2013 ലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതല ഏറ്റെടുത്തത്. ഭാരതത്തിന്റെ പൊതുമേഖലാ ബാങ്കുകളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനിന്ന ആശങ്കകള്‍ കഴമ്പുള്ളതാണെന്ന് ബോധ്യമുണ്ടായിരുന്ന രഘുറാം രാജന്‍, ആസ്തി ഗുണനിലവാര പരിശോധന എന്ന പ്രക്രിയയ്‌ക്ക് തുടക്കം കുറിച്ചു.
ബാങ്ക് വായ്‌പകളിലെ നിഷ്‌ക്രിയ ആസ്തി ശരിയായ രീതിയില്‍ തരംതിരിച്ച് വേണ്ടത്ര വകയിരുത്തല്‍ നടത്തി ബാങ്കുകളുടെ ആരോഗ്യസ്ഥിതി സുതാര്യമാക്കുകയും അവയുടെ വിശ്വാസ്യത ഉറപ്പിക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ പ്രക്രിയ കഴിഞ്ഞപ്പോഴാണ് ഒരുപാട് നിഷ്‌ക്രിയ ആസ്തികള്‍ മൂടിവയ്‌ക്കപ്പെട്ടിരിക്കുകയായിരുന്നു എന്നും കുറെയേറെ വായ്‌പകള്‍ ആ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ബാങ്കുകളുടെ ആരോഗ്യസ്ഥിതി പരിതാപകരമെന്നുമുള്ള വസ്തുത വെളിവാകുന്നത്. ഇതേത്തുടര്‍ന്ന് പുതിയ വായ്‌പകള്‍ നിര്‍ത്തി വയ്‌ക്കുന്നത് അടക്കമുള്ള, തിരുത്തല്‍ നടപടിക്രമങ്ങളിലേക്കു (Preventive Corrective Framework) നീങ്ങാന്‍ പല ബാങ്കുകളും നിര്‍ബന്ധിതരാവുകയും അത് അവരുടെ സാധാരണ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയും ചെയ്തു. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ബാങ്കിങ് മേഖല നേരിടുന്നുണ്ടായിരുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമായി. അസറ്റ് ക്വാളിറ്റി റിവ്യൂ കഴിഞ്ഞപ്പോഴേക്കും പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുടെ ശതമാനം ഇരട്ടയക്കവും കടന്ന് ഏകദേശം 14 ശതമാനത്തിനും മേലെയായി. ഇത് വളരെ ആശങ്കാകുലമായ സ്ഥിതിവിശേഷമായിരുന്നു. കാരണം ഇത്രയും നിഷ്‌ക്രിയ ആസ്തികള്‍ക്ക് വകയിരുത്തല്‍ ( provisioning) നടത്തുമ്പോഴേക്കും ബാങ്കുകള്‍ നഷ്ടത്തിലായെന്നു മാത്രമല്ല പല ബാങ്കുകളുടെയും മൂലധനം തന്നെ തുടച്ചുനീക്കപ്പെടുന്ന അവസ്ഥയുണ്ടായി.
എന്താണ് ഇത്തരം ഒരു സാഹചര്യത്തിലേക്ക് നയിച്ചത്? വായ്‌പ അനുവദിക്കുന്നതിലെ ബാഹ്യമായ സ്വാധീനം- പ്രത്യേകിച്ചും ഭരണകൂടത്തില്‍ നിന്നുള്ള വഴിവിട്ട ഇടപെടല്‍ പ്രധാന കാരണമായിരുന്നു. കുടിശ്ശികക്കാരനായിരുന്ന വിജയ് മല്ല്യ ബ്രിട്ടീഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്കു വായ്‌പ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ കേന്ദ്രമന്ത്രിസഭയിലെ പ്രധാനികളിലൊരാള്‍ തന്നെ ബാങ്കിനെ സ്വാധീനിച്ചു എന്ന് വെളിപ്പെടുത്തിയിരുന്നു. അധികാര ദല്ലാളുകള്‍ പ്രമുഖ ദേശീയ പത്രങ്ങളിലെ ക്ലാസിഫൈഡ് കോളത്തില്‍ പരസ്യം കൊടുത്തുപോലും ഇടപാടുകാരെ സംഘടിപ്പിക്കാന്‍ ധൈര്യം കാണിച്ചിരുന്ന യുപിഎ ഭരണകാലത്തു ഇതൊക്കെ വളരെ സ്വാഭാവികമായിരുന്നു. രണ്ടാമത്തേത് ബാങ്കുകളുടെ തലപ്പത്തിരുന്നവരുടെ നിസ്സഹായത അഥവാ നിഷ്‌ക്രിയത. മൂന്നാമത്തേത് കഴിവും ആര്‍ജവവും ഉള്ളവര്‍ മാത്രമാണ് ബാങ്കുകളുടെ നേതൃനിരയിലേക്ക് വരുന്നത് എന്ന് ഉറപ്പുവരുത്തുന്ന നിയമന പ്രക്രിയയുടെ അഭാവം. ഇവയെല്ലാം ഈ ദുരവസ്ഥക്കു കാരണമായിരുന്നു.
ബാങ്കിങ് മേഖല എന്നുള്ളത് സമ്പദ്ഘടനയുടെ നട്ടെല്ലാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഈ മേഖലയെ തിരിച്ചുപിടിക്കുക എന്നുള്ളത് മോദി സര്‍ക്കാരിന്റെ മുന്‍ഗണനയായിരുന്നു. ബാങ്ക് മേധാവികളുടെ കോണ്‍ക്ലേവ് വിളിച്ചു കൂട്ടുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. ആദ്യത്തേത് നടന്നത് ഗുഡ്ഗാവിലെ സ്റ്റേറ്റ് ബാങ്ക് അക്കാദമിയില്‍ വെച്ചായിരുന്നു. അന്നത്തെ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റലി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പങ്കെടുത്ത ബാങ്ക് മേധാവികളുടെ യോഗത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ യാതൊരുവിധ ബാഹ്യ സ്വാധീനവും ഉണ്ടാവുകയില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പകരമായി ആവശ്യപ്പെട്ടത് പൂര്‍ണമായ പ്രൊഫഷണലിസവും ഉത്തരവാദിത്തവും നടത്തിപ്പില്‍ കൊണ്ടുവന്ന് തൃപ്തികരമായ പ്രകടനം കാഴ്ചവയ്‌ക്കും എന്ന ഉറപ്പായിരുന്നു. ആറു മാസത്തിനു ശേഷം പൂനയില്‍ വച്ച് സമാനമായ യോഗം വീണ്ടും നടത്തി. പുരോഗതി വിലയിരുത്തുകയും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ഉറപ്പിക്കുകയും ചെയ്തു.
2. നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്താന്‍ ബാങ്കിങ് നിക്ഷേപങ്ങള്‍ക്കുണ്ടായിരുന്ന ഇന്‍ഷുറന്‍സ് കവറേജ് ഒരു ലക്ഷത്തില്‍ നിന്ന് 5 ലക്ഷം ആക്കി ഉയര്‍ത്തി. 3. ബാങ്കിങ് മേഖലയിലെ മേലധികാരികളുടെ പ്രവര്‍ത്തന ശേഷി ഉറപ്പു വരുത്താനും നിയമന പ്രക്രിയ കുറ്റമറ്റതാക്കാനും വേണ്ടി ബാങ്ക് ബോര്‍ഡ് ബ്യൂറോ സ്ഥാപിച്ചു. ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളാണ് ബാങ്കുകളുടെ മേലധികാരികളായി വരുന്നതെന്ന് ഉറപ്പിക്കാന്‍ ഇതിലൂടെ കഴിഞ്ഞു.
4. നോട്ടുനിരോധനത്തെ തുടര്‍ന്നു കടലാസു കമ്പനികളുടെ 233,000 ത്തോളം അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു.
5. പൊതുമേഖല ബാങ്കുകളുടെ മൂലധന പര്യാപ്തത ഉറപ്പു വരുത്താന്‍ 2014- 19 കാലഘട്ടത്തില്‍ 3.10 ലക്ഷം കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കി.
6. ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് ( ഐബിസി) പ്രാബല്യത്തില്‍ വരുത്തി. തൃപ്തികരമല്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനി കളെയും മറ്റും ഏറ്റെടുത്തു നടത്താനും ആവശ്യമെങ്കില്‍ ലിക്വിഡേറ്റ് ചെയ്യാനും ബാങ്കുകള്‍ക്ക് അധികാരം നല്‍കിയ ഈ നീക്കം വ്യവസ്ഥയെ മുതലെടുക്കുന്ന കോര്‍പറേറ്റുകള്‍ക്കുള്ള വ്യക്തവും ശക്തവുമായ മുന്നറിയിപ്പ് കൂടിയായിരുന്നു. വായ്‌പക്കാരുടെ അച്ചടക്കവും സ്വയം നിയന്ത്രണവും മെച്ചപ്പെടുത്താന്‍ ഇത് സഹായിച്ചു.
7.നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍) സ്ഥാപിച്ചു. ബാഡ് ബാങ്ക് എന്ന അപരനാമത്തിലറിയപ്പെട്ട ഈ സ്ഥാപനം നിഷ്‌ക്രിയ ആസ്തികളില്‍ കുടുങ്ങിക്കിടന്ന പണം എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സഹായകമായി.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയപരിപാടികളുടെ ഫലം അത്ഭുതാവഹമായിരുന്നു. 2017-18 ല്‍ 87,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ പൊതുമേഖല ബാങ്കുകള്‍ 2024-25 ല്‍ 178,000 കോടിയുടെ ലാഭം രേഖപ്പെടുത്തി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയുടെ അനുപാതം 14.58 ശതമാനത്തില്‍ നിന്നും 2025 മാര്‍ച്ച് ആയപ്പോഴേക്കും 2.3 ശതമാനത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞു. 2015-20 കാലഘട്ടത്തില്‍ ആകെ നഷ്ടം 207,000 കോടി ആയിരുന്നത് 2021-25 കാലഘട്ടത്തില്‍ 522,000 കോടി രൂപ ലാഭമായി മാറി. വികസനത്തിനാവശ്യമായ മൂലധനം
സ്വയം കണ്ടെത്താന്‍ ഇത് ബാങ്കുകളെ പ്രാപ്തരാക്കുന്നു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മൂലധനം കണ്ടെത്തേണ്ട ചുമതല കുറയുകയും ലാഭവിഹിതം കിട്ടാനുള്ള സാഹചര്യം വര്‍ധിക്കുകയുമാണ്.
കൊവിഡിന്റെ രണ്ടു വര്‍ഷങ്ങളെ അതിജീവിച്ചാണ് സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതിനോടൊപ്പം ബാങ്കുകള്‍ ഈ നേട്ടം കൈവരിച്ചത് എന്നത് അതിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. 2018 മുതല്‍ 24 വരെ ആര്‍ബിയുടെ യുടെ അമരത്തിരുന്ന് ബാങ്കിങ് മേഖലയെ സ്തുത്യര്‍ഹമായ രീതിയില്‍ നയിച്ചു ലോകത്തെ ഏറ്റവും നല്ല സെന്‍ട്രല്‍ ബാങ്കര്‍ പുരസ്‌കാരം നേടിയ ശക്തി കാന്ത് ദാസിന്റെ സംഭാവനയും ഇവിടെ സ്മരണീയമാണ്.
പൊതുമേഖല ബാങ്കുകളുടെ ഈ പരിവര്‍ത്തനം മാറ്റത്തില്‍ പങ്ക് വഹിച്ച ഉദ്യോഗസ്ഥര്‍ക്കും ഗുണകരമായി. ചരിത്രത്തില്‍ ആദ്യമായി അവരുടെ പഞ്ച വാര്‍ഷിക ശമ്പളപരിഷ്‌കാരം ഒരു ദിവസം പോലും സമരം ചെയ്യാതെ റെക്കോര്‍ഡ് വേഗത്തില്‍ സാദ്ധ്യമായി. പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ കിടന്നിരുന്ന പെന്‍ഷന്‍കാരുടെ ആവലാതികളും ശ്രദ്ധിക്കപ്പെട്ടു. ഏതായാലും ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ അനിശ്ചിതത്വങ്ങളും വെല്ലുവിളികളും കൊണ്ട് കലുഷിതമാകുമ്പോള്‍ നമ്മുടെ ബാങ്കുകള്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ ശക്തരാകുന്നുവെന്നത് ആശ്വാസകരമാണ്.















