കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ഇരുമ്പ് കമ്പി താഴേക്ക് പതിച്ച് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. നീരാവിൽ സ്വദേശി സുധീഷിനും (40) വട്ടിയൂർക്കാവ് സ്വദേശിയും അദ്ധ്യാപികയുമായ ആശയ്‌ക്കുമാണ് (52) പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം.
മെയിലിൽ വന്നിറങ്ങിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുന്നതിനിടെ നാലുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും നീളമുള്ള കമ്പി യാത്രക്കാരുടെ തലയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം.
കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയില്‍ നിന്ന് കമ്പി തെന്നി വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: