ടെഹ്റാന്‍ : ഇറാന്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തൊട്ടുപിന്നാലെ മിസൈല്‍ പ്രതിരോധസംവിധാനവും മിസൈലുകള്‍ക്ക് ആവശ്യമായ ബാറ്ററികളും ചൈനയില്‍ നിന്നും ഒഴുകുന്നതായി റിപ്പോര്‍ട്ട്. മിസൈലുകള്‍ക്ക് ബദലായി പണമല്ല, എണ്ണടാങ്കുകളാണ് ഇറാന്‍ ചൈനയ്‌ക്ക് നല്‍കുക. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന.
എന്നാല്‍ മിസൈല്‍ പ്രതിരോധസംവിധാനങ്ങളും മിസൈല്‍ ബാറ്ററികളും ഏതാണെന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. എന്തായാലും ഈ വാര്‍ത്ത ഇസ്രയേലിന് ഞെട്ടലുളവാക്കിയിട്ടുണ്ട്. കാരണം ചൈന ഇറാനുമായി ആയുധഇടപാട് നടത്തുമെന്ന് ഇസ്രയേല്‍ കരുതിയിരുന്നില്ല. 12 ദിവസത്തെ യുദ്ധം തീര്‍ന്നയുടന്‍ അതിവേഗം ഇറാന്‍ ആയുധപ്പുര സജീവമാക്കുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. യുദ്ധത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ട്രംപും നെതന്യാഹുവും ജൂലായ് 13ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
36 ചെങ്ഡു ജെ10 സി എന്ന യുദ്ധജെറ്റും ചൈന നല്‍കുമോ?
ചൈനയുടെ 36 ചെങ്ഡു ജെ10സി എന്ന യുദ്ധവിമാനം വാങ്ങാനും ഇറാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഖൊര്‍ദാദ് ശ്രേണിയില്‍പ്പെട്ട ബാറ്ററികളും ബാവര്‍-373 ബാറ്ററികളും ആണ് ചൈന നല്‍കിയതെന്ന് പറയുന്നു. എച്ച് ക്യു9, എച്ച് ക്യു-9ബി എന്നീ മിസൈലിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ആണ് ചൈന ഇറാന് നല്‍കുമെന്ന് പറയപ്പെടുന്നു. ഇതിന്റെ കയറ്റുമതി ചെയ്യുന്ന മോഡലുകളെ എഫ് ഡി2000, എഫ് ഡി 2000 ബി എന്നിങ്ങനെയാണ് വിളിക്കുന്നത്. ഇതിനുള്ള പ്രതിഫലം പണമായിട്ടല്ല, എണ്ണയായാണ് ഇറാന്‍ നല്‍കുക.
റഷ്യയുടെ ആയുധങ്ങളില്‍ ഇറാന് നിരാശ
നേരത്തെ റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനമാണ് ഇറാന്‍ വാങ്ങിയിരുന്നത്. ഏകദേശം 100 കോടി ഡോളര്‍ നല്‍കിയും ഒരു വര്‍ഷത്തോളം കാത്തിരുന്നും ആണ് ഇത് ഇറാന് ലഭിച്ചത്. പക്ഷെ ഇസ്രയേലിനെതിരായ യുദ്ധത്തില്‍ എസ് 300 ഫലപ്രദമായിരുന്നില്ലെന്ന് ഇറാന്‍ പറയുന്നു. അതിനാലാണ് ഇക്കുറി റഷ്യയെ വിട്ട് ഇറാന്‍ ചൈനയെ പിടിക്കുന്നത്. ഇത് ആയുധരംഗത്ത് ചൈനയുടെ മേധാവിത്വം വളരുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ചൈനയും ഇറാനും തമ്മിലുള്ള എണ്ണ ഇടപാട് വര്‍ധിക്കുന്നതില്‍ യുഎസിന് ആശങ്കയുണ്ട്. അതേ സമയം, ഇസ്രയേല്‍ ഇറാനെതിരെ സംഹാരതാണ്ഡവം ആടിയപ്പോള്‍ ചൈനയും റഷ്യയും യുദ്ധത്തില്‍ ഇടപെടാതെ ഇറാനില്‍ നിന്നും അകലം പാലിച്ചാണ് നിലകൊണ്ടത്.
12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ ഇറാന്റെ ആകാശമേഖലയില്‍ ആധിപത്യം നേടിയിരുന്നു. ഇസ്രയേല്‍ ഇറാന്റെ ബലിസ്റ്റിക് മിസൈലുകള്‍ അയയ്‌ക്കാനുള്ള ലോഞ്ച് പാഡുകള്‍ തകര്‍ക്കുകയും ഇറാന്റെ സൈനികമേധാവികളെയും ആണവശാസ്ത്രജ്ഞരെയും വധിക്കുകയും ചെയ്തിരുന്നു. ഇറാനും തിരിച്ച് ഇസ്രയേലിലെ ഹൈഫയിലും ടെല്‍ അവീവിലും ഫലപ്രദമായി ബലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
ചൈനയുമായി ഇറാന്‍ 1980ല്‍ ഇടപാട് തുടങ്ങി
1980കള്‍ മുതലേ ഇറാന് ചൈന മിസൈലുകള്‍ നല്‍കിയിരുന്നു. 1980കളിലെ ഇറാഖ് യുദ്ധകാലത്ത് ചൈന നേരിട്ടല്ല, വടക്കന്‍ കൊറിയ വഴിയാണ് ഇറാന് മിസൈലുകള്‍ നല്‍കിയത്. അന്ന് എച്ച് വൈ-2 സില്‍ക് വേം ക്രൂസ് മിസൈലുകള്‍ ആണ് ചൈന ഇറാന് നല്‍കിയത്. ഈ മിസൈല്‍ അന്ന് ഇറാന്‍ കുവൈത്തിലേക്ക് അയച്ചിരുന്നു.
2010ല്‍ ചൈന നേരിട്ട് എച്ച് ക്യു 9 എന്ന വിമാനവേധ മിസൈലുകള്‍ ഇറാന് നല്‍കി. റഷ്യയും ഇറാന് ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം റഷ്യ നേരത്തെ ഇറാന് നല്‍കിയിരുന്നു. പക്ഷെ ഇപ്പോഴത്തെ ശക്തമായ ആയുധങ്ങള്‍ ചൈനയോ റഷ്യയോ ഇറാന് നല്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: