണ്. കഥാപാത്രത്തേയും കഥാപാത്രം നിലനിന്നുപോകുന്ന ജീവിത തലങ്ങളേയും ആ കഥാപാത്രവുമായി ബന്ധപ്പെട്ട മറ്റ് കഥാപാത്രങ്ങളേയും സ്പര്‍ശിക്കുക മാത്രമല്ല, മിക്ക കഥാപാത്രങ്ങളുടേയും അന്തര്‍സംഘര്‍ഷങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് രചനാശൈലി. അങ്ങനെ വരുമ്പോള്‍ നാം ഇന്നലെവരെ ഇതിഹാസകാവ്യങ്ങളില്‍ അനുഭവിച്ചറിഞ്ഞ കഥാപാത്രമല്ല നമ്മുടെ മുമ്പില്‍ പ്രത്യക്ഷമാകുന്നത്. ആഖ്യായികയില്‍ നാം അനുഭവിച്ചറിയുന്ന കഥാപാത്രത്തിന് നമ്മുടെ ജീവിതവുമായി വളരെ അടുത്ത ഇഴയടുപ്പം ഉള്ളതായിതോന്നും. ഇത് ആഖ്യായിക കലയില്‍ പോറ്റിസാര്‍ ചിന്തിച്ചുറപ്പിച്ച് അവതരിപ്പിക്കുന്ന പുതിയ രീതിയാണ്. രാമായണ കാവ്യത്തില്‍ മാത്രമല്ല മഹാഭാരതത്തില്‍ നിന്നും അദ്ദേഹം ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്.
ഇങ്ങനെ സമഗ്രശോഭകലര്‍ന്ന നോവല്‍ പ്രമേയങ്ങളാണ് പോറ്റിസാറിന്റെ ആഖ്യായിക ചരിത്രത്തിലെ കരുത്തുള്ള ഈടുവയ്‌പ്പ്. ഇത്തരം നോവലുകള്‍ മുന്നോട്ടു വയ്‌ക്കുന്ന ജീവിത പരിസരങ്ങളാണ് ഏറെ ശ്രദ്ധേയമായി വിലയിരുത്തേണ്ടിവരിക. കഥാപാത്രങ്ങളെ ഇതിഹാസ കവിയില്‍ നിന്ന് കടംകൊള്ളുകയും എന്നാല്‍ അവരുടെ മനോവ്യാപാരങ്ങളിലും ജീവിതത്തിലുടനീളം പ്രോജ്വലിക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളിലും മാനുഷികമായ പരിഗണനയും പ്രസക്തിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യായികാരീതിയാണ് അവലംബിച്ചിട്ടുള്ളത്. വ്യാസകഥാപാത്രങ്ങളെ ഇത്ര തീഷ്ണവ്യക്തിത്വമുള്ള അനുഭവതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് ആഖ്യായിക രചിക്കുക എന്നത് മലയാളത്തില്‍ അത്യപൂര്‍വ്വ അനുഭവമാണ്. കഥാപാത്രത്തിന്റെ മാനുഷിക തലങ്ങളാണ് പ്രധാനമായും ഇത്തരം നോവലുകളില്‍ പരീക്ഷിച്ച് അവതരിപ്പിക്കുന്നത്. ‘വേദവ്യാസന്‍’ എന്ന നോവല്‍ തന്നെ പ്രധാന ചര്‍ച്ചാവിഷയമായി എടുക്കാം, വ്യാസജീവിതത്തിന്റെ അകവും പുറവും നമുക്കേറെ പരിചിതമായ ഒന്നല്ല. ‘വേദവ്യാസ’ന്റെ അകത്തേക്കൊഴുകിപ്പരന്ന ജീവിത സംഘര്‍ഷങ്ങള്‍ ഒറ്റവാക്കില്‍ ഒതുക്കിപ്പറയാവുന്നതുമല്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ നാം വായിച്ചറിഞ്ഞിട്ടുള്ള വേദവ്യാസ ജീവിതമല്ല ഉണ്ണികൃഷ്ണന്‍ പോറ്റി ഈ നോവലില്‍ അവതരിപ്പിക്കുന്നത്. വേദവ്യാസന്‍ എന്ന പച്ചയായ മനുഷ്യനെ ഇതില്‍ കാണാം. കേവലമൊരു മനുഷ്യന്‍ എന്ന യാഥാര്‍ത്ഥ്യബോധത്തിന്റെ തീഷ്ണത വല്ലാത്തൊരു നീറ്റലായി ഉള്ളില്‍ പേറുന്ന ഒരു മനുഷ്യനെയാണ് ‘വേദവ്യാസ’നില്‍ നമുക്ക് കണ്ടെത്താന്‍ കഴിയുക. അതുപോലെ ‘ഹിഡുംബി’യുടെ കഥ പറയുമ്പോള്‍ സ്ത്രീ സഹജമായ ചാപല്യങ്ങളും ആ ഹൃദയത്തെ വല്ലാതെ മഥിച്ച വികാരപരതയുടെ തീഷ്ണമുഹൂര്‍ത്തങ്ങളേയും കേവലും ഒരു സ്ത്രീ എന്ന അനുഭവസത്തയില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് കഥ പറയുകയാണ് നോവലിസ്റ്റ്. ‘ഊര്‍മ്മിള’യിലും ‘ശൂര്‍പ്പണഖ’യിലും ‘മണ്ഡോദരി’യിലും ‘ശര്‍മിഷ്ഠ’യിലും ‘ദുശ്ശള’യിലും ‘ദ്രൗപതി’യിലുമെല്ലാം സ്ത്രീത്വത്തിന്റെ തീഷ്ണമായ അന്തര്‍സംഘര്‍ഷങ്ങളും വൈകാരിക സാക്ഷ്യങ്ങളുടെ മാനുഷിക വശങ്ങളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ രൂപപ്പെടുന്ന മാനുഷികദര്‍ശനമാണ് ഈ നോവലുകളുടെയെല്ലാം അകംപൊരുളായി പ്രകാശിതമാകുന്നത്. അതുകൊണ്ടുതന്നെ ഇതിഹാസകാവ്യങ്ങളില്‍ നിന്ന് വ്യതിരിക്തമായ ഒരു ജീവിതാഖ്യാനസരണി അന്വേഷിച്ചറിയുകയാണ് പ്രൊഫ. പി.എന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ഈ അന്വേഷണ വ്യഗ്രതയാണ് ഇരുപത്തിയഞ്ചിലധികം നോവലുകളിലേക്ക് ഇദ്ദേഹത്തെ വഴിനടത്തിയത്.
ആഖ്യായിക രചനകള്‍ക്കൊപ്പം ശ്രദ്ധേയമായ പഠനപുസ്തകങ്ങളും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ മുഖ്യം നാല് പുസ്തകങ്ങളാണ്. മഹാഭാരതത്തിലെ ഇരുപത് കേന്ദ്രകഥാപാത്രങ്ങളെ കുറിച്ചുള്ള പഠനപുസ്തകമാണ് ‘വ്യാസകഥാപാത്രങ്ങള്‍’. ഇതിഹാസകാവ്യത്തില്‍ സജീവശ്രദ്ധനേടിയിട്ടുള്ള ഈ കഥാപാത്രങ്ങളെ അവരുടെ മനോവ്യാപാരങ്ങളേയും നാടകീയ മുഹൂര്‍ത്തങ്ങളേയും കുറിച്ചുള്ള ഒരന്വേഷണ പഠനമാണിത്. ഈ കഥാപാത്രങ്ങള്‍ അവരുടെതന്നെ സത്താപരമായ ഒരാത്മാന്വേഷണത്തിലേക്ക് കടക്കുന്നു എന്നര്‍ത്ഥം. ഇതേ അനുഭവത്തിന്റെ പൊരുളടക്കമാണ് ‘വ്യാസദര്‍പ്പണം’ എന്ന പുസ്തകം. ‘വേദവ്യാസ’ന്റെ ഇതിഹാസ മനസ്സിലേക്കുള്ള ഒരന്വേഷണപഥമാണ് ഇതിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ആത്മസംഘര്‍ഷങ്ങളിലൂടെ കാവ്യസംസ്‌കാരത്തിന്റെ പൊരുളുകണ്ടെത്തി കാലനിബദ്ധമായ ഒരു ജീവിതചര്യ ഇതിഹാസകാവ്യത്തിലൂടെ അവതരിപ്പിച്ച കവിയെ അനുഭവിച്ചറിയാന്‍ ‘വ്യാസദര്‍പ്പണ’ത്തിലൂടെ സാധിക്കുന്നു. മറ്റൊരുപുസ്തകം ‘രാമായണത്തിലൂടെ’യാണ്. രാമായണകാവ്യത്തിന്റെ കാവ്യബോധത്തെ സമകാലിക ജീവിതത്തിന്റെ അനുഭവനിര്‍വചനങ്ങള്‍ കൊണ്ട് വിശദീകരിക്കുന്ന പഠനങ്ങളാണിതില്‍. ഇതിഹാസകാവ്യത്തില്‍ വേണ്ടത്ര മിഴിവില്ലാതെ കടന്നുപോയ ജീവിതമുഹൂര്‍ത്തങ്ങളെ കണ്ടെത്തി സ്വതന്ത്രവും വൈയക്തികവുമായ നിര്‍വചനം നല്‍കുകയാണ് ഈ പഠനകൃതിയിലൂടെ. മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള പഠനപുസ്തകം ‘യതോധര്‍മ്മ സ്തതോ ജയ’ നമ്മുടെ വായനയില്‍ നിന്ന് മാറിനില്‍ക്കുന്ന ശ്രേഷ്ഠമായ ഒരു പുസ്തകമാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്‌കാര നിര്‍വചനങ്ങളും കാലികമായ ജീവിതനിര്‍വചനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് എഴുതപ്പെട്ടതാണ് ഈ കൃതി. ഇത്തരം പഠനങ്ങളിലൂടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുന്നോട്ട് വയ്‌ക്കുന്നൊരു ആശയധാരയുണ്ട്. അത് വ്യതിരിക്തമായ ഒരു ചിന്താപദ്ധതിയില്‍ നിന്ന് ലക്ഷ്യബോധത്തിലേക്ക് പായുന്ന ശരരാശിയുടെ തീഷ്ണസാന്നിധ്യം കൂടിയാണ്.
സ്വത്വം നഷ്ടപ്പെടാത്ത വിവര്‍ത്തനങ്ങള്‍
വിവര്‍ത്തനമേഖലയിലും ഇദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലങ്ങളാണ്. നളചരിതം ആട്ടക്കഥയുടെ വിവര്‍ത്തനം, ‘മാക്‌സിമം ഓഫ് എഴുത്തച്ഛന്‍’, കാളിദാസന്റെ ‘മേഘസന്ദേശം’ എന്നീ കൃതികളുടെ പരിഭാഷയും ഏറേ ശ്രദ്ധേയങ്ങളാണ്. പരിഭാഷ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നതാണ് കവിത എന്നൊരു വിഖ്യാതമൊഴിയുണ്ട്. എന്നാല്‍ അകമേ കാവ്യാനുരാഗമുള്ള പോറ്റിസാര്‍ പരിഭാഷ ചെയ്യുമ്പോള്‍ മൂലകൃതിയില്‍ നിന്നുള്ള കാവ്യസത്ത് അതേ രസാനുഭവങ്ങളോടെ പരിഭാഷാസാഹിത്യത്തിലേക്ക് ഒഴുകിപ്പരക്കുന്നത് കാണാം. കാളിദാസകവിയുടെ ‘മേഘസന്ദേശം’ എന്ന ഒരൊറ്റ കൃതി മതി ഇതിന് ഉത്തമ ഉദാഹരണമായി എടുത്തുകാട്ടാന്‍. തിരുനെല്ലൂര്‍ കരുണാകരന്റെ ‘മേഘസന്ദേശം’ പരിഭാഷാ പുസ്തകമാണ് പോറ്റിസാര്‍ പരിഭാഷയ്‌ക്കായി തെരഞ്ഞെടുത്തത്. ‘മേഘസന്ദേശ’ത്തിന്റെ ഗരിമയും മഹിമയും ഒട്ടും ചോര്‍ന്നുപോകാത്ത കാവ്യ പരിഭാഷയാണ് തിരുനെല്ലൂര്‍ ചെയ്തത്. അതിനെ കൊമ്പോടുകൊമ്പ് കാവ്യസംസ്‌കാരത്തോട് ചേര്‍ത്തുവച്ച് മൊഴിമാറ്റം ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന ന്യൂനതകളെയെല്ലാം പോറ്റിസാറിനുള്ളിലെ കവി പുതിയ ഒരനുഭവമാക്കി വിളക്കിച്ചേര്‍ക്കുന്നു. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ കവികളുടെ കവിതകള്‍ ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തു. കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യും ‘മിന്നാമിനുങ്ങും’ ‘വീണപൂവും’ വള്ളത്തോളിന്റെ ‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി’യും ‘എന്റെ ഗുരുനാഥനും’ ‘മലയാളത്തിന്റെ തലയും’ ‘സന്ധ്യാപ്രണാമ’വും മഹാകവി ഉള്ളൂരിന്റെ ‘വിദുരഭിക്ഷ’യും തുടങ്ങി ജി. ശങ്കരക്കുറുപ്പ്, നാലപ്പാട്ട് നാരായണമേനോന്‍, പി. കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, സുഗതകുമാരി എന്നിവരുടെ ശ്രദ്ധേയങ്ങളായ കവിതകള്‍ പരിഭാഷാ ദൗത്യത്തിന്റെ കാതലായി തീര്‍ന്നിട്ടുണ്ട്. ശങ്കരാചാര്യരുടെ ‘ഭജഗോവിന്ദ’വും പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’യും എടുത്തുപറയേണ്ട ശ്രദ്ധേയങ്ങളായ കൃതികളാണ്. നൈസര്‍ഗികമായ പരിഭാഷാ സംസ്‌കാരമാണ് പി.എന്‍. ഉണ്ണികൃഷ്ണന്റെ കൃതികളുടെ അനുഭവതലം. മൂലകൃതിയെ അതിന്റെ സാംസ്‌കാരിക ബോധ്യത്തോടെയും ജീവിതമൂല്യനിര്‍ണയത്തോടെയുമാണ് പോറ്റിസാര്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നത്.
ആട്ടക്കഥാ സാഹിത്യരചനയിലും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചു. അദ്ദേഹത്തിന്റെ ആട്ടക്കഥകള്‍ മിക്കതും ഇതിഹാസകാവ്യങ്ങളില്‍ നിന്ന് ഉപജീവിച്ച് രചിച്ചതാണ്. ഇതിഹാസകാവ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെ ആഴത്തില്‍ പഠിച്ച് അനുഭവിച്ച് രംഗബോധത്തിലധിഷ്ഠിതമായൊരു മുഹൂര്‍ത്തം സൃഷ്ടിക്കുകയാണ് ഈ ആട്ടക്കഥകളെല്ലാം. രംഗപ്രയോഗക്ഷമതയും നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥലരാശിയും അതിന് അനുസൃതമായ കാവ്യബോധവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു അരങ്ങാണ് പോറ്റിസാര്‍ രചിച്ച എല്ലാ ആട്ടക്കഥകളും. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആട്ടക്കഥകള്‍ രംഗത്ത് അവതരിപ്പിക്കപ്പെടുമ്പോള്‍ ഒരു പുതിയ അനുഭവമായി സഹൃദയനുള്ളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത്. ‘മാരുതിവിജയം’, ‘ജടായുമോക്ഷം’, ‘കര്‍ണ്ണഭിക്ഷ’, ‘ഭീഷ്മപര്‍വ്വം’, ‘ദ്രോണവധം’, ‘പരീക്ഷത്ത്’, ‘ശര്‍മ്മിഷ്ഠ’, ‘സീതാവിജയം’, ‘ശ്രീകൃഷ്ണവിജയം’, ‘അര്‍ജ്ജുനവിജയം’ എന്നിവയാണ് അദ്ദേഹം ഇതിഹാസകാവ്യങ്ങളില്‍ നിന്ന് കണ്ടെത്തി രംഗബോധ്യത്തോടെ പുനഃരവതരിപ്പിക്കുന്നത്. വിഖ്യാത നാടകകൃത്ത് വില്യംഷേക്‌സ്പിയറിന്റെ ‘മര്‍ച്ചന്റ്‌സ് ഓഫ് വെനീസ്’ എന്ന നാടകത്തിന്റെ ആട്ടക്കഥാ സാഹിത്യവും രചിച്ചിട്ടുണ്ട്. ‘ഷൈലോക്ക്’ എന്നാണ് പ്രസ്തുത ആട്ടക്കഥയുടെ നാമം. ആട്ടക്കഥാ സാഹിത്യത്തില്‍ തന്നെ ഇതൊരു പുതിയൊരു അനുഭവമാണ്. കേവലം കഥയും കഥാപാത്രങ്ങളെയും കണ്ടെത്തി രംഗത്ത് അവതരിപ്പിക്കുക എന്നതിലുപരി ആ കഥാപാത്രങ്ങള്‍ക്കും അവര്‍ നിലകൊള്ളുന്ന സാമൂഹിക ജീവിത തലങ്ങള്‍ക്കും വ്യതിരിക്തമായൊരു ഉള്‍ക്കാഴ്ചക്കൂടി നല്‍കാന്‍ പ്രാപ്തമായൊരു കഥാസന്ദര്‍ഭത്തെയാണ് ‘ഷൈലോക്കി’ലൂടെ തീരുമാനിച്ചുറപ്പിക്കുന്നത്. ഇതിന് കാലികമായൊരു തീക്ഷ്ണാനുഭവംകൂടിയുണ്ട്. കണ്ട് മറന്നുപോകുന്ന ജീവിതമുഹൂര്‍ത്തങ്ങളല്ല ഇദ്ദേഹത്തിന്റെ ആട്ടക്കഥകളൊന്നും. അവ നമ്മെ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്നവകൂടിയാണ്.
1942ല്‍ കാപ്പില്‍ കിഴക്ക് കൃഷ്ണപുരത്താണ് പി.എന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജനിച്ചത്. 1965ല്‍ ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായി. ദേവസ്വം ബോര്‍ഡിന്റെ വിവിധ കോളജുകളില്‍ പ്രൊഫസറായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു. 1997ല്‍ ശാസ്താംകോട്ട കോളേജില്‍ നിന്ന് വിരമിച്ചു.
രത്‌നമണി ദേവിയാണ് ഭാര്യ. മക്കള്‍: ഡോ.ഗീത, വേണു കൃഷ്ണന്‍, ശ്രീജ കൃഷ്ണന്‍. മരുമക്കള്‍: കെ.ഇ. മുരളീധരന്‍, സവിത വേണുകൃഷ്ണന്‍, അഡ്വ. ഇന്ദുശേഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: