യെസ് കുറ്റിപ്പുരം….. കുറ്റിപ്പുരം…. ശബ്ദം കേട്ടാണ് ഞാന്‍ മയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. നോക്കുമ്പോള്‍ എതിര്‍വശത്തെ സീറ്റില്‍ ഇരുന്ന സായിപ്പും മദാമ്മയും ട്രെയിനിന്റെ വശത്തെ ഷട്ടര്‍ ഉയര്‍ത്തി നോക്കി. ധൃതിയില്‍ അവരുടെ ബാഗുകള്‍ എടുത്ത് യാത്രക്കാര്‍ക്കിടയിലൂടെ തിക്കിത്തിരക്കി ഡോറിനടുത്തേക്ക് നീങ്ങുകയാണ്. ട്രെയിനില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതുവരെയും ഇറുക്കിപ്പിടിച്ചാണ് ഇരുന്നത്. ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ഈ തിരക്കും ബഹളവുമെല്ലാം എത്രയോ അനുഭവിച്ചിരിക്കുന്നു. കുറേപേര്‍ ഇവിടെ ഇറങ്ങിയത് കൊണ്ട് തെല്ലാശ്വാസത്തോടെ ഒന്ന് നിവര്‍ന്നിരുന്നു. ഇനി വണ്ടി പട്ടാമ്പിയില്‍ എത്തിയാല്‍ കമ്പാര്‍ട്ട്മെന്റ് ഏറെക്കുറെ ശൂന്യമാകുമെന്ന് തോന്നി.
ബാഗില്‍ നിന്ന് വെള്ളക്കുപ്പി എടുത്ത് ദാഹം തീര്‍ത്തപ്പോള്‍ ഒരു ഉന്മേഷം കൈവന്നതുപോലെ. ട്രെയിനെത്തുന്ന സമയം വീട്ടില്‍ ഫോണ്‍ ചെയ്ത് അറിയിക്കാന്‍ മറന്ന് പോയത് അപ്പോഴാണ് ഓര്‍മ്മ വന്നത്. ഇനി പറഞ്ഞിട്ട് കാര്യമില്ല. സ്റ്റേഷനില്‍ നിന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് വീട്ടില്‍ പോവാം. ഇതൊന്നും ആദ്യമായിട്ടല്ലല്ലോ. പുറത്ത് വറ്റിവരണ്ട് നീണ്ടു കിടക്കുന്ന ഭാരതപ്പുഴ കാണുമ്പോള്‍ വിഷമം തോന്നുന്നു.
ഓര്‍മ്മകള്‍ പിറകിലേക്ക് പറന്നു പോകുന്നു. കുട്ടിക്കാലത്ത് അച്ഛന്റെ വീട്ടില്‍ പോകുന്നതുതന്നെ ഭാരതപ്പുഴയുടെ ഓളപ്പരപ്പില്‍ നീന്തിക്കുളിക്കാനും തേവരെ തൊഴാനും വേണ്ടിയായിരുന്നല്ലോ. കടവിലെ പാറപ്പുറത്ത് കയറി പുഴയിലെ വെള്ളത്തിലേക്ക് ചാടി മറിയാന്‍ കൂട്ടുകാര്‍ വേറെയും ഉണ്ടാകും. കണ്ടില്ലേ പിള്ളാര് ആണ്‍കുട്ട്യോളെപ്പോലെ ഇങ്ങനെ ചാടി മറിയാന്‍ പാടുണ്ടോ? കടവില്‍ അച്ചമ്മ വഴക്ക് പറയും. കേട്ടഭാവം പോലും നടിക്കാതെ വീണ്ടും കളിതന്നെ. അല്ലെങ്കിലും താനും ഇന്ദുവും അങ്ങനെതന്നെയായിരുന്നില്ലേ. വെള്ളത്തില്‍ ചാടാനും മരം കയറാനും തയ്യാറുള്ള ഞങ്ങള്‍ ബാല്യകാല ചങ്ങാതികളായിരുന്നു. വീട്ടിലെ എല്ലാവര്‍ക്കും ഓമനകള്‍…
പി.ജി. നമ്പ്യാര്‍ എന്ന നമ്പര്‍ 10 പോലീസുകാരന്റെ ഈ മകളും മരുമകളും…. വേദനകളും സങ്കടങ്ങളും ഒന്നുമറിയാത്ത നിഷ്‌കളങ്കമായ ബാല്യകാലം. നന്മയുടെ ആ നല്ല പൂക്കാലം. ഇന്നും എന്നും ഓര്‍മ്മിക്കാനും ഓമനിക്കാനും എന്റെ ബാല്യകാലം…. ഇന്ദു… അവളുടെ ദുഖം, അവളുടെ വേദന…. മൂത്ത മകന്റെ ആക്സിഡന്റ് മരണം… അവളെ മാനസികമായും ശാരീരികമായും വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ഒരിക്കല്‍ അമ്പലത്തില്‍ വെച്ച് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. പഴയ പ്രസരിപ്പും ഓജസ്സും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പുത്ര ദുഖമാണെന്ന് അമ്മൂമ്മ എപ്പോഴും പറയുമായിരുന്നു. സന്താന സൗഖ്യം തരേണമേ ഈശ്വര എന്ന് സന്ധ്യയ്‌ക്ക് നാം ജപിക്കുമ്പോള്‍ അമ്മൂമ്മ പ്രാര്‍ത്ഥിക്കുന്നത് കേട്ടിട്ടുണ്ട്.
ട്രെയിനിറങ്ങി നേരെ ഓട്ടോസ്റ്റാന്റില്‍ നിന്ന് വീട്ടിലേക്ക്. പാടത്തിന്റെ അപ്പുറത്തെത്തിയപ്പോള്‍ ചാര്‍ജ്ജ് കൊടുത്ത് ഓട്ടോക്കാരനെ മടക്കി. അതെ… ഇന്ന് പാടവരമ്പത്ത് കൂടി നടന്ന് കയറാമെന്ന് തോന്നി.
വരമ്പിലൂടെ നടന്ന് തോട്ടുവക്കത്തെത്തിയപ്പോള്‍ ഓര്‍മ്മ വന്നത് തോടിന് കുറകെ പണ്ട് ഇട്ടിരുന്ന കരിമ്പനപാത്തിയാണ്. അന്ന് പേടിച്ച് പേടിച്ചാണ് തോട് കടന്നിരുന്നത്. ഇന്നിവിടെ ഒരു മരപ്പാലം ഇട്ടിരിക്കുന്നു. എന്താ കുട്ട്യേ ഇന്ന് ഈ വഴിയൊക്കെ? മൂത്തോര് എവിടെ?
പെട്ടെന്ന് ഒരു ചോദ്യം. അടുത്തുള്ള കാളക്കുളത്തില്‍ നിന്ന് ചാത്തുകുട്ടിയാണ്. ഹൊ. ഇയാള്‍ക്ക് ഇപ്പോഴും പറയത്തക്ക മാറ്റങ്ങളൊന്നും ഇല്ലല്ലോ. കാഴ്ചയില്‍ കുറച്ച് വയസ്സായിട്ടുണ്ട്. വായില്‍ പല്ലുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഉള്ള പല്ലുകളും ചുണ്ടുകളും മുറുക്കിച്ചുവപ്പിച്ചിട്ടുണ്ട്. കാളകളെ കുളത്തില്‍ വിട്ട് അയാള്‍ കയറിവന്നു. അരികില്‍ നിന്ന് ചിരിച്ചു തല ചൊറിഞ്ഞു നിന്ന അയാളുടെ കയ്യില്‍ ഒരു അഞ്ഞൂറ് രൂപ നോട്ട് വെച്ചുകൊടുത്തു. മുഖത്ത് നന്ദിസൂചകമായൊരു പുഞ്ചിരി അയാളില്‍ മിന്നി മറഞ്ഞു. എന്നാ ശരി നടക്കട്ടെ, അമ്പലത്തില്‍ ഇന്ന് നമ്മുടെ കളമെഴുത്ത് പാട്ടുണ്ട്. വരൂ..ട്ടോ, എന്ന് പറഞ്ഞു.
എന്തെങ്കിലുമൊക്കെ വാങ്ങി വീട്ടില്‍ കൊടുക്കൂ, അരിഷ്ടം കഴിക്കാനുള്ളതല്ല ട്ടോ. ഞാന്‍ കോതയോട് ചോദിക്കുമെ എന്ന് താക്കീതുചെയ്തു.
മുന്നോട്ട് നടക്കുമ്പോള്‍ അയാള്‍ പറയുന്നത് കേട്ടു. കുട്ടി ഒന്നും മറന്നിട്ടില്ല. അതെങ്ങനാ വല്യമ്പ്രാട്ടിയുടെ പഠിപ്പല്ലേ. അയാള്‍ ഓര്‍മ്മയില്‍ അയവിറക്കുകയാണ്. നേരെ വീടിനെ ലക്ഷ്യമാക്കി നടന്നു. വീടെത്താറായിരിക്കുന്നു. ഒതുക്കുകള്‍ കയറി ചെറിയ തോട്ടത്തില്‍ കൂടി വടക്ക് വശത്തെത്തിയപ്പോഴാണ് അമ്മാമന്റെ കണ്ണില്‍പെട്ടത്. തങ്കമണീ ഇതാ എന്റെ മരുമോളെത്തി ചോറ് വിളമ്പിക്കോ എന്ന് അമ്മായിയോട് വിളിച്ചു പറഞ്ഞു.
ബാഗ് മേശപ്പുറത്ത് വെച്ച് നേരെ വാഷ്റൂമില്‍ കയറി. കാലും മുഖവും കഴുകി. തണുത്ത വെള്ളം മുഖത്ത് വീണപ്പോള്‍ നല്ല സുഖം. നല്ല വിശപ്പുണ്ട്. അമ്മായിയുടെ രസകാളന്‍ കുട്ടി ചോറുണ്ണുമ്പോള്‍ പഴയ ഓമക്കാലം ഓര്‍മ്മ വന്നു. മെഴുക്ക് പുരട്ടിയും, അവിയലും, നാരങ്ങാ അച്ചാറും, പപ്പടവും, മോരും എല്ലാമുണ്ട്. വിഭവ സമൃദ്ധമായ ഊണ്. ഊണ് കഴിഞ്ഞ് സുഖമായി കിടന്ന് ഒന്നുറങ്ങണം.
അഞ്ചരയ്‌ക്ക് അമ്പലത്തിലെത്തണം ട്ടോ; അമ്മായിയാണ്. ശരി അമ്മായി…. കണ്ണടച്ച് കിടന്നു. ഇപ്പോള്‍ അമ്മ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു. അമ്മായി വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. പെട്ടെന്ന് തന്നെ കുളിച്ച് റെഡിയാവണം. താലമെടുക്കാനുള്ളതല്ലെ?
കുളിച്ചൊരുങ്ങി എല്ലാവരുടെയും കൂടെ അമ്പലത്തിലേക്ക് നടന്നു. നടയില്‍ കൈ കൂപ്പി നില്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ വീണ്ടും പിറകിലേക്ക് പറന്നുകൊണ്ടിരുന്നു. അമ്മയും അമ്മൂമ്മയുമൊത്ത് പണ്ട് ഇവിടെ നടയില്‍ തൊഴുത് പ്രാര്‍ത്ഥിച്ച് നിന്നത്. അമ്മേ…. ദേവീ…. പ്രസാദിക്കണേ, രക്ഷിക്കണേ, എന്നും എപ്പോഴും കൂടെ ഉണ്ടാവണേ…. കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു പ്രാര്‍ത്ഥിച്ചു നിന്നപ്പോള്‍.
വെളിച്ചപ്പാടിന്റെ അരുളപ്പാട് കേട്ട് കണ്‍ തുറന്നു. എന്‍ പിള്ളെ. സങ്കടത്തോടെ വിളിച്ചപ്പോഴെല്ലാം ഞാന്‍ കൂടെയുണ്ടല്ലോ. എന്റെ കാര്യങ്ങളെല്ലാം വൃത്തിയായി ഭംഗിയോടെ ചെയ്യുന്നുണ്ടല്ലോ. പൈതലേ നാം പ്രസന്നവതിയാണ്. പ്രസാദിച്ചിരിക്കുന്നു.
വാളില്‍ പണം വെച്ച് തിരിയുമ്പോള്‍ അമ്മാമയുടെ പേരക്കുട്ടി അവന്റെ അമ്മയോട് പറയുന്നത് കേട്ടു. എന്താ ഉണ്ടായേ? വല്ല്യമ്മ എന്തിനാ കരഞ്ഞെ അമ്മേ…
കുട്ടികള്‍ക്ക് അറിയില്ലല്ലോ ഓര്‍മ്മവെച്ച നാള്‍ മുതല്‍ നമ്മള്‍ കാത്ത് സൂക്ഷിച്ച പല മൂല്യങ്ങളും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കകയാണെന്ന സത്യം. അന്ന് നമ്മുടെ മുറ്റത്ത് അരിമാവില്‍ അണിയിച്ചൊരുക്കിയ കളത്തില്‍ പറ വെച്ച് വെളിച്ചപ്പാട്, പിന്നെ തിറയും പൂതനും പാണപ്പാട്ട്, നായാടിപ്പാട്ട് ഉത്സവം കൊടികയറിയ അന്ന് മുതല്‍ ഇവരൊക്കെ കയറിയിറങ്ങുന്നതും നോക്കി ഇരിക്കും. അവര്‍ക്ക് അവകാശങ്ങള്‍ ഉണ്ട്. നെല്ല്, അരി, എണ്ണ, നാളികേരം, മുണ്ട്, ശങ്കരനായാടി കളിക്കുന്നു, എന്ന് അറിയിപ്പ് ഉടുക്ക് കൊട്ടി പാട്ട് പാടുമ്പോള്‍ ശങ്കരന്‍നായര് കളിക്കുന്നു.
‘രാമന്‍നായര് കളിക്കുന്നു. ശങ്കരന്‍ നായരും രാമന്‍നായരും കൂടി കളിക്കുന്നു’ എന്ന് പാത്രത്തില്‍ത്തട്ടി ഞങ്ങള്‍ ഏറ്റുപാടുമ്പോള്‍ അമ്മൂമ്മ വിളിച്ച് പറയും- ഈ കുട്ടികളുടെ ഒരു കാര്യം, അമ്മാമ കേള്‍ക്കണ്ട എന്നൊരു ശാസനയും.
വേല (പൂരം) ദിവസം മുല്ലനും, കുലവനും കാളിയും ചാത്തയും കൂടി വൈക്കോലില്‍ കെട്ടി ഒരുക്കിയ കാള, അതിന് കൊമ്പും ചെവിയും മുഖവും എല്ലാം വെച്ച് കെട്ടി ഒരുക്കി പുല്ലാന്നി വള്ളി മരത്തിന്റെ പൂവില്‍ കെട്ടി ഒരുക്കിയ മാലയില്‍ ചെമ്പരുത്തിയും കോര്‍ത്ത് കെട്ടും. അത് കാളയുടെ കഴുത്തില്‍ അണിയിച്ച് അതിനെ കരികൊണ്ട് കണ്ണെഴുതിച്ചിരിക്കും. ഊണ് കഴിച്ച്, പിന്നെ മുറുക്കി ചുവപ്പിച്ച് അവര്‍ കാളയെ തോളിലേറ്റി അമ്പലത്തിലേക്ക് എഴുന്നള്ളിക്കുന്ന കാഴ്ച ഹോ… ഓര്‍ക്കുമ്പോള്‍ എന്ത് രസമായിരുന്നു ആ ബാല്യകാലം. പിറ്റേദിവസം കാഴ്ചക്കുലയുടെ കൂടെ കാണാം പൊരിയും, മുറുക്കും, ആറാംനമ്പറും എല്ലാം.
എല്ലാം ഓര്‍മ്മകള്‍ മാത്രമായ്…
ഒരു നേര്‍ത്ത തേങ്ങലായ്…
അന്ന് ഓര്‍ത്തില്ല. എല്ലാം…. എല്ലാവരും നമ്മെ വിട്ടുപോകും. എല്ലാം ഓര്‍മ്മകള്‍ മാത്രമാകും എന്ന ദുഃഖസത്യം. അമ്മു വന്നു വിളിച്ചപ്പോഴാണ് ചിന്തകളില്‍ നിന്നും ഉണര്‍ന്നത്. വേഗം എണീറ്റു നടയ്‌ക്ക് നേരെ നിന്ന് തൊഴുതു പ്രാര്‍ത്ഥിച്ചു. അമ്മേ ! ദേവീ. രക്ഷിക്കണേ! എന്ന്, അതെ, സമസ്താപരാധം പൊറുത്ത് നേര്‍വഴിക്ക് നയിക്കണേ! എന്ന പ്രാര്‍ത്ഥനയോടെ തിരിഞ്ഞു നടന്നു. ഒരുപാട് ഓര്‍മ്മകളോടെ…
മടക്കയാത്രക്ക് പാസഞ്ചര്‍ ട്രെയിന്‍തന്നെ പിടിച്ചു. ഓരോ സ്റ്റേഷനിലും നിര്‍ത്തി നിര്‍ത്തി പോകുമല്ലോ. നാട്ടുകാഴ്ചകള്‍ അത്രയും നേരംകൂടി കാണാമല്ലോ എന്ന് കരുതി. വണ്ടിയുടെ എതിര്‍ദിശയിലുള്ള സീറ്റിലാണിരുന്നത്. കാഴ്ചകളും ഓര്‍മ്മകളും ഒരു വാഹനത്തിന്റെ വശക്കണ്ണാടിയില്‍ കാണുന്ന കാര്യങ്ങള്‍ പോലെ മനസില്‍ തെളിയും. കാലം സഞ്ചരിക്കുകയാണ്. ഒപ്പം ഓടാതെ പറ്റില്ല. ഇടയ്‌ക്കിടയ്‌ക്ക് തിരിഞ്ഞുനോട്ടങ്ങള്‍ മെല്ലെ നടത്തങ്ങള്‍.
ഒന്നും പക്ഷെ കാലത്തെ പിടിച്ചുനിര്‍ത്തുന്നുമില്ല. വണ്ടിയുടെ വേഗവും താളവും പോലെ തുടക്കത്തില്‍ പതിയെ, ഇടയ്‌ക്ക് ഒന്ന് മുറുകി. പിന്നെയും പതിഞ്ഞ് വീണ്ടും മുറുകി… യാത്രകള്‍ക്കൊന്നും കൊതി തീര്‍ക്കാനാവില്ലല്ലോ…
ഓര്‍മ്മകള്‍ ഓളങ്ങള്‍ തീര്‍ത്ത് ഒരു യാത്രകൂടി ഇവിടെ അവസാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: