ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം. ഇന്ത്യയുടെ 2024-25 വര്‍ഷത്തെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന സൈനിക ഭൂപ്രദേശങ്ങള്‍ പൈതൃക പട്ടികയില്‍ ഇടം നേടി. യുനെസ്‌കോയുടെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ 44-ാമത്തെ പൈതൃക കേന്ദ്രമാണ് തമിഴ്നാട്ടിലെയും മഹാരാഷ്‌ട്രയിലെയും കോട്ടകള്‍.
17-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെയുള്ള മറാഠ സാമ്രാജ്യത്തിന്റെ സൈനിക തന്ത്രങ്ങളുടെയും വാസ്‌തുവിദ്യാ വൈഭവത്തിന്റെയും പ്രതീകമായ പന്ത്രണ്ട് കോട്ടകളുടെ ശൃംഖലയാണ് ഈ നേട്ടത്തിന് അർഹമായിരിക്കുന്നത്. മഹാരാഷ്‌ട്രയിലെ 11 കോട്ടകളും തമിഴ്‌നാട്ടിലെ ഒരു കോട്ടയും ഇതിൽ ഉൾപ്പെടുന്നു.

ഗിരിദുർഗങ്ങൾ (Hill forts) സൽഹേർ, ശിവ്നേരി, ലോഹ്ഗഡ്, റായഗഡ്, രാജ്‌ഗഡ്, ജിഞ്ചി
വനദുർഗ്ഗം (Hill-forest fort): പ്രതാപ്‌ഗഡ്
പീഠഭൂമി കോട്ട (Hill-plateau fort): പൻഹാല
തീരദേശ കോട്ട (Coastal fort): വിജയദുർഗ്
ദ്വീപ് കോട്ടകൾ (Island forts): ഖാണ്ഡേരി, സുവർണദുർഗ്, സിന്ധുദുർഗ് എന്നിവയാണ് 17-ാം നൂറ്റാണ്ടിൽ പ്രതിരോധം തീർത്ത സൈനിക കേന്ദ്രങ്ങള്‍. വിവിധ ഭൂപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടകൾ മറാഠി ഭരണാധികാരികളുടെ ഭൂമിശാസ്ത്രപരമായ അറിവിനെയും പ്രതിരോധ തന്ത്രങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.
‘മറാഠാ സൈനിക ഭൂപ്രകൃതികൾ’ ഉൾപ്പെടുത്തിയതിന് പിന്നാലെ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി
രാജ്യത്തിന് അഭിമാനകരമായ അംഗീകാരമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. 2021-25 കാലയളവിലെ യുനെസ്കോ ലോക പൈതൃക സമിതിയിൽ ഇന്ത്യ അംഗമായെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു.
ഓരോ ഇന്ത്യക്കാരനും ഈ അംഗീകാരത്തിൽ ആഹ്ളാദിക്കുന്നു. ഈ ‘മറാഠാ സൈനിക ഭൂപ്രകൃതികളിൽ’ 12 ഗംഭീരമായ കോട്ടകൾ ഉൾപ്പെടുന്നു, അവയിൽ 11 എണ്ണം മഹാരാഷ്‌ട്രയിലും ഒരെണ്ണം തമിഴ്‌നാട്ടിലുമാണ്. സദ്ഭരണം, സൈനിക ശക്തി, സാംസ്‌കാരികത, സാമൂഹിക ക്ഷേമത്തിനായുള്ള ഊന്നൽ എന്നിവയുള്‍പ്പെടെ മഹത്തായ മറാഠി സാമ്രാജ്യത്തെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു. ഒരു അനീതിക്കും വഴങ്ങാതിരുന്ന മഹാനായ ഭരണാധികാരികൾ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഈ കോട്ടകൾ സന്ദർശിക്കാനും സാമ്രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും ചരിത്രത്തെയും കുറിച്ച് പഠിക്കാനും പൗരന്മാരോട് ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: