ജന്മനക്ഷത്രത്തിന് ഒരു മനുഷ്യന്റെ സ്വഭാവത്തെയും ഭാഗ്യാനുഭവങ്ങളെയും ഒരു പരിധിവരെ സ്വാധീനിക്കാൻ സാധിക്കും. ചില ജന്മനക്ഷത്രത്തിലുള്ള സ്ത്രീകൾ ഭർത്താവിന് ഭാഗ്യമായി മാറും എന്നൊരു വിശ്വാസമുണ്ട്.
അശ്വതി: ആത്മവിശ്വാസികളും ധൈര്യശാലികളുമാണിവർ. കുടുംബവും ജീവിതവും സന്തോഷകരമായ അന്തരീക്ഷവും വേണമെന്ന് ആഗ്രഹിക്കുന്നവർ. അശ്വതി നക്ഷത്രക്കാരായ സ്ത്രീകൾ ജീവിത പങ്കാളിക്ക് ഭാഗ്യമാണ്. സൗന്ദര്യമുള്ളവരും ധനസ്ഥിതിയുള്ളവരുമായിരിക്കും. ഇവരോട് സംസാരിക്കുന്നതും ഇവരുമായുള്ള കൂട്ടുകെട്ടും ഐശ്വര്യപ്രദമായിരിക്കും. ശുദ്ധമനസും ഈശ്വര ഭക്തിയും ഗുരുഭക്തിയുമുള്ളവരാണിവർ. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും രാഷ്‌ട്രീയ രംഗത്തും നല്ലപോലെ ശോഭിക്കുവാൻ കഴിയും.
രോഹിണി: രോഹിണി നക്ഷത്രക്കാരുടെ സാമീപ്യം ഗൃഹത്തിന് ഐശ്വര്യമാണ്. രോഹിണി നക്ഷത്രക്കാരുടെ വിവാഹജീവിതം പൊതുവേ നന്നായിരിക്കും. രോഹിണിയിൽ ജനിച്ച സ്ത്രീകൾ സ്നേഹനിധികളായ ഭാര്യമാരും വാത്സല്യമുളള അമ്മമാരും ആയിരിക്കും. ക്ഷമയുള്ള നല്ല പങ്കാളി ആയിരിക്കും. ഇവരുടെ പ്രവൃത്തികൾ മറ്റുളളവരെ ആകർഷിക്കും.
കാർത്തിക: ദാമ്പത്യ ജീവിതം പൊതുവേ സന്തോഷകരമായിരിക്കും. താരതമ്യേന കുറഞ്ഞ പ്രായത്തിൽ വിവാഹം നടക്കും.എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുകയും, ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ക്രമീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യും. സംഗീതത്തിലും നൃത്തത്തിലും താൽപര്യം കാണും. കുറഞ്ഞത് ആസ്വാദകരെങ്കിലും ആയിരിക്കും. സ്വന്തം പ്രവൃത്തികൊണ്ടു മാത്രമേ കാർത്തികക്കാർക്ക് ഉയർച്ച ഉണ്ടാവുകയുളളൂ.
പുണർതം: വിട്ടുവീഴ്ചാമനോഭാവമാണ് ഇവരുടെ പ്രത്യേകത. ക്ഷമാശീലമുള്ളവരാണ്. ഇവർ ബുദ്ധിശാലികളും വിശാല മനസ്കരും സൗമ്യതയും ഉളളവരും ആയിരിക്കും. പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പുണ്യകാര്യങ്ങളിൽ തൽപരരും അഹന്ത ഇല്ലാത്തവരും നല്ല സ്വഭാവവും ഗാർഹിക കാര്യങ്ങളിൽ തൽപരരും ഭർതൃസാമീപ്യത്തോടു കൂടിയവരും ആയിരിക്കും.
മകം: മകം പിറന്ന മങ്ക എന്നതുപോലെ മകം സ്ത്രീകൾക്കു നല്ലതാണ്. ലക്ഷ്യബോധത്തോടെയുളള ജീവിതമായിരിക്കും. പൊതുവേ നല്ല ആരോഗ്യസ്ഥിതിയും സാമ്പത്തിക നിലയും ഇവർക്കുണ്ടാവും. ആത്മാർത്ഥതയും നിസ്വാർത്ഥ സേവനവും ഉള്ളവരാണിവർ. സ്വന്തം പ്രയത്നത്തിലൂടെ സമ്പാദിക്കും. കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാൻ മിടുക്കരായിരിക്കും. മകം നക്ഷത്രക്കാരി ഒരു വീട്ടിലുണ്ടെങ്കിൽ അധികാര കേന്ദ്രം അവളിലായിരിക്കും.
ഉത്രം : ഉത്രം നക്ഷത്രത്തിലുള്ള സ്ത്രീകൾ തൊടുന്നതെല്ലാം പൊന്ന് എന്നാണ് പ്രമാണം. നേതൃപാടവവും വ്യക്തിത്വപ്രഭാവവും ഉന്നതപദവികളിലെത്തിച്ചേരുന്നവരും സുഖലോലുപതയോടു കൂടിയ ജീവിതം നയിക്കുന്നവരായിരിക്കും ഇവർ. ഇവർ ശാന്തരായിരിക്കും. സമാധാനകാംക്ഷികളായ ഇവർ നല്ല വാക്കുകൾ ഇഷ്ടപ്പെടുന്നു. കഴിവതും ആരോടും ശത്രുത പുലർത്താൻ ഇഷ്ടപ്പെടാത്തവരായിരിക്കും.
ചിത്തിര: ചിത്തിര നക്ഷത്രക്കാർ മന:ശക്തിയുള്ളവരായിരിക്കും. മിക്ക കാര്യങ്ങളും മുൻകൂട്ടികാണാനുള്ള ഒരു പ്രത്യേക കഴിവുണ്ട് . ഭർത്താവിനുണ്ടാവുന്ന പ്രതിസന്ധിഘട്ടങ്ങളിൽ ഉചിതമായ ഇടപെടലിലൂടെ കാര്യങ്ങൾ വരുതിയിലാക്കും. ഇക്കൂട്ടർ നൽകുന്ന മാനസിക പിന്തുണ പങ്കാളിയുടെ ഉയർച്ചക്ക് കാരണമാകും. ഉയര്‍ച്ചയില്‍ ആഗ്രഹമുള്ളവരാണ്. മറ്റുള്ളവരെയും ഇക്കാര്യത്തിൽ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഇവര്‍ പങ്കാളിയോട് പെരുമാറ്റത്തില്‍ കണിശക്കാരായിരുന്നാലും ദയാലുക്കളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: