തിരുവനന്തപുരം: യെമെനിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകൻ ചാണ്ടി ഉമ്മൻ എംഎൽഎയും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പ് നൽകി ഗവർണർ.
കേന്ദ്രസർക്കാർ പ്രതിനിധികൾ അടക്കമുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തിവരുകയാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. നിമിഷ പ്രിയ നിരപരാധിയാണെന്ന് ഉമ്മൻചാണ്ടിക്ക് ബോധ്യപ്പെട്ടിരുന്നതായും അതിനാൽ, അവരെ മോചിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നതായും മറിയാമ്മ വിശദീകരിച്ചു. ഫലം കാണാതെയാണ് അദ്ദേഹം മരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷിക തലേന്ന് നിമിഷയുടെ വധശിക്ഷ നടപ്പിലാക്കുന്നു. വാർത്ത കേട്ടപ്പോൾ മുതൽ വല്ലാത്തൊരു തേങ്ങലുണ്ടെന്നും മറിയാമ്മ ഉമ്മൻ ഗവർണറോട് പറഞ്ഞു.
ആ കുട്ടി നിരപരാധിയാണ്, കുടുക്കിൽപെട്ടതാണ് എന്ന് ഉമ്മൻ ചാണ്ടിക്ക് ബോധ്യമുണ്ടായിരുന്നു. ഗവർണർ എന്ന നിലയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണമെന്ന് അപേക്ഷിക്കുകയാണെന്നും വികാരമായ്‌പ്പോടെ മറിയാമ്മ ഉമ്മൻ പറഞ്ഞു. തുടർന്ന് ഗവർണർ ദൽഹിയിലും ഗൾഫിലും ഔദ്യോഗികമായും അല്ലാതെയും സ്വാധീനമുള്ള പലരുമായി ആശയവിനിമയം നടത്തി. ശ്രമം തുടരുകയാണെന്നും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
















