ഭോപ്പാല്‍: കേരളത്തിലെ നിലമ്പൂര്‍ വനത്തില്‍ ജനിച്ച ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായ വത്സല ചരിഞ്ഞു. 100 വയസില്‍ കൂടുതല്‍ പ്രായം കണക്കാക്കപ്പെടുന്ന വത്സല മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം. ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് വത്സലയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതായി മധ്യപ്രദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വാര്‍ദ്ധക്യത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടിരുന്നതിനാല്‍ ഏറെ നാളുകളായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വത്സല.
1971ലാണ് വത്സലയെ കേരളത്തില്‍ നിന്ന് മധ്യപ്രദേശിലെ നര്‍മ്മദാപുരത്തേക്ക് കൊണ്ടുവന്നത്. പിന്നീട് ആനയെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വര്‍ഷങ്ങളോളം പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണം ആയിരുന്നു വത്സല. ഏറ്റവും പ്രായം കൂടിയ ആനയായതിനാല്‍ റിസര്‍വിലെ മുഴുവന്‍ ആനക്കൂട്ടത്തെയും നയിച്ചിരുന്നത് വത്സലയായിരുന്നു. അതിനാല്‍തന്നെ മറ്റ് പെണ്ണാനകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമ്പോള്‍ വത്സല ഒരു മുത്തശ്ശിയെ പോലെ പരിചരിച്ചിരുന്നതായി കടുവാസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മുന്‍കാലുകളിലെ നഖങ്ങളില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് റിസര്‍വിലെ ഹിനൗട്ട പ്രദേശത്തെ ഖൈരയാന്‍ ജലാശയത്തിന് സമീപം കുഴഞ്ഞുവീണു. എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം നടക്കാതെ വന്നതോടെ ഇവിടെവെച്ച് തന്നെ വത്സലക്ക് ചികിത്സ നല്‍കി വരികയായിരുന്നു. ഒടുവില്‍ ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.











