പെഷവാർ : പാകിസ്ഥാനിൽ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞുനിർത്തി തീവ്രവാദികൾ ഒൻപത് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബലൂചിസ്ഥാനിലെ സോബ് മേഖലയിലാണ് ഈ ദാരുണമായ സംഭവം നടന്നത്.
കലേതയിൽ നിന്ന് ലാഹോറിലേക്ക് പോകുകയായിരുന്ന ഒരു പാസഞ്ചർ ബസ് N-40 റൂട്ടിൽ തീവ്രവാദികൾ തടഞ്ഞു. ഇതിനുശേഷം ബസിലെ യാത്രക്കാരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുകയും പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ഒമ്പത് പുരുഷ യാത്രക്കാരെ തിരഞ്ഞെടുത്ത് തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പിന്നീട് അവരെ കൊലപ്പെടുത്തുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ യാത്രക്കാരിൽ ഭൂരിഭാഗവും മാണ്ഡി ബഹാവുദ്ദീൻ, ഗുജ്രൻവാല, വസീറാബാദ് എന്നിവിടങ്ങളിലെ താമസക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി ഒന്നര മണിക്കൂറിനുള്ളിൽ അവരുടെ മൃതദേഹങ്ങൾ സമീപത്തുള്ള കുന്നിൻ പ്രദേശത്ത് ഒരു പാലത്തിനടിയിൽ കണ്ടെത്തി. എല്ലാവരെയും വളരെ അടുത്തുനിന്ന് വെടിവച്ചു കൊല്ലുകയായിരുന്നു.
പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ ഹബീബുള്ള മുസാഖേൽ പറയുന്നതനുസരിച്ച് ഏകദേശം 10 മുതൽ 12 വരെ തീവ്രവാദികൾ ആക്രമണത്തിൽ പങ്കെടുത്തെന്നാണ്. വിവരമറിഞ്ഞ് എത്തിയ സുരക്ഷാ സേനയ്‌ക്ക് നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജികൾ), ഓട്ടോമാറ്റിക് ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് അവർ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. സുരക്ഷാ സേന അവരെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
അതേ സമയം പാകിസ്ഥാൻ സർക്കാരും ബലൂചിസ്ഥാൻ ഭരണകൂടവും ഇതിനെ ആസൂത്രിതമായ ഭീകരാക്രമണമാണെന്ന് വിശേഷിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഗാധമായ അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികളെ ഉടൻ പിടികൂടി കഠിനമായ ശിക്ഷ നൽകുമെന്ന് വാഗ്ദാനവും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: