പാലക്കാട്: യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിക്കുകയാണ് സി.പി.എം സംസ്ഥാന നേതൃത്വം.ശശിയുടെ രാഷ്‌ട്രീയ നീക്കങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ പാലക്കാട് ജില്ലാ നേതൃത്വം കൈമാറി.
അതേസമയം, പികെ ശശിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച വി കെ ശ്രീകണ്ഠന്‍ എംപി സ്വപ്നലോകത്തെ ബാലഭാസ്‌കരനെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു പരിഹസിച്ചു.എന്നാല്‍ വികെ ശ്രീകണ്ഠനെ തള്ളി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് പി.കെ.ശശിയുടെ ശ്രമമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്.ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ പി.കെ.ശശി സ്വതന്ത്രനായി മത്സരിക്കാനുളള സാധ്യത വരെ ഉണ്ടെന്ന വിലയിരുത്തലിലാണ് സി പി എം. ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എയായ ശശിയെ അവിടെ സ്വതന്ത്രനായി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും പദ്ധതിയുണ്ടെന്നാണ് സിപിഎം സംശയിക്കുന്നത്.
മണ്ണാര്‍ക്കാട്ടെ പരിപാടിയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും അതിനുമുന്‍പും ശശി യു.ഡി.എഫ് വേദികളിലെത്തിയതായി പാലക്കാട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം സ്ത്രീകളെ അപമാനിച്ചവര്‍ക്ക് ഒളിക്കാനുള്ള ഒളിതാവളമല്ല കോണ്‍ഗ്രസെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
പാര്‍ട്ടിയെ നേരിട്ട് വിമര്‍ശിക്കാനോ വെല്ലുവിളിക്കാനോ മുതിരാത്തതിനാല്‍ ശശിക്കെതിരെ പ്രതികരിക്കാനോ നടപടിയെടുക്കാനോ കഴിയാത്ത സ്ഥിതിയിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: