കൊച്ചി:കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അതിവേഗം അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍.സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഈയാഴ്ച തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നതാണ് ഹൈക്കോടതി വിധി. സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ പുതിയ ഫോര്‍മുല തുടരാന്‍ കഴിയും. അപ്പീല്‍ തള്ളിയാല്‍ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടിക മാറ്റേണ്ടതായി വരും.രണ്ടില്‍ ഏതായാലും പ്രവേശനം വൈകുമെന്ന് ഉറപ്പായി കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് കീമിന്റെ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഫീസ് പുതുക്കല്‍ അന്തിമഘട്ടത്തിലാണ്. ഈയാഴ്ച അവസാനത്തോടെ എന്‍ട്രന്‍സ് കമ്മീഷണര്‍ ഓപ്ഷന്‍ ക്ഷണിക്കാനിരുന്നപ്പോഴാണ് ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടി.
















