മുംബൈ : ഇടതുപക്ഷ തീവ്രവാദ സംഘടനകളുടെയും, സമാന സംഘടനകളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കവുമായി മഹാരാഷ്‌ട്ര സർക്കാർ. മഹാരാഷ്‌ട്ര പബ്ലിക് സെക്യൂരിറ്റി ബിൽ 2024 എന്ന് പേരിട്ടിരിക്കുന്ന ബിൽ സംസ്ഥാന നിയമസഭയിൽ ശബ്ദവോട്ടിലൂടെ പാസാക്കി.
“ഇടതുപക്ഷ തീവ്രവാദ സംഘടനകളുടെയോ സമാന സംഘടനകളുടെയോ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫലപ്രദമായി തടയുന്നതിന് വ്യവസ്ഥ ചെയ്യുക” എന്ന ഉദ്ദേശ്യത്തോടെയുള്ള ബിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയിൽ അവതരിപ്പിച്ചു എന്നാണ് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത് .
റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയുടെ നേതൃത്വത്തിലുള്ള 25 അംഗ സംയുക്ത സമിതിയാണ് ഇത് അവലോകനം ചെയ്തത്. അതിൽ നിരവധി മുതിർന്ന നേതാക്കളും ഉൾപ്പെടുന്നു. പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ബിൽ അന്തിമമാക്കിയതെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.
“കരട് അന്തിമമാക്കുന്നതിന് മുമ്പ് ഞങ്ങൾ പൊതുജനങ്ങളിൽ നിന്നുള്ള 12,500-ലധികം നിർദ്ദേശങ്ങളും എതിർപ്പുകളും പഠിച്ചു. തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന നിയമങ്ങളേക്കാൾ കൂടുതൽ സന്തുലിതവും പുരോഗമനപരവുമായ നിയമമാണിത്,” മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിൽ നിലവിൽ 64 ഇടതുപക്ഷ സംഘടനകൾ സജീവമാണെന്ന് അദ്ദേഹം പറഞ്ഞു.
അക്രമം, ഗറില്ലാ യുദ്ധം, നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുക തുടങ്ങിയ വ്യക്തികളെയും സംഘടനകളെയും നിരോധിക്കാനാണ് ബിൽ ശ്രമിക്കുന്നത്. നിയമവിരുദ്ധമായ പ്രവർത്തനത്തിനുള്ള ശിക്ഷ 2 മുതൽ 7 വർഷം വരെയാണ്.
അതേസമയം ബില്ലിനെക്കുറിച്ച് പ്രതിപക്ഷം ആശങ്കകൾ ഉന്നയിക്കുന്നുണ്ട് . നിയമസഭയിലെ ഏക സിപിഐ (മാർക്സിസ്റ്റ്) എംഎൽഎ വിനോദ് നിക്കോൾ ബില്ലിനെ എതിർത്ത് രംഗത്തെത്തി.എന്നാൽ ബിൽ ഇടതു പാർട്ടികളെയോ സർക്കാരിനെ വിമർശിക്കുന്നവരെയോ ലക്ഷ്യം വച്ചുള്ളതല്ലെന്ന് പ്രതിപക്ഷത്തിന്റെ ആശങ്കകൾ ദൂരീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.
“ചില അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാൽ ഈ നിയമം ഒരു ഇടതുപക്ഷ രാഷ്‌ട്രീയ പാർട്ടിക്കും എതിരല്ല. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന സംഘടനകൾക്കെതിരെയാണിത്. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കാണ്. സിപിഐ അല്ലെങ്കിൽ സിപിഎം പോലുള്ള ഇടതുപക്ഷ പാർട്ടികൾക്ക് എതിരല്ല. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുണ്ടെങ്കിലും ഞങ്ങൾ വാസ്തവത്തിൽ അവരെ ബഹുമാനിക്കുന്നു. . നമ്മുടെ രാജ്യത്തെ സ്ഥാപിതമായ സ്ഥാപനങ്ങളെ തകർക്കുക എന്നതാണ്. അവർക്കെതിരെ നടപടിയെടുക്കും, ”ഫഡ്‌നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: