തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരാണ് ഏറ്റവും മികച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന മുംബൈ ആസ്ഥാനമായുള്ള വോട്ട് വൈബ് നടത്തിയ പ്രീ-പോള്‍ സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍ എംപി കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി. തന്റെ എക്‌സ് ഹാന്‍ഡിലാണ് മറ്റൊരാള്‍ പോസ്റ്റു ചെയ്ത സര്‍വേ ഫലം ശശി തരൂര്‍ പങ്കുവെച്ചത്. പോസ്റ്റ് രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, വി.ഡി. സതീശന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ടാഗ് ചെയ്തിട്ടുണ്ട്. 2026 ലെ കേരള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ആണെന്ന് അടുത്തിടെ നടത്തിയ സര്‍വേ ഫലം വെളിപ്പെടുത്തുന്നു എന്നായിരുന്നു ഒരു ആരാധകന്‌റെ പോസ്റ്റ്. ഇതാണ് തരൂര്‍ ഷെയര്‍ ചെയ്തത്.
കോണ്‍ഗ്രസില്‍ നേതൃത്വപരമായ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് എടുക്കുന്നതെന്ന് ഇതേക്കുറിച്ച് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പ്രതികരിച്ചത്.
















