മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ അക്കൗണ്ടില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയ കേസില്‍ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. വേദിക പ്രകാശ് ഷെട്ടി (32)യെയാണ് ജുഹു പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.
2022 മേയ് മുതല്‍ 2024 ആഗസ്ത് വരെ പിഎയായിരുന്ന വേദിക, ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ആലിയയുടെയും അക്കൗണ്ടുകളില്‍ 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തി. നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും കൈകാര്യം ചെയ്തിരുന്ന പ്രതി വ്യാജ ബില്ലുകള്‍ തയാറാക്കിയ ശേഷം ആലിയയില്‍നിന്ന് ഒപ്പു വാങ്ങി പണം തട്ടുകയായിരുന്നു. യാത്രകള്‍, ഇവന്റുകള്‍ എന്നിവയുടെ പേരിലായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ തട്ടിയെടുത്തിരുന്ന പണം സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. ഇതിനുശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. ആലിയയുടെ അമ്മ സോണി റസ്ദാന്‍ നല്‍കിയ പരാതിയിലാണ് ജുഹു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ വേദിക ഒളിവില്‍ പോയി. രാജസ്ഥാന്‍, കര്‍ണാടക, പൂനെ എന്നിവിടങ്ങളില്‍ താമസിച്ചുവരികയുമായിരുന്നു. ബെംഗളൂരുവില്‍നിന്നു പിടികൂടിയ പ്രതിയെ പോലീസ് മുംൈബയിലെത്തിച്ചു.















