ലാഹോർ: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മക്കൾ രാജ്യത്ത് എത്തി അവരുടെ പാർട്ടി സംഘടിപ്പിക്കുന്ന ഏതെങ്കിലും അക്രമ പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടിയെടുക്കുമെന്ന് ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാക്കൾ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. പിഎംഎൽ-എൻ നേതാക്കളുടെ മുന്നറിയിപ്പ് ഭരണകക്ഷിയും പ്രതിപക്ഷമായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫും (പിടിഐ) തമ്മിലുള്ള സംഘർഷം കൂടുതൽ വർദ്ധിപ്പിച്ചു.
പി.ടി.ഐ പാർട്ടിയുടെ ‘ഇമ്രാൻ ഖാൻ ഫ്രീ മൂവ്‌മെന്റ്’ പ്രതിഷേധ പദ്ധതിയെ പരാജയപ്പെടുത്താനുള്ള ഷഹബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രസ്താവനയെന്നാണ് ആക്ഷേപം. മറിയം നവാസിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിന്റെ ഒരു കാബിനറ്റ് അംഗം വെള്ളിയാഴ്ച ഖാന്റെ മക്കൾ ഏതെങ്കിലും അക്രമ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിൽ നിന്നും പാകിസ്ഥാനിലേക്ക് വന്നാൽ കർശനമായി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.
പിടിഐ രക്ഷാധികാരി ഇമ്രാൻ ഖാന്റെ മക്കളെ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് പഞ്ചാബ് ഇൻഫർമേഷൻ മന്ത്രിയും പിഎംഎൽ-എൻ നേതാവുമായ അസ്മ ബുഖാരി പറഞ്ഞു. ഒരു മകന് തന്റെ പിതാവിനെ കാണാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ കുട്ടികളെ ഉപയോഗിച്ച് അസ്വസ്ഥത സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നവരെ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മറുവശത്ത് തന്റെ മക്കൾ പിതാവിനോട് സംസാരിക്കുന്നത് പാകിസ്ഥാൻ സർക്കാർ തടയുകയും പാകിസ്ഥാൻ സന്ദർശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ജെമീമ ആരോപിച്ചു. തന്റെ കുട്ടികൾക്ക് അവരുടെ പിതാവിനോട് ഫോണിൽ സംസാരിക്കാൻ അനുവാദമില്ല. അദ്ദേഹം ഏകദേശം രണ്ട് വർഷമായി ജയിലിൽ ഏകാന്തതടവിലാണെന്നും ജെമീമ പറഞ്ഞു.
അദ്ദേഹത്തെ കാണാൻ അവിടെ പോയാൽ അവരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കുമെന്ന് പാകിസ്ഥാൻ സർക്കാർ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ഒരു ജനാധിപത്യത്തിലും ഇത് സംഭവിക്കുന്നില്ല. ഇത് രാഷ്‌ട്രീയമല്ല. ഇത് വ്യക്തിപരമായ പകപോക്കലാണെന്നും അവർ പറഞ്ഞു.
ഇമ്രാൻ ഖാന്റെ മകൻ പാകിസ്ഥാനിൽ പിടിഐയുടെ ഏതെങ്കിലും അക്രമാസക്തമായ പ്രതിഷേധത്തിൽ പങ്കെടുത്താൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് റാണ സനാവുള്ള മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജെമീമ ഗോൾഡ്‌സ്മിത്തിന്റെ പ്രസ്താവന
നേരത്തെ ഓഗസ്റ്റ് 5 മുതൽ ആരംഭിക്കുന്ന പിടിഐ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തന്റെ അനന്തരവൻമാരായ സുലൈമാനും ഖാസിമും പാകിസ്ഥാനിലേക്ക് വരുമെന്ന് ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അടുത്തിടെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: